Women's Day 2023 : ഇരുണ്ട വഴികളിൽ നിന്ന് അഗ്നി'ശോഭ'യോടെ പുറത്തെത്തിയപ്പോൾ ; ഇത് സിനിമകളെ വെല്ലുന്ന കഥ
വിവാഹ ജീവിതത്തിലെ വിഷമതകളില്‍ നിന്നും രക്ഷപെടാനാണ് ഞാന്‍ കൈത്തറി ബിസിനസ് തുടങ്ങിയത്. വസ്ത്രവിപണിയില്‍ ഒരുപാട് വര്‍ഷത്തെ പരിചയമുള്ള കുടുംബത്തിലേയ്ക്ക് എത്തിയതോടെ ആണ് കൈത്തറിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്.
പൂമ്പാറ്റയെ പോലെ പാറി നടന്ന തൻറെ ചിറകുകൾ ഒരിക്കൽ ഒരാൾ മുറിക്കാൻ ശ്രമിച്ചപ്പോഴും, പൊരുതി നേടിയ ജീവിതം വീണ്ടും പാതി വഴിയിൽ നിന്നപ്പോഴും അവളിലെ ശോഭയ്ക്ക് മങ്ങൽ ഏറ്റില്ല. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്ന ചിന്തയിൽ നിന്നാണ് ശോഭ വിശ്വനാഥ് എന്ന യുവതി ഒരു വ്യവസായ സംരംഭകയായതും സാമൂഹിക പ്രവർത്തനത്തിൽ സജ്ജീവമായതും. തിരുവനന്തപുരം സ്വദേശിനിയും 37കാരിയുമായ ശോഭ വിശ്വനാഥൻറെ ജീവിതം ശരിക്കുമൊരു പോരാട്ടമായിരുന്നു. ആ വഴികളിൽ ശോഭ നേരിട്ടത് സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു.
ശോഭയുടെ ജീവിതത്തിലെ ആദ്യ വീഴ്ച വിവാഹത്തോടെയായിരുന്നു. ആത്മഹത്യയെ കുറിച്ചു പോലും അവൾ ചിന്തിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. അവിടെ നിന്നും അവൾ പൊരുതി, ജീവിതത്തിലേയ്ക്ക് കരകയറിയപ്പോൾ, വീണ്ടും അവൾക്ക് നേരിടേണ്ടി വന്നത് ആരും ഭയക്കുന്ന സംഭവവികാസങ്ങളായിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതിൻറെ പേരിൽ കഞ്ചാവ് കേസിൽ വരെ കുടുക്കിയ ചതിയുടെ കഥ. ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം മാറ്റി മറിച്ച പൊലീസ് റെയ്ഡും അതു ഉണ്ടാക്കിയ മാനസിക സമ്മർദ്ദവും ശോഭയ്ക്ക് ഇന്നും ഓർക്കാൻ ഇഷ്ടമല്ലാത്ത ദിനങ്ങളാണ്. 'വീവേഴ്സ് വില്ലേജ്' എന്ന കൈത്തറി വസ്ത്രനിർമാണസ്ഥാപനം നേടിയെടുത്ത പ്രശസ്തി ശോഭയുടെ ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ്. വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ മാത്രം സംരംഭക എന്ന നിലയിലും സാമൂഹികപ്രവർത്തക എന്ന നിലയിലും പത്ത് വർഷം കൊണ്ട് നേടിയ പേര് നഷ്ടപ്പെടുമോ എന്ന ഭീതി അവളെ തളർത്തി. പ്രണയാഭ്യർഥനയോട് അങ്ങേയറ്റം മാന്യമായ രീതിയിൽ ഒരു 'നോ' പറഞ്ഞതിനാണ് ശോഭയുടെ ജീവിതം ചതിയിലൂടെ നഷ്ടപ്പെടുത്താൻ നോക്കിയത്. നാർക്കോട്ടിക്സ് കേസിൽ കുടുക്കിയപ്പോൾ, ഇനി തൻറെ ജീവിതം എന്താകുമെന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു പോയി. എന്നാൽ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന തിരിച്ചറിവിൽ നിന്നാണ് സ്വന്തം നിരപരാധിത്വം തെളിയിച്ച് ശോഭ ഇന്നത്തെ ശോഭയായി മാറിയത്.
2021 ജനുവരിയിൽ 'വീവേഴ്സ് വില്ലേജ്' എന്ന ശോഭയുടെ വസ്ത്രശാലയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതായിരുന്നു റെയ്ഡിനും അറസ്റ്റിനും ആസ്പദമായ സംഭവം. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ യഥാർഥ പ്രതികളെ കണ്ടെത്താനായി. ഓരോ പെൺകുട്ടിക്കും മാത്യകയാണ് ശോഭയുടെ ഈ പോരാട്ട ജീവിതം. ആ ജീവിതാനുഭവങ്ങൾ ഈ വനിതാ ദിനത്തിൽ ശോഭ തന്നെ പങ്കുവയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ...
വിവാഹം...
കേന്ദ്ര ഗവൺമെൻറ് ഉദ്യോഗസ്ഥരായ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് പേരാണ്. ചേട്ടൻ ബിസിനസിലും ചേച്ചി ഡിഫൻസിലുമാണ്. തിരുവനന്തപുരം ഹോളി ഏൻജൽസ് കോൺവെന്റ് സ്കൂളിലും ഓൾ സയൻസ് കോളേജിലും അമൃതാ കോളേജിലുമാണ് ഞാൻ പഠിച്ചത്. എംബിഎ കഴിഞ്ഞ് ഒരു വർഷം ഡിസൈൻ കമ്പനിയിൽ ജോലി നോക്കിയ ശേഷം 2011 നവംബറിലായിരുന്നു വിവാഹം. പിന്നീട് അങ്ങോട്ട് എൻറെ ജീവിതം തന്നെ മാറ്റി മറിച്ച ദിനങ്ങളായിരുന്നു കടന്നുപോയത്. രണ്ട് മുഖമുള്ള വ്യക്തിയായിരുന്നു അയാൾ. പുറത്തു മാസ്കണിഞ്ഞ അയാൾ വീട്ടിൽ മറ്റൊരാളായിരുന്നു. മദ്യപാനത്തിന് അടിമയായിരുന്ന അയാൾ മാനസികമായും ശാരീരികമായും എന്നെ ഉപ്രദവിച്ചു. ക്ഷമിച്ചും സഹിച്ചും പലതും അനുഭവിച്ചു. പല തവണ ആശുപത്രിയിലായിട്ടുണ്ട്. അയാളെ പേടിച്ച് ബാത്ത്റൂമിൽ വരെ ഒളിച്ചിരിന്നിട്ടുണ്ട്. അന്ന് ആത്മഹത്യക്ക് വരെ ഞാൻ ശ്രമിച്ചു. എന്നാൽ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് എൻറെ ജീവിതം എന്നെ പഠിപ്പിച്ചു.
തുടക്കത്തിൽ ഒന്നും ഞാൻ ആരോടും പറയാതെ ഉള്ളിൽ ഒതുക്കിവച്ചു. ഇനിയുള്ള കുട്ടികളോട് പറയാനുള്ളത് ഇത്തരം അനുഭവങ്ങൾ ജീവിതത്തിലുണ്ടായാൽ ആരോടെങ്കിലും അതിനെ കുറിച്ച് തുറന്നു സംസാരിക്കുക എന്നതാണ്. ഒരു അടി കൊണ്ടാൽ തിരിച്ച് പ്രതികരിക്കുക. പ്രതികരിക്കാതിരുന്നാൽ അടിക്കുന്നയാൾക്ക് അതൊരു ശീലമാകും. എനിക്ക് ഇതുവരെയും വിവാഹ മോചനം ലഭിച്ചിട്ടില്ല. ആറ് വർഷമായി കോടതിയിൽ കേസ് നടക്കുകയാണ്. ഗാർഹീക പീഡനമാണ്.
വിവാഹ ജീവിതത്തിലെ വിഷമതകളിൽ നിന്നും രക്ഷപെടാനാണ് ഞാൻ കൈത്തറി ബിസിനസ് തുടങ്ങിയത്. വസ്ത്രവിപണിയിൽ ഒരുപാട് വർഷത്തെ പരിചയമുള്ള കുടുംബത്തിലേയ്ക്ക് എത്തിയതോടെ ആണ് കൈത്തറിയെ കുറിച്ച് അറിയാൻ കഴിഞ്ഞത്.
വീവേഴ്സ് വില്ലേജ്...
2012-ലാണ് തിരുവനന്തപുരത്തെ വഴുതാക്കാട് വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിർമാണ സ്ഥാപനം തുടങ്ങിയത്. ജോലിയില്ലാത്ത വീട്ടമ്മമാരെ പരിശീലിപ്പിച്ച് അവർ ചെയ്ത ഇക്കോ പ്രണ്ട്ലി പ്രൊഡക്റ്റുകളുമായി ബിസിനസ് തുടങ്ങി. വീട്ടിലിരിക്കുന്ന അമ്മമാർ തയ്യാറാക്കുന്ന കരകൗശല വസ്തുക്കൾ മുതൽ കൈത്തറിയുടെ മനോഹാരിത വിളിച്ചുപറയുന്ന വസ്ത്രങ്ങൾ വരെ വീവേഴ്സ് വില്ലേജിലുണ്ട്. സാരികൾ, ധോത്തികൾ, സൽവാർ, അങ്ങനെ കൈത്തറി കൊണ്ട് നിർമ്മിക്കാൻ പറ്റുന്ന എല്ലാം ഞങ്ങൾ ചെയ്യും. കൈതറിയിൽ ഫാഷൻ ഉൾപ്പെടുത്തി ഒരു മേക്കോവർ എന്നതായിരുന്നു ലക്ഷ്യം.
നല്ല ഓർഡർ കിട്ടിയതിൽ നിന്നുള്ള ലാഭമെടുത്ത് ആദ്യ പ്രദർശനം സംഘടിപ്പിച്ചു. സുഹൃത്തും ഡിസൈനറുമായ ശ്രീരമ്യ സമ്പത്തിനോടൊപ്പം ചേർന്നായിരുന്നു അത്. കൈത്തറി കൊണ്ട് കുഞ്ഞുടപ്പ് വരെ ചെയ്യുന്നുണ്ട്. 1000 രൂപ മുതലാണ് കുഞ്ഞുടപ്പുകളുടെ വില. സാരികൾക്ക് 3000 രൂപ മുതലാണ് വില. എല്ലാവർക്കും എന്നും കൈത്തറി എന്നതാണ് എൻറെ സ്വപ്നം.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയപ്പോൾ തുണി സഞ്ചികൾ നിർമ്മാണം ചെയ്തതും കൊവിഡ് സമയത്ത് മാസ്കുകളുടെ നിർമ്മാണം ചെയ്തതും ഈ മേഖലയിൽ കൂടുതൽ ശോഭ നേടാൻ സാധിച്ചു. വീട്ടിലിരിക്കുന്ന അമ്മമാരെ കൊണ്ട് ഇതൊക്കെ നിർമ്മിക്കാൻ പരിശീലനം നൽകുകയും ഒരുപാട് സ്ത്രീകൾക്ക് ഇതുവഴി തൊഴിൽ നേടികൊടുക്കാനും സാധിച്ചു. അതാണ് സ്ത്രീ ശാക്തീകരണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും, സ്ത്രീകൾക്ക് തൊഴിൽ സാധ്യതകൾ നേരികൊടുക്കാനുമായി പ്രവർത്തിക്കുക എന്നതാണ് എൻറെ ലക്ഷ്യം. സാമൂഹിക പ്രവർത്തനവും എൻറെ പാഷനായ ബിസിനസും എനിക്ക് ഒരു പോലെ കൊണ്ടു പോകാൻ പറ്റുന്നതാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.
ഗോവയിലെ കുട്ടികൾ...
ഇടയ്ക്ക് മനസ്സിന് കുറച്ച് ആശ്വാസം കിട്ടാനായി യാത്ര പോകാറുണ്ട്. ഒരിക്കൽ ഒരു യാത്രക്കിടെ ഗോവയിലെ ഒരു തെരുവിൽ കുറച്ച് പെൺകുട്ടികളെ കണ്ടു. കുട്ടികളോട് പഠിക്കാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, പറഞ്ഞ് പഠിപ്പിച്ച പോലെ എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു. അപ്പോൾ തന്നെ മനസിലായി ഇതിന് പിന്നിൽ ആരോ ഉണ്ടെന്ന്. ചെറുപ്രായത്തിലെ വ്യഭിചാരത്തിലേയ്ക്ക് എത്തിക്കപ്പെടുന്ന പെൺകുട്ടികളെ രക്ഷിക്കുകയും അവർക്ക് ജീവിത മാർഗം ഒരുക്കി കൊടുക്കുന്ന
'എൽഷദായ്' എന്ന സാമൂഹിക സംഘടനയോടൊത്ത് അന്ന് പ്രവർത്തിച്ചു. ഒരു കുട്ടിയെ എങ്കിലും രക്ഷിക്കണം എന്ന ചിന്തയിൽ നിന്നാണ് അതിൻറെ പുറകെ പോയത്. 13 കുട്ടികളെ അങ്ങനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
പ്രളയവും ഭൂമികയും സാമൂഹിക പ്രവർത്തനവും...
2018-ലെ കേരളത്തിലെ പ്രളയത്തിൻറെ സമയത്താണ് 'അൻപോടു ട്രിവാൻഡ്രം' എന്ന ഗ്രൂപ്പിലെ പ്രധാനയാളായി മാറിയതും ഒരുപാട് പേർക്കായി സഹായങ്ങൾ എത്തിച്ചു നൽകാനും സാധിച്ചത്. ഉറങ്ങാത്ത ദിനങ്ങളായിരുന്നു അത്. ഒരുപാട് സുമനസ്സുകളുടെയും വലിയ വലിയ സ്പോൺസർമാരുടെയും സഹായത്തോടെ തിരുവനന്തപുരത്ത് നിന്നും ഒരുപാട് സാധനങ്ങൾ ഞങ്ങൾക്ക് കൊടുക്കാൻ കഴിഞ്ഞു. അതൊക്കെ ഒരുക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. വള്ളത്തിൽ വരെ സാധനങ്ങൾ കൊണ്ടു എത്തിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ആലപ്പുഴ വെള്ളത്തിനടിയിലായപ്പോൾ, കുടിവെള്ളവുമായി ഞങ്ങൾ പോയി. കുടിക്കാൻ വെള്ളത്തിനായി കുട്ടികൾ തമ്മിൽ തല്ലു കൂടുന്ന കാഴ്ച വരെ അന്ന് കാണേണ്ടി വന്നു. ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിച്ചുവെന്നാണ് കരുതുന്നത്.
അങ്ങനെ നിരവധി സ്പ്പോണസർമാരുടെ സഹായത്തടെ പത്ത് വീടുകൾ വരെ നിർമ്മിച്ചുകൊടുക്കാൻ കഴിഞ്ഞു. അങ്ങനെയാണ് 'ഭൂമിക' എന്ന എൻജിഒ തുടങ്ങുന്നത്.
വില്ലനെ കണ്ടുമുട്ടിയത്...
കുറച്ചു നാളുകളായി അറിയാമായിരുന്ന ഒരു കുടുംബ സുഹൃത്തും തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷ് ഹരിദാസ് ആണ് എൻറെ ഈ കഥയിലെ വില്ലൻ. കൈത്തറി കൊണ്ടുള്ള ഡിസൈനർ വെയറുമൊക്കെ പുറത്തിറക്കി രാജ്യാന്തര ഓർഡറുകൾ വരെ ഞങ്ങൾക്ക് കിട്ടിത്തുടങ്ങിയ സമയത്തായിരുന്നു ബിസിനസുകാരനായ ഹരീഷ് ഹരിദാസിനെ പൊതു സുഹൃത്തുക്കൾ വഴി പരിചയപ്പെടുന്നത്. അപ്പോഴേക്കും എൻറെ ഡിവോഴ്സ് കേസ് ഏറെ മുന്നോട്ട് പോയിരുന്നു. ഹരീഷും ഡിവോഴ്സിൻറെ വഴിയിലാണ് എന്നാണ് പറഞ്ഞത്. എന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം അയാൾ ആദ്യം എൻറെ സഹോദരനോട് ആണ് പറഞ്ഞത്. എനിക്ക് പക്ഷേ ഇനിയൊരു വിവാഹത്തെ കുറിച്ച് ഒരുപാട് ആലോചിക്കണമായിരുന്നു. ഏറെ നാളെടുത്ത് അയാളെ ഞാൻ മനസ്സിലാക്കിയപ്പോൾ, ശരിയാകില്ല എന്ന് തോന്നി. വിവാഹം കഴിക്കാൻ താൽപര്യമില്ല എന്ന കാര്യം മാന്യമായി അയാളോട് പറയുകയും ചെയ്തു. പക്ഷേ അയാൾ വീണ്ടും എൻറെ ചേട്ടനെ സമീപിച്ചു. അയാളുടെ വീട്ടുകാരെ കൊണ്ടു വിളിപ്പിച്ചു. ഫോണിലൂടെയും വാട്സാപ്പിലൂടെയും നിരന്തരം എന്നെ ബന്ധപ്പെടാൻ ശ്രമിച്ചു. ഞാൻ അപ്പോഴും എൻറെ തീരുമാനം മാന്യമായി പറഞ്ഞതിന് ശേഷം അയാളെ ബ്ലോക്ക് ചെയ്തു.
പിന്നീട് ഒരു ദിവസം ഷോപ്പിൽ വച്ച് എൻറെ മൊബൈൽ ഫോൺ കളഞ്ഞു പോയി. ആ സമയം ഞാനും ഷോപ്പിലെ ജീവനക്കാരനായ വിവേക് രാജും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവനോട് ചോദിച്ചപ്പോൾ എടുത്തില്ലെന്നായിരുന്നു മറുപടി. വിവേകിന് ഹരീഷുമായി അടുപ്പമുണ്ടെന്ന് അറിയാമായിരുന്നു. മറ്റ് ചില സംശയങ്ങളുമുണ്ടായിരുന്നു. അതോടെ അയാളെ പിരിച്ചു വിട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിദേശത്ത് വരെയുള്ള പല സുഹൃത്തുക്കൾക്കും എന്നെ കുറിച്ച് മോശം പറഞ്ഞു കൊണ്ടുള്ള കോളുകൾ പോയി. ഇതോടെ ഫോൺ ആരുടെയോ കയ്യിലാണ് എത്തിയിരിക്കുന്നതെന്ന് എനിക്ക് മനസിലായി.
കഞ്ചാവ് കെണി...
2021- ജനുവരിയിലാണ് ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ നേരിട്ടത്. ഞാൻ അനുഭവിച്ചത് പറഞ്ഞുതരാൻ പോലും എനിക്ക് പറ്റില്ല. അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. അന്ന് വെള്ളാറിലുള്ള വീവേഴ്സ് വില്ലേജിൻറെ ശാഖയിൽ നിൽക്കുമ്പോഴാണ് വഴുതക്കാട്ടെ സ്ഥാപനത്തിൽ നാർക്കോട്ടിക്സ് പരിശോധനാ ഉദ്യോഗസ്ഥർ എത്തിയതായി കെട്ടിട ഉടമ വിളിച്ചു പറയുന്നത്. എന്താണ് കാര്യമെന്നു പോലും എനിക്ക് മനസിലാകുന്നില്ലായിരുന്നു. വെള്ളാറിലും ഉടനടി അവർ എത്തി. എൻറെ ഫോൺ അവർ വാങ്ങിയെടുത്ത ശേഷം എന്നെ അറസ്റ്റ് ചെയ്തു. ശേഷം അവരുടെ വാഹനത്തിൽ കയറാൻ പറഞ്ഞു. ഞാൻ അതിന് വിസമ്മതിച്ചപ്പോൾ അവരിൽ രണ്ടുപേർ എൻറെ കാറിൽ എന്നെയും കൊണ്ട് വഴുതക്കാട്ടെ ഷോപ്പിലെത്തി.
പോകുന്ന വഴിനീളെ 'കൈത്തറിക്കൊപ്പം അവിടെയെന്താണ് ബിസിനസ്' എന്ന വിധത്തിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എന്തോ പ്രാങ്ക് ആണെന്നാണ് ഞാൻ ആദ്യം കരുതിയത്. അവർ പലതും ചോദിച്ചു കൊണ്ടിരുന്നു. കടുത്ത മാനസിക പീഡനമായിരുന്നു അനുഭവിച്ചത്. എനിക്ക് ഒന്നുമറിയില്ലെന്ന് പല തവണ പറഞ്ഞു. ഷോറൂമിലെത്തുമ്പോൾ വഴിയിൽ വരെ ജനക്കൂട്ടമായിരുന്നു. ഷോറൂമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു എന്ന് മനസിലായത് അവിടെയെത്തിയപ്പോഴാണ്. അപ്പോഴും ഞാൻ കരഞ്ഞു പറഞ്ഞു ഞാൻ തെറ്റു ചെയ്തിട്ടില്ല, ഇത് എന്തോ കെണിയാണെന്ന്. അവർ വളരെ റൂഡായാണ് പെരുമാറിയത്. ശേഷം എന്നെ അവിടെ നിന്നും എൻറെ ഫ്ലാറ്റിൽ കൊണ്ടു പോയി, അവിടെയും റെയ്ഡ്. എന്നാൽ അവിടെ നിന്നും അവർക്ക് ഒന്നും കിട്ടിയില്ല. അവിടെ സെക്യൂരിറ്റി ഉള്ളതിനാൽ ഒന്നും കൊണ്ടു വയ്ക്കാൻ പറ്റി കാണില്ല. എന്തായാലും അയൽവാസികളുടെ മുന്നിൽ ഞാൻ നാണംകെട്ടു.
പിന്നീട് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യം (ബെയ്ലബിൾ ഒഫൻസ്) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി രാത്രി വിട്ടയച്ചു. ഷോറൂമിൽ നിന്ന് കണ്ടെടുത്ത കഞ്ചാവ് നാനൂറ് ഗ്രാമിനടപത്തേയുള്ളൂ എന്നതിനാൽ മാത്രം ആണ് എന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. എൻറെ ചേട്ടനും കുറച്ച് സുഹൃത്തുക്കളുമായിരുന്നു എൻറെ അന്നത്തെ പിന്തുണ. അന്നേ ദിവസം രാത്രി കൂട്ടുകാരി പ്രിയ അവളുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഞാൻ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം. അന്ന് രാത്രി അതേ കുറിച്ച് ചിന്തിച്ചെങ്കിലും എൻറെ നിരപരാധിത്വം തെളിയിക്കണമെന്ന് തോന്നി. സത്യം തെളിയിക്കും വരെ എനിക്ക് ഒന്നും സംഭവിക്കരുത് എന്ന് ഞാൻ ആഗ്രഹിച്ചു.
അടുത്ത ദിവസം ഷോപ്പിൽ പോകാൻ സാരിയുടുക്കാൻ ശ്രമിച്ചിട്ട് എന്നെ കൊണ്ട് പറ്റുന്നില്ല. സാധാരണയായി സാരിയുടുക്കാൻ 30 സെക്കൻഡുകൾ മാത്രം മതിയെനിക്ക്. പത്ത് വർഷമായി സാരിയാണ് എൻറെ വേഷവും ജോലിയും സ്വപ്നവുമെല്ലാം. ഞാൻ മനസിൽ പറഞ്ഞു, ഇന്ന് സാരിയുടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇനിയില്ല എന്ന്. ഒടുവിൽ എങ്ങനെയെങ്കിലും സാരിയുടുത്ത് ഷോപ്പിൽ പോയി.
സത്യം പുറത്തായത്...
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ആണ് ആദ്യം പരിശോധിച്ചത്. ജനുവരി പതിനെട്ടാം തീയതി കുറച്ച് സമയത്തേക്ക് സിസിടിവി വർക്ക് ചെയ്തിട്ടില്ല എന്ന് മനസിലായി. അതോടെ കഥയിലെ ചുരുളുകൾ അഴിയാൻ തുടങ്ങി. ഉഷ എന്ന ജോലിക്കാരി സിസിടിവി ഓഫ് ചെയ്യുകയും ഓൺ ചെയ്യുകയും അത് സിസിടിവിയിൽ പതിയുകയും ചെയ്തു. ഒരുപാട് വർഷമായി വീട്ടിലും ഷോപ്പിലും ജോലി ചെയ്തിരുന്ന ഉഷ ചതിക്കുകയായിരുന്നു എന്ന് മനസിലായി. അവരിലെ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ഒരിക്കൽ പറഞ്ഞുവിട്ടതാണ്. എന്നാൽ അവർ വീണ്ടും കരഞ്ഞു കാലു പിടിച്ച് തിരിച്ചു വന്നതാണ്.
സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെങ്കിലും പുരോഗതി ഒന്നും ഉണ്ടായില്ല. ഒടുവിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അങ്ങനെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ സത്യം പുറത്തു വരുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ അമ്മിണിക്കുട്ടന് കേസിന്റെ അന്വേഷണചുമതല നൽകി. അദ്ദേഹത്തിന്റെ കീഴിൽ അന്വേഷണം ആരംഭിച്ചു.
ആദ്യം തയ്യാറാക്കിയ എഫ്ഐആറിൽ വീവേഴ്സ് വില്ലേജിൽ പൊലീസ് തിരച്ചിൽ നടത്തുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നതായും ഞാൻ തന്നെയാണ് കഞ്ചാവ് കാണിച്ചു കൊടുത്തതെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്ഥാപനത്തിൽ നിന്ന് നാർക്കോട്ടിക് വിഭാഗം കഞ്ചാവ് കണ്ടെത്തിയ ശേഷമാണ് എന്നെ പൊലീസ് അവിടേക്ക് കൂട്ടി വന്നതെന്നതിന് സാക്ഷികളും തെളിവുകളും ഉണ്ടായിരുന്നു. ഈ വൈരുധ്യമാണ് ക്രൈംബ്രാഞ്ചിന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.
ആറ് മാസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് വിവേക് രാജിനെ അറസ്റ്റ് ചെയ്തു. ഹരീഷിൻറെ നിർദ്ദേശപ്രകാരമാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചതെന്നും അയാൾ തുറന്നു സമ്മതിച്ചു. തെളിവെടുപ്പിന് എത്തിയപ്പോൾ ടോയ്ലറ്റിലെ ഫ്ലഷിൽ നിന്ന് വരെ മറ്റ് എന്തെക്കെയോ പാക്കറ്റുകളും മറ്റും അയാൾ പൊലീസിന് എടുത്തു കൊടുത്തു. സത്യം തെളിഞ്ഞതോടെ എനിക്കെതിരെയുള്ള കേസ് ക്രൈംബ്രാഞ്ച് റദ്ദാക്കി. ഞാൻ കുറ്റവിമുക്തയായി. എന്നാൽ ഞാൻ അന്ന് അനുഭവിച്ച മാനസിക സമ്മർദ്ദം, ഞാൻ സഹിച്ച അപമാനം, ഇതിനൊക്കെ ആര് മറുപടി പറയും?
ഒരാളെ അടുത്തറിഞ്ഞപ്പോൾ, സ്വാഭാവം മനസ്സിലായപ്പോൾ, മാന്യമായി 'നോ' പറഞ്ഞു. അതിൻറെ പ്രതികാരമാണ് അയാൾ എന്നോട് ചെയ്തത്.
വനിതാ ദിനത്തിൽ...
ഗാർഹീക പീഡനം അനുഭവിക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. പലർക്കും അതിൽ നിന്നും പുറത്തു വരാൻ കഴിയാറില്ല. അതിന് പല കാരണങ്ങൾ കാണാം. അതിൽ ഒന്ന് ഭയമാണ്. ഭയം എല്ലാത്തിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കും. എന്നാൽ ഒരു രൂപയെങ്കിലും സമ്പാദിക്കാൻ കഴിഞ്ഞാൽ അത് നിങ്ങൾക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതിനാൽ സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീകൾ ശ്രമിക്കണം. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്. വിവാഹം ആണ് ഏറ്റവും പ്രധാനം എന്ന ചിന്ത തെറ്റാണ്. അത് വേണമെന്നുള്ളവർക്ക് ആകാം, അത്രേയുള്ളൂ. വിദ്യാഭ്യാസവും ഒരു ജോലിയുമാണ് സ്ത്രീകൾക്ക് ആദ്യം വേണ്ടത്. സ്വന്തം ഇഷ്ടത്തിന് ജീവിക്കുക. നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക.