മൂഡ് സ്വിംഗ്സ്, ക്ഷീണം എന്നിവയുണ്ടെങ്കില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം...
സ്ത്രീകളില്‍ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങളും അവയ്ക്ക് കാരണമായി വരുന്നൊരു ഘടകവുമാണ് വിശദമാക്കുന്നത്. സ്ത്രീകളില്‍ കാണുന്ന മൂഡ് സ്വിംഗ്സ്, തളര്‍ച്ച, ശരീരം വല്ലാതെ ചൂടാകുന്ന അവസ്ഥ, രാത്രിയില്‍ അമിതമായി വിയര്‍ക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്...
നിത്യജീവിതത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. എന്നാലിവയെല്ലാം നിസാരമായി കണക്കാക്കുന്നത് നല്ലതല്ല. കാരണം എന്തെങ്കിലും അസുഖങ്ങളുടെയോ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങളുടെയോ എല്ലാം ലക്ഷണമാകാം ഇങ്ങനെ പ്രകടമാകുന്ന പ്രയാസങ്ങള്‍.
ഇത്തരത്തില്‍ സ്ത്രീകളില്‍ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങളും അവയ്ക്ക് കാരണമായി വരുന്നൊരു ഘടകവുമാണ് വിശദമാക്കുന്നത്. സ്ത്രീകളില്‍ കാണുന്ന മൂഡ് സ്വിംഗ്സ്, തളര്‍ച്ച, ശരീരം വല്ലാതെ ചൂടാകുന്ന അവസ്ഥ, രാത്രിയില്‍ അമിതമായി വിയര്‍ക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത് മിക്ക കേസുകളിലും ഹോര്‍മോണ്‍ വ്യതിയാനം ആണ്.
ഇത് നിസാരമായി തോന്നാമെങ്കിലും നിത്യജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നൊരു പ്രശ്നമാണിത്. പല ഘടകങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേക്ക് നയിക്കാം. ആര്‍ത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോര്‍മോൺ വ്യതിയാനങ്ങള്‍ തന്നെ ചിലരില്‍ സങ്കീര്‍ണമാകാം. ഇത് പിഎംഎസ് (പ്രീമെൻസ്ട്രല്‍ സിൻഡ്രോം)ലേക്ക് നയിക്കാം. മാനസികപ്രയാസങ്ങള്‍, ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണിതിന്‍റെ പരിണിതഫലങ്ങള്‍.
ഇതിന് പുറമെ ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവുമെല്ലാം സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാണാം. ഇതെല്ലാം സങ്കീര്‍ണമാകാനുള്ള സാധ്യതകളുണ്ട്. അതുപോലെ സെക്സ് ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം)ഉം കാര്യമായ ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകളില്‍ സൃഷ്ടിക്കാറ്.
ആര്‍ത്തവസംബന്ധമായ അസാധാരണത്വങ്ങളാണ് അധികവും ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുക. ഇതുതന്നെ സ്ത്രീകളില്‍ നിത്യജീവിതത്തില്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കാം. ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ചത് പോലെ മൂഡ് ഡിസോര്‍ഡര്‍ (മാനസികാവസ്ഥകള്‍ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥ), ഉത്കണ്ഠ, വിഷാദം, എപ്പോഴും തളര്‍ച്ച, മുൻകോപം, വന്ധ്യത, ശരീരഭാരം അനിയന്ത്രിതമായി കൂടുക, മുടി കൊഴിച്ചില്‍ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കാണ് കാരണമാവുക.
ഹോര്‍മോണ്‍ വ്യതിയാനങ്ങളെ നമുക്ക് പരിപൂരണമായും പരിഹരിക്കുക സാധ്യമല്ല. അതേസമയം ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ ഇതിനെ തടയിടാൻ നമുക്ക് കഴിയും.
ദിവസവും വ്യായാമം ചെയ്യുക- അല്ലെങ്കില്‍ കായികാധ്വാനത്തിലേര്‍പ്പെടുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, സമയത്തിന് ഭക്ഷണം കഴിച്ച് ശീലിക്കുക, രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കുക, സിന്തറ്റിക് ഹോര്‍മോൺ ഉപയോഗം ഒഴിവാക്കുക, മദ്യ- പുകയില തുടങ്ങിയ ലഹരി ഉപയോഗം ഒഴിവാക്കുക, സ്ട്രെസ് മാനേജ് ചെയ്യുക, സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളിലേര്‍പ്പെടുക തുടങ്ങിയ കാര്യങ്ങളെല്ലാം ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാക്കുന്ന പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും വരുതിയിലാക്കുന്നതിനും ഏറെ സഹായിക്കും.
Also Read:- ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളില്‍ മറവി ഉണ്ടാക്കാം; ശ്രദ്ധിക്കുക...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-