'ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ, മതവിരുദ്ധമോ അല്ല'; മകൾക്ക് കുറിപ്പുമായി ഗീതു മോഹൻദാസ്
കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരിയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട സ്ത്രീയുമായ കമല ഭാസിനിന്‍റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് ഗീതു കുറിപ്പില്‍ പങ്കുവയ്ക്കുന്നത്.
മലയാളത്തിന്‍റെ പ്രിയ സംവിധായകയും അഭിനേത്രിയുമായ ഗീതു മോഹൻദാസിന്‍റെ (geetu mohandas) ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകൾ ആരാധനയ്ക്കുള്ള ഒരു കുറിപ്പാണ് താരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരിയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട സ്ത്രീയുമായ കമല ഭാസിനിന്‍റെ (Kamla Bhasin) കാഴ്ചപ്പാടിനെക്കുറിച്ചാണ് ഗീതു കുറിപ്പില്‍ പങ്കുവയ്ക്കുന്നത്.
'ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ, സംസ്കാരവിരുദ്ധമോ, മതവിരുദ്ധമോ അല്ല എന്നതില്‍ നീ വിശ്വസിക്കണം. മറിച്ച് ഫെമിനിസം എന്നത് അസമത്വത്തിനും അനീതിക്കും എതിരായതാണ്. അതൊരു പ്രത്യയശാസ്ത്രമാണ്. കമല ഭാസിനിൽ നിന്നുള്ള ഈ വാക്കുകൾ ഇന്നും എന്നും നിനക്ക് മുതൽക്കൂട്ടാകുമെന്ന് മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങൾ ആഗ്രഹിക്കുന്നു'- ഗീതു കുറിച്ചു.
ഭര്‍ത്താവ് രാജീവ് രവിക്കൊപ്പമുള്ള മകളുടെ ചിത്രം പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്. മഞ്ജു വാര്യർ, ആഷിഖ് അബു, അഞ്ജലി മേനോൻ, ടോവിനോ തോമസ്, സയനോര തുടങ്ങി നിരവധി താരങ്ങളും ഗീതുവിന്റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തി.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona