Nayanthara Fitness : സൂപ്പര്‍ താരം നയൻസിന്‍റെ 'ഫിറ്റ്നസ് സീക്രട്ട്സ്'അറിയാം...
മലയാളത്തില്‍ പുതുമുഖമായി വന്നപ്പോഴുള്ള നയൻതാരയെ അല്ല പിന്നീട് തമിഴില്‍ വൻ തരംഗമാകുമ്പോള്‍ നമ്മള്‍ കണ്ടത്. അക്കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മേക്കോവറായിരുന്നു നയൻതാരയുടേത്.
ഇന്ന് ഇന്ത്യൻ സിനിമയില്‍ തന്നെ ഏറ്റവും പേരുകേട്ട താരമായി മലയാളികളുടെ സ്വന്തം നയൻതാര മാറിയിരിക്കുന്നു. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നയൻ പിന്നീട് തമിഴിലേക്ക് ചുവടുമാറുകയും തമിഴില്‍ വൻ തരംഗം സൃഷ്ടിച്ച് സൂപ്പര്‍ താര പദവിയിലേക്ക് എത്തുകയുമായിരുന്നു. നിലവില്‍ മറ്റ് ഏത് ദക്ഷിണേന്ത്യൻ സൂപ്പര്‍ താരങ്ങളോടും കിട പിടിക്കുന്ന കരിയറാണ് നയൻസിനുള്ളത്.
സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള നയൻസിന്‍റെ വിവാഹവും വലിയ രീതിയില്‍ സിനിമാസ്വാദകര്‍ ആഘോഷിച്ചിരുന്നു. വിവാഹശേഷവും കരിയറില്‍ ശ്രദ്ധയോടെ മുന്നോട്ടുപോകാൻ തന്നെയാണ് നയൻസിന്‍റെ തീരുമാനം.
മലയാളത്തില്‍ പുതുമുഖമായി വന്നപ്പോഴുള്ള നയൻതാരയെ അല്ല പിന്നീട് തമിഴില്‍ വൻ തരംഗമാകുമ്പോള്‍ നമ്മള്‍ കണ്ടത്. അക്കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മേക്കോവറായിരുന്നു നയൻതാരയുടേത്. ശരീരവണ്ണം കുറയ്ക്കുകയും സര്‍ജറിയിലൂടെ മുഖത്ത് ചെറിയ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതോടെ സൗന്ദര്യാരാധകരുടെ സ്വപ്ന സുന്ദരിയായ നയൻസ് മാറി.
അന്ന് മുതലിങ്ങോട്ട് ഫിറ്റ്നസില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് നയൻസ്. മുപ്പത്തിയേഴ് വയസാണ് ഇപ്പോള്‍ നയൻതാരയ്ക്ക്. ഈ പ്രായത്തില്‍ ഇരുപതുകളുടെ തുടക്കത്തിലുള്ളത് പോലുള്ള പ്രസരിപ്പും ആകാരഭംഗിയും എങ്ങനെയാണ് നയൻസ് സൂക്ഷിക്കുന്നതെന്ന് പലപ്പോഴും സ്ത്രീ ആരാധകര്‍ അതിശയപ്പെടാറുണ്ട്.
തീര്‍ച്ചയായും ജീവിതരീതികളില്‍ പലതും ശ്രദ്ധിക്കുന്നത് കൊണ്ടുതന്നെയാണ് നയൻസിന് ഈ സൗന്ദര്യവും ഊര്‍ജ്ജവും കാത്തുസൂക്ഷിക്കാൻ കഴിയുന്നത്. എന്തായാലും നയൻസിന്‍റെ ഈ ഫിറ്റ്നസ് സീക്രട്ട്സ് ഒന്ന് അറിയാം...
ഡയറ്റ്...
ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്താനോ, എപ്പോഴും കുറയ്ക്കാനോ എല്ലാം കര്‍ശനമായ ഡയറ്റ് പാലിക്കുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ഇത്ര സമയത്തിനുള്ളില്‍ ഇത്ര കിലോ ഭാരത്തിലെത്തണമെന്ന ചിന്തയോടെ ചെയ്യുന്ന 'ക്രാഷ് ഡയറ്റ്' രീതിയോട് താല്‍പര്യമില്ലാത്തയാളാണ് നയൻതാര. ബാലൻസ്ഡ് ആയി എല്ലാ ഭക്ഷണവും കഴിക്കും.
പോഷകങ്ങള്‍ എല്ലാം ഉറപ്പുവരുത്തുന്ന ഭക്ഷണമാണ് ദിവസവും കഴിക്കുന്നത്. ഇതില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടും. കൂടാതെ മുട്ട, ഇറച്ചി എന്നിവയെല്ലാം കഴിക്കും.
രാവിലെ തന്നെ ഇളനീരും കോക്കനട്ട് സ്മൂത്തിയും കഴിക്കുന്ന ശീലമുണ്ടെന്നാണ് നയൻസിന്‍റെ ന്യൂട്രീഷ്യനിസ്റ്റായ മുൻമുൻ ഗനേരിവാള്‍ പറയുന്നത്. തപ്സീ പന്നു, രാകുല്‍ പ്രീത് സിംഗ്, എക്ത കൂപ്‍, മഞ്ജിമ മോഹൻ എന്നിവരടക്കം പല സെലിബ്രിറ്റികളുടെയും പേഴ്സണല്‍ ന്യൂട്രീഷ്യനിസ്റ്റാണ് മുൻമുൻ.
രണ്ട് കപ്പ് ഇളനീര്‍ വെള്ളം, ഒരു കപ്പ് ഇളനീര്‍ കഴമ്പ്, പഞ്ചസാര, കറുവപ്പട്ട, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്താണ് കോക്കനട്ട് സ്മൂത്തി തയ്യാറാക്കുന്നത്. ആവശ്യമെങ്കില്‍ ഇതിലേക്ക് തേങ്ങാപ്പാലും ചേര്‍ക്കാം.
കൃത്രിമമധുരം ചേര്‍ത്ത ഒരു ഭക്ഷണവും നയൻതാര കഴിക്കാറില്ല. ഇക്കാര്യത്തില്‍ വളരെ നിര്‍ന്ധവുമുണ്ട്. കൃത്രിമമധുരം വണ്ണം കൂട്ടാൻ അടക്കം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഘടകമാണ്.
ശരീരത്തിലെ ജലാംശം എപ്പോഴും സൂക്ഷിക്കുന്നതിനായി വെള്ളം കുടിക്കുന്നതിന് പുറമെ പഴച്ചാറുകളും സൂപ്പുകളുമെല്ലാം നയൻസ് കാര്യമായി കഴിക്കാറുണ്ടത്രേ.
വര്‍ക്കൗട്ട്...
ഡയറ്റിനൊപ്പം തന്നെ വര്‍ക്കൗട്ടും കൃത്യമായി കൊണ്ടുപോയാല്‍ മാത്രമേ ഫിറ്റ്നസ് നിലനിര്‍ത്താൻ സാധിക്കുകയുള്ളൂ. നയൻസും വര്‍ക്കൗട്ട് മുടങ്ങാതെ ചെയ്യുന്നയാളാണ്. ജിം വര്‍ക്കൗട്ട് തന്നെയാണ് പ്രധാനം. പ്രത്യേകിച്ച് വെയിറ്റി ട്രെയിനിംഗ്. വര്‍ക്കൗട്ടിനോട് വളരെയധികം സമര്‍പ്പണബോധം കാണിക്കുന്നൊരു താരം കൂടിയാണ് നയൻതാരയെന്നാണ് ഫിറ്റ്നസ് പരിശീലകര്‍ പറയാറുള്ളത്.
ജിം വര്‍ക്കൗട്ടിന് പുറമെ യോഗ പരിശീലനവും നയൻസ് ചെയ്യുന്നുണ്ട്. ശരീരം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ മനസിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ഇത് ശരീരത്തെ പോസിറ്റീവ് ആയ രീതിയില്‍ സ്വാധീനിക്കുന്നതിനുമാണ് യോഗ ചെയ്യുന്നത്.
Also Read:- കൊച്ചിയില്‍ ഇഷ്ടപ്പെട്ട രുചി തേടിപ്പിടിച്ച് നയന്‍താരയും വിക്കിയും