Mother and Child : അമ്മമാരെ പരിഗണിക്കേണ്ടത് ഇങ്ങനെ; അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

''അണ്ഡവും ബീജവും ചേര്‍ന്നാണ്  മനുഷ്യ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്. അവരെ നോക്കാന്‍ നാലഞ്ച് കൊല്ലം ജീവിതം ഹോമിക്കുന്ന അണ്ഡദാതാവായ സ്ത്രീകളെ പറ്റിയാണ് എഴുതിയത്...''

facebook note which shares the importance of considering mothers as individuals

കുടുംബജീവിതം ( Family Life ) മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യമായ ഉത്തരവാദിത്തമാണുള്ളത്. ഇന്ന് പുരുഷനൊപ്പം തന്നെ ജോലി ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യം ( Financial Freedom ) നേടുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്നരിക്കെ, കുട്ടികള്‍, വീട്ടിലെ മറ്റ് ജോലികള്‍, ബാധ്യതകള്‍ എന്നിവയിലും പുരുഷന്റെ പങ്ക് കൃത്യമായി ഉണ്ടായേ മതിയാകൂ. 

എന്നാല്‍ പലപ്പോഴും കുട്ടികള്‍ അടക്കമുള്ള ഉത്തരവാദിത്തങ്ങള്‍ സ്ത്രീയിലേക്ക് മാത്രമായി അടിച്ചേല്‍പിക്കപ്പെടുന്ന സാഹചര്യമാണ് നമുക്ക് കാണാനാകുന്നത്. പുരോഗമന സമൂഹം, തീര്‍ച്ചയായും ഇക്കാര്യത്തില്‍ നീതിയുക്തമായ മാറ്റം ആവശ്യപ്പെടുന്നുണ്ട്. ഇതേ ആശയം പങ്കുവച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. 

അനാവശ്യമായി 'അമ്മയും കുഞ്ഞും' എന്ന ബന്ധത്തെ മഹത്വവത്കരിച്ച് സ്ത്രീയിലേക്ക് അമിതഭാരം ഏര്‍പ്പെടുത്തുന്ന രീതി ഇല്ലാതാകണമെന്നും, കുഞ്ഞുങ്ങളെ നോക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ തന്നെ ന്യായമായ ചിലവിലുള്ള കേന്ദ്രങ്ങള്‍ തുടങ്ങണമെന്നുമാണ് അധ്യാപികയായ കെ. കെ റസീന തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. 

നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഏറെയും സ്ത്രീകള്‍ തന്നെയാണ് ഈ ആശയത്തോട് ഐക്യദാര്‍ഢ്യപ്പെട്ട് രംഗത്തെത്തുന്നത്. 

റസീന പങ്കുവച്ച കുറിപ്പ് വായിക്കൂ...

ബാങ്കില്‍, പോസ്റ്റ് ഓഫീസില്‍, അക്ഷയ സെന്ററില്‍, പാരന്റ്‌സ് മീറ്റിങ്ങില്‍, കല്യണവീട്ടില്‍, ട്രാന്‍സ്പോര്‍ട് ബസുകളില്‍,ആശുപത്രികളില്‍,തുണികടകളില്‍ എല്ലാം കുഞ്ഞുങ്ങളെയും ഒക്കത്തു വെച്ചോ കയ്യില്‍ പിടിച്ചോ കുഞ്ഞിന് മൊബൈലില്‍ വീഡിയോ ഇട്ട് കൊടുത്തോ ഓടി  നടന്ന് അവരവരുടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്ന സ്ത്രീകളെ കാണാം.അവരിലെത്ര പേര് ആഗ്രഹിച്ചിട്ടാണ് കുട്ടികളെ കൂടെ കൂട്ടുന്നുണ്ടാവുക?

ഒരു കുഞ്ഞുണ്ടായികഴിഞ്ഞാല്‍  വീട്ടില്‍ നിന്നും പുറത്തിറങ്ങേണ്ടി വരുമ്പോള്‍ ഓരോ സ്ത്രീയും നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് കുഞ്ഞിനെ എന്ത് ചെയ്യും എന്നത്. തെഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടി  മാത്രമല്ല സ്വന്തമായ ഏതാവശ്യത്തിന് പുറത്തിറങ്ങാനും കുഞ്ഞിനെ സുരക്ഷിതമായി ഒരിടത്തു ഏല്പിക്കുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറും.

നെഞ്ചു വിരിച്ചു കയ്യും വീശി മുമ്പില്‍ നടക്കാനല്ലാതെ, ഉണ്ടാക്കിയ കുഞ്ഞ് തന്തയുടെ കൂടി ഉത്തരവാദിത്തമാണെന്ന് ബോധ്യപെടുത്തുന്ന ഒന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ല.കുടുംബത്തിലെ മറ്റു സ്ത്രീകളുടെ സഹായം തേടുകയേ പ്രസവിച്ച സ്ത്രീക്ക് പിന്നെ വഴിയുള്ളു.സഹായം അപേക്ഷികമാണ്. സഹായി മിക്കപ്പോഴും വേറെ ഒരു സ്ത്രീതന്നെയാവും -മിക്കവാറും സ്വന്തം ഉമ്മ അല്ലങ്കില്‍ ഭര്‍തൃ മാതാവ്.അതിനായി തിരിച്ചു ചെയ്യണ്ട വിട്ട് വീഴ്ചകള്‍ വേറെ.കുഞ്ഞിനെ നോക്കുന്നത് തന്തയുടെ കൂടി ഉത്തരവാദിത്തമാണെന്ന ബോധമുള്ള സ്ത്രീകളെ സംബന്ധിച്ച്,ആ ബോധം തന്തക്കും നാട്ടുകാര്‍ക്ക് മൊത്തത്തിലും ഉണ്ടാക്കാനുള്ള ഒറ്റമൂലികള്‍  അവളവളുടേതായ രീതിയില്‍ പ്രയോഗിക്കുന്ന കാലഘട്ടം കൂടിയാണ് അമ്മ കാലം.

ഇഷ്ട്ടമുള്ള ഒരാളെ കാണാന്‍ പോവാന്‍, ഒറ്റക്കൊരു സിനിമ കാണാന്‍, പുഴയിലോ കുളത്തിലോ ഇറങ്ങി ഒന്ന് നീന്തി കുളിക്കാന്‍, ഒരു യാത്ര പോവാന്‍,ഹോട്ടലില്‍ കേറി സ്വസ്ഥമായൊന്നു ഭക്ഷണം കഴിക്കാന്‍,പുറത്തിറങ്ങി കയ്യും വീശി വെറുതെ നടക്കാന്‍ ഒക്കെ ഉള്ള ആഗ്രഹങ്ങളെ മൂടി വെച്ചിട്ടാണ് സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് കാവലിരിക്കുന്നത്.

വേണ്ടിടത്തും വേണ്ടത്തിടത്തും അമ്മയും കുഞ്ഞും എന്ന് മഹത്വവല്‍കരിച്ച് ഈ ഏര്‍പ്പാട് നിലനിര്‍ത്തി കൊണ്ട് പോവാനുള്ള ശ്രമങ്ങളെ സമൂഹത്തില്‍ കാണാന്‍ കിട്ടൂ. കുഞ്ഞ് അമ്മക്കൊപ്പം മാത്രമേ സന്തോഷമായി ഇരിക്കൂ, കുഞ്ഞു വിശന്നാല്‍ അമ്മ കൊടുത്താലേ വിശപ്പടങ്ങൂ, കുഞ്ഞ് അപ്പിയിട്ടാല്‍ അമ്മ കഴുകിയാലേ വൃത്തിയാവൂ എന്നിങ്ങനെ ഉള്ള വിചാരങ്ങള്‍ക്കൊക്കെ നല്ല പ്രചാരമാണ് കുടുംബങ്ങളില്‍. അത് കൊണ്ട് തന്നെ ക്രഷും പ്ലേ സ്‌കൂളും ഒക്കെ മിക്കവര്‍ക്കും ഇന്നും ചീത്ത സ്ഥലങ്ങള്‍ ആണ്. പ്ലേ സ്‌കൂളില്‍ കുട്ടിയെ ആക്കുന്ന രക്ഷിതാക്കളെ കുട്ടി വലുതാവുമ്പോള്‍ ഓള്‍ഡ് ഏജ് ഹോമില്‍ ആക്കും എന്നൊക്കെ ഭീഷണിയായി പറയുന്ന മനുഷ്യരുണ്ട് നാട്ടില്‍!

ഇതിനെ ഒക്കെ മറികടന്നു കുഞ്ഞുങ്ങളെ ക്രഷില്‍ വിടാന്‍ തീരുമാനിച്ചാല്‍ തന്നെ സാധാരണകാര്‍ക്ക് തങ്ങുന്നതല്ല മിക്കവാറും ഇടങ്ങളിലെ ഫീസ് നിരക്ക്.കുഞ്ഞിനെ നോക്കാന്‍ ജോലിക്ക് ആളെ നിര്‍ത്തി പുറത്തു പോവലൊക്കെ നല്ല പണമുള്ളവര്‍ക്കേ സാധിക്കൂ.അംഗനവാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് വയസ് കഴിഞ്ഞേ പ്രവേശനമുള്ളു.മുലപ്പാല്‍ അല്ലാത്ത ഭക്ഷണം കഴിക്കാറാവുന്ന ആറു മാസംമുതല്‍ പകല്‍ സമയത്തു കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാവുന്ന,ചിലവ് കുറഞ്ഞ ഇടങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടങ്കില്‍ എത്ര നന്നാവുമായിരുന്നു.തൊഴില്‍ രഹിതരായ ഒരുപാട് പേര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ കൂടിയാവില്ലേ അത്?

അണ്ഡവും ബീജവും ചേര്‍ന്നാണ്  മനുഷ്യ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്. അവരെ നോക്കാന്‍ നാലഞ്ച് കൊല്ലം ജീവിതം ഹോമിക്കുന്ന അണ്ഡദാതാവായ സ്ത്രീകളെ പറ്റിയാണ് എഴുതിയത്. ഇത്രയും വായിക്കുമ്പോള്‍,പാവം പിടിച്ച പൈതങ്ങളെ വളര്‍ത്തുന്നതിനാണ് ഈ കണക്ക് പറച്ചില്‍ എന്ന് തോന്നുന്നവര്‍ ഇപ്പൊ വായിച്ച വാചകം ഒരാവര്‍ത്തി കൂടി വായിക്കാനപേക്ഷ.

 

 

Also Read:- സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ഒരമ്മ; ദിവ്യക്ക് പറയാനുള്ളത്...

Latest Videos
Follow Us:
Download App:
  • android
  • ios