അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്, ജഡ്ജ് ചെയ്‌ത്‌ മാർക്കിടാൻ ആരെയും ആരും ഏർപ്പാടാക്കിയിട്ടില്ല

അല്ലെങ്കിലും ഇവിടെ പ്രായപൂർത്തിയായവർ എങ്ങനെ ജീവിക്കണമെന്ന്‌ ജഡ്‌ജ്‌ ചെയ്‌ത്‌ മാർക്കിടാൻ ആരെയും ആരും  ഏർപ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട്‌ പേർ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്‌സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത്‌ ജെൻഡറിൽ പെട്ടവരായാലും 'പങ്കാളികൾ' - പങ്ക്‌ വെക്കുന്നവരാണ്‌...

dr-shimna-azeez-facebook post on adhila-and-noora-to-live-together

കോഴിക്കോട്: ജീവിതപങ്കാളികളായ ആദിലക്കും നൂറക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസീസ്.

ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും അവരെ അവരുടെ പാട്ടിന് വിടണമെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ഒരുമിച്ച് ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയ വാർത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന്‌ പകരം  കമന്റിൽ തെറിവിളി, ആഭാസം പറച്ചിൽ, അവർ തമ്മിലുള്ള സെക്‌സിന്റെ വർണന !!  എന്തൊക്കെ സൈസ്‌ ഞരമ്പുരോഗികളാണോ !!
ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകർഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വൽ ഓറിയന്റേഷൻ. ഒരു വ്യക്തിക്ക് ലൈംഗിക ആകർഷണം തോന്നുന്നത് മറ്റൊരു ജെൻഡറിൽ പെട്ട വ്യക്തിയോടാണെങ്കിൽ അതിനെ ഹെട്രോസെക്ഷ്വാലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകർഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകർഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വൽ ഓറിയന്റേഷൻ ഇതാണ്. 
അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വൽ ഓറിയന്റേഷൻ ഹെട്രോസെക്ഷ്വലാണ് എന്നത് കൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല. ഒരേ ജെൻഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകർഷണം തോന്നുന്നതാണ് സ്വവർഗലൈംഗികത അഥവാ ഹോമോസെക്ഷ്വാലിറ്റി. ഇതിൽ സ്ത്രീകളോട് മാത്രം ലൈംഗിക ആകർഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയൻ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകർഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക. ഇതല്ലാതെ വേറെയും സെക്ഷ്വൽ ഓറിയന്റേഷനുകളുമുണ്ട്.  ഇതിൽ ഏത് സെക്ഷ്വൽ ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വൽ ഓറിയന്റേഷൻ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല. 
അല്ലെങ്കിലും ഇവിടെ പ്രായപൂർത്തിയായവർ എങ്ങനെ ജീവിക്കണമെന്ന്‌ ജഡ്‌ജ്‌ ചെയ്‌ത്‌ മാർക്കിടാൻ ആരെയും ആരും  ഏർപ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട്‌ പേർ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്‌സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത്‌ ജെൻഡറിൽ പെട്ടവരായാലും 'പങ്കാളികൾ' - പങ്ക്‌ വെക്കുന്നവരാണ്‌... അത്‌ സുഖവും ദു:ഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചിലവിലൊന്നുമല്ലല്ലോ.
ആദിലയുടെയും  നൂറയുടെയും ഇഷ്‌ടമൊക്കെ ആ വ്യക്‌തികളുടെ തീരുമാനമാണ്‌. അതിലെ എല്ലാ വശങ്ങളും അവരായിട്ട്‌ അനുഭവിച്ചോളും. അതിന്‌ ടെൻഷനാവാണ്ട്‌ നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ മതി.
ഇല്ലെങ്കിൽ?
കാലാകാലം സ്വസ്‌ഥതയില്ലാതെ  ഇങ്ങനെ ചൊറിഞ്ഞോണ്ട്‌ ജീവിക്കാം. അത്ര തന്നെ.
Dr. Shimna Azeez
 

Latest Videos
Follow Us:
Download App:
  • android
  • ios