'ഉയരെ'യിലെ പല്ലവിയെ പോലെ പതറാതെ പറന്നുയർന്നു; പ്രതിസന്ധികളെ അതിജീവിച്ചു, ഡോ.ഷാഹിനയ്ക്ക് പറയാനുണ്ട് ചിലത്...
ഉയരെ സിനിമ കണ്ടിറങ്ങിയ അന്ന് മുതൽ എന്റെ മനസിൽ ഒരു ആഗ്രഹമുണ്ട്. ടൊവിനോയെയും പാർവ്വതിയെയും നേരിൽ കാണണം.എന്റെ ആഗ്രഹം ഉയരെ സിനിമയുടെ ഡയറക്ടർ മനു അശോകുമായി സംസാരിച്ചിരുന്നു.
അഞ്ചാം വയസിലുണ്ടായ ആ തീനാളങ്ങളാണ് ഷാഹിനയെ കരുത്തുറ്റ ഡോ. ഷാഹിനയാക്കി മാറ്റിയത്. കുട്ടിക്കാലത്തുണ്ടായ ആ അപകടം ആദ്യമൊക്കെ ഷാഹിന മറക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിധിയ്ക്ക് മുന്നിൽ തോറ്റു കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു ഷാഹിന.
അഞ്ചാം വയസിൽ ശരീരത്തിൽ തീ ആളികത്തിയപ്പോൾ ഉയരങ്ങളിലെത്തുമെന്ന് ഷാഹിന കരുതിയിരുന്നില്ല. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം ഷാഹിന കേൾക്കാൻ നിന്നിരുന്നില്ല. ലക്ഷ്യത്തിലെത്താൻ ആത്മാർത്ഥമായി പരിശ്രമിച്ചു. ഒടുവിൽ ഉയരെയിലെ പല്ലവിയെ പോലെ ഷാഹിന പതറാതെ പറന്നുയർന്നു.
ജീവിതത്തെ ഷാഹിന ധെെര്യത്തോടെയും ചിരിച്ച് കൊണ്ടും നേരിട്ടു. പല്ലവിയെ പോലെ ഉയരത്തിലെത്തിയ സന്തോഷത്തിലാണ് ഡോ. ഷാഹിന കുഞ്ഞുമുഹമ്മദ്. താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും ജീവിത വിജയത്തിന് പിന്നിൽ താങ്ങായി നിന്ന വരെയും കുറിച്ചും ഷാഹിന തുറന്ന് സംസാരിക്കുന്നു....
ആ അപകടം ഉണ്ടായത് അഞ്ചാം വയസിൽ....
അഞ്ചാം വയസിലാണ് ആ അപകടം ഉണ്ടായത്. പുതിയ വീട്ടിൽ താമസം തുടങ്ങിയ സമയമായിരുന്നു അന്ന്. ആ സമയത്ത് കറണ്ട് കണക്ഷൻ കിട്ടിയിരുന്നില്ല. ഞാൻ അന്ന് ഇത്താത്തമാരുടെ കൂടെയിരുന്ന് പഠിക്കുകയായിരുന്നു. പോളിസ്റ്റർ ഡ്രസ്സ് തുണിയായിരുന്നു ആ സമയത്തിട്ടിരുന്നത്. കറന്റ് ഇല്ലാത്ത സമയം വിളക്ക് കത്തിച്ചു വെച്ച് പഠിക്കുകയായിരുന്നു . പെട്ടെന്ന് മണ്ണെണ്ണ വിളക്ക് കെെത്തട്ടി മടിയിലേക്ക് വീഴുകയായിരുന്നു. വിളക്ക് മടിയിലേക്ക് വീണപ്പോൾ തീ ആളിക്കത്തി.
തീ മുകളിലേക്കാണ് ആളിക്കത്തിയത്. താഴേ പ്രശ്നമൊന്നും വന്നില്ല. ആന്തരിക അവയങ്ങളെയും ബാധിച്ചിട്ടില്ല. കഴുത്തിനും കൈയിലും മുഖത്തിനുമാണ് കൂടുതലും ബാധിച്ചത്. വിരൽ പൂർണമായി ഒട്ടിയ നിലയിലായിരുന്നു അന്ന്. രണ്ട് ദിവസം കഴിഞ്ഞാണ് കണ്ണ് തുറന്നത്. അപകടം ഉണ്ടായ സമയം ഉമ്മച്ചി വീട്ടിലുണ്ടായിരുന്നു.ശബ്ദം കേട്ട് ഉമ്മച്ചി ഓടി വന്നു.
ഇത്താത്തമാരുടെ ശബ്ദം കേട്ട് ഉമ്മച്ചി ഓടി വരികയാണ് ചെയ്തത്. ഉമ്മച്ചി ഉടനെ തന്നെ ഒരു കലം വെള്ളമെടുത്ത് ശരീരത്തിൽ ഒഴിക്കുകയാണ് ചെയ്തത്. ബാപ്പച്ചി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. റോഡിലൂടെ പോയ ഒരു ടെമ്പോഴ്ക്ക് കെെ കാണിച്ചു. ആ ടെമ്പോയിലെ ഡ്രെെവർ ഉടൻ തന്നെ വണ്ടി നിർത്തി. ഉടനെ തന്നെ എറണാകുളത്തെ ലിസി ഹോസ്പിറ്റലിലാണ് കൊണ്ട് പോയത്. 75 ശതമാനത്തോളം ശരീരം പൊള്ളിയതായി ഡോക്ടർമാർ പറഞ്ഞു.
ചികിത്സകളും സർജറികളും...
56 ദിവസം ലിസി ആശുപത്രിയിൽ കിടന്നു. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. മാറ്റമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു പിന്നീടുള്ള ചികിത്സകളൊക്കെ. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ശേഷമാണ് ഇംപ്രൂർവ്മെന്റ് വന്ന് തുടങ്ങിയത്. ഓരോ ഇംപ്രൂർവ്മെന്റ് വന്ന തുടങ്ങിയപ്പോൾ അത്യാവശ്യമായി വേണ്ട സർജറി ചെയ്യാൻ തുടങ്ങി. കഴുത്തിനു അത്യാവശ്യമായി വേണ്ട നാല് സർജറികൾ ചെയ്തിട്ടുണ്ട് . അതിന് ശേഷം കോളറിട്ടിട്ടാണ് കഴുത്ത് ശരിയാക്കിയത്.
ആദ്യ ദിവസം സ്കൂളിലെത്തിയപ്പോൾ....
ഞങ്ങൾ നാല് പെൺകുട്ടികളാണ്. ഏറ്റവും ഇളയ ആളാണ് ഞാൻ. ചേച്ചിമാരെ സ്കൂളിൽ ചേർത്തത് പോലെ തന്നെ എന്നെയും ബാപ്പച്ചി സ്കൂളിൽ ചേർത്തു. സ്കൂളിൽ ചേർത്ത സമയം ബാപ്പച്ചി ടീച്ചർമാരോട് എല്ലാ പറഞ്ഞിരുന്നു. ആദ്യ ദിവസം സ്കൂളിൽ പോയപ്പോൾ പല കുട്ടികളും പേടിയോടെയാണ് എന്നെ നോക്കിയിരുന്നത്. ആ സമയത്ത് കളിയാക്കലുകൾ കേട്ടിട്ടുണ്ട്. പതുക്കെ പതുക്കെയാണ് ഓരോ കുട്ടികളും അഡ്ജസ്റ്റായി വന്നത്.
സ്കൂൾ, കോളേജ് ലെെഫ്...
പത്താം ക്ലാസ് വരെ ഇടപ്പള്ളിയിലെ പയസ് ഗേൽസ് ഹെെ സ്കൂളിലായിരുന്നു പഠനം. അന്ന് സ്കൂളിൽ പഠിച്ചിരുന്ന പലരും ഇപ്പോഴും വിളിക്കാറുണ്ട്. ദാറുൽ ഉലും ഹയർ സെക്കന്ററി സ്കൂളിലാണ് പ്ലസ് വണ്ണും പ്ലാസ് ടൂവും പഠിച്ചിരുന്നത്. ഡോ.പടിയാർ മെമ്മോറിയിൽ ഹോമിയോപതിക്ക് മെഡിക്കൽ കോളേജ് ചോറ്റാനിക്കരയിൽ ആണ് ബിഎച്ച്എംഎസ് പഠിച്ചത്.
2012 ൽ ബിഎച്ച്എംഎസ് കോഴ്സ് കഴിഞ്ഞിറങ്ങി 2012 മുതൽ 2017 വരെ കളമശ്ശേരിയിലെ സെന്റ്. മേരീസ് ഹോമിയോ ക്ലീനിക്കിൽ ഡോക്ടർ റെൻസ് എബ്രഹാമിന്റെ കീഴിൽ ജൂനിയർ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 2017 ഒക്ടോബർ 23 നു പി എസ് സി വഴി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി കുടക്കച്ചിറ കോട്ടയത്തു മെഡിക്കൽ ഓഫീസർ (ഗസറ്റഡ് ) ആയി ചാർജ് എടുത്തു. ഇപ്പോഴും അവിടെ സേവനം തുടരുന്നു . വീട്ടിലും വൈകിട്ട് പ്രാക്ടീസ് ചെയ്യുന്നുണ്ട്.
കുടുംബം...
ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ഇടപ്പള്ളിയിൽ തന്നെയാണ്. ബാപ്പച്ചി, ഉമ്മച്ചി, മൂന്ന് ചേച്ചിമാർ...മൂത്ത ചേച്ചി ഭർത്താവിന്റെ കൂടെ സ്റ്റുഡിയോ ബിസിനസിൽ സഹായിക്കുന്നു. രണ്ടാമത്തെ ചേച്ചി ഗവ. ക്ലർക്കാണ്, മൂന്നാമത്തെ ചേച്ചി ടീച്ചറാണ്....
അന്ന് സഹായിച്ചത് ബന്ധുക്കൾ.....
അപകടം നടന്ന സമയത്ത് എല്ലാ കാര്യത്തിലും സഹായിച്ചത് ബന്ധുക്കളാണ്. ഉമ്മച്ചിയുടെ സഹോദരൻ അലി കെ.എം, പിന്നെ ഉമ്മച്ചിയുടെ ഉമ്മച്ചി പരീതുമ്മ മറ്റുള്ള എല്ലാ ബന്ധുക്കളും ആ സമയത്ത് എല്ലാ കാര്യത്തിനും സഹായത്തിനുണ്ടായിരുന്നു. പിന്നെ ആ സമയത്ത് കൂടുതൽ കെയറിങ്ങും സ്നേഹവും തന്നത് എന്റെ മൂന്ന് ചേച്ചിമാരാണ്. അന്നും ഇന്നും അവർ എല്ലാ കാര്യത്തിലും ഫുള്ള് സപ്പോർട്ടാണ്.
സുഹൃത്തുക്കൾ എന്നും എനിക്കൊപ്പം...
എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ട്. അവർ എനിക്ക് തരുന്ന സപ്പോർട്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എല്ലാ സുഹൃത്തുക്കളും എപ്പോഴും എനിക്കൊപ്പമുണ്ട്.കോളേജ് കാലത്ത് എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. പ്രത്യേകിച്ച് പറയുകയാണെങ്കിൽ പാടിയാറിലെ 12ത്ത് ബാച്ചിലെ സുഹൃത്തുക്കൾ എനിക്ക് വളരെയധികം സപ്പോർട്ട് നൽകിയിരുന്നു.എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്ന രശ്മി, സൂര്യ, അശ്വിൻ ജെസീൽ, മറ്റുള്ളവർ എല്ലാരും തന്നെ ഭയങ്കര സപ്പോർട്ടായിരുന്നു എല്ലാത്തിനും. ശരിക്കും പറഞ്ഞാൽ ഈയൊരു ജീവിത കഥ പുറം ലോകത്ത് എത്തിക്കണമെന്ന് പറഞ്ഞത് പോലും എന്റെ അടുത്ത സുഹൃത്തായ ബെബറ്റോ സക്കറിയാസ് ആണ്.
ദെെവത്തോട് നന്ദി പറയുന്നു...
ആദ്യം നന്ദി പറയുന്നത് ദെെവത്തോട് തന്നെയാണ്. എന്ത് കൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ഞാൻ ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട്. ദെെവം തന്ന ശക്തി തന്നെയാണ് എനിക്ക് ഇതുവരെ എത്തിച്ചേരാൻ സാധിച്ചത്. ശരിക്കും രണ്ടാം ജന്മമാണെന്ന് പറയാം. ഈ രണ്ടാം ജന്മം മറ്റുള്ളവർക്ക് വേണ്ടി സേവനം അനുഷ്ഠിക്കാൻ ദൈവം തന്ന അനുഗ്രഹമായി കാണുന്നു.
അന്ന് ബാപ്പച്ചി പറഞ്ഞത്....
നീയാണ് തീരുമാനിക്കേണ്ടത് നിന്റെ തീരുമാണ്....ഇതായിരുന്നു അന്ന് ബാപ്പച്ചി പറഞ്ഞത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്റെ ഇഷ്ടത്തിന് എനിക്ക് ഇഷ്ടമുള്ള കോഴ്സ് എടുക്കാമെന്ന് ബാപ്പച്ചി പറഞ്ഞു. ഏഴാം ക്ലാസ് വരെ സർജറികൾ ഇടക്കിടക്ക് ചെയ്തിരുന്നു. 75 ശതമാനത്തോളം പൊള്ളലുണ്ടായിരുന്നു. ഇപ്പോൾ 45 ശതമാനം പൊള്ളൽ മാത്രമേയുള്ളൂ.
ഇനിയുള്ളത് പ്ലാസ്റ്റിക്ക് സർജറി മാത്രമാണ്. വളരെ റിസ്ക്കുള്ള ഒന്നാണ് പ്ലാസ്റ്റിക്ക് സർജറി. എന്റെ വയസിലുള്ള ഒരേ സ്കിൻ ഡോണർ വേണം, ഒരു പോലെയുള്ള ബ്ലഡ് ഗ്രൂപ്പ് ... പ്ലാസ്റ്റിക്ക് സർജറി ചെയ്ത് കഴിഞ്ഞാൽ ഇൻഫെക്ഷൻ ആകാതെ നോക്കണം. ജീവിത കാലം മെഡിസിൻ കഴിച്ചു കൊണ്ടിരിക്കേണ്ടി വരും അങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്. ഞാൻ ഈ രൂപത്തിൽ ഇപ്പോൾ വളരെയധികം ഹാപ്പിയാണ്. അത് കൊണ്ട് തന്നെയാണ് ഇനി സർജറിയൊന്നും വേണ്ടെന്ന് തീരുമാനിച്ചത്.
കുറ്റപ്പെടുത്തലും പരിഹാസങ്ങളും...
കുട്ടിക്കാലത്താണ് കൂടുതലും കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുള്ളതെന്ന് പറയാം. ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ ഇടയിൽ ഇതുവരെയും ആ ഒരു പ്രശ്നം വന്നിട്ടില്ല. പലർക്കും എന്നെ അറിയാം. എന്നാൽ ചില ആളുകളുണ്ട്.. ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോഴോ അല്ലാതെയോ അയ്യോ പാവം, ഇത് എന്ത് പറ്റിയതാ... പൊള്ളി കഴിഞ്ഞാൽ ഭാഗ്യം പോയി ഇങ്ങനെ പറയുന്ന ചിലരുണ്ട്. അങ്ങനെയുള്ളവരോട് എനിക്ക് ദേഷ്യം തോന്നാറുണ്ട് സഹതാപവുമായി മുന്നോട്ട് വരുന്ന വരെ എനിക്ക് തീരെ താൽപര്യമില്ല.
പ്രതിസന്ധികളിൽ തളരരുത്...
ഈ സമൂഹത്തിൽ എന്നെ പോലുള്ള എത്രയോ പെൺകുട്ടികളുണ്ട്. പ്രത്യേകിച്ച് ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടികൾ. മിക്ക പെൺകുട്ടികളും സംസാരിക്കാൻ പോലും താൽപര്യം കാണിക്കാറില്ല. മനസിന്റെ ധെെര്യമാണ് ആദ്യം വേണ്ടത്. എപ്പോഴും ബോൾഡായി നിൽക്കുകയാണ് വേണ്ടത്. നമ്മളെക്കാളും പ്രശ്നങ്ങളും അഭിമുഖികരിക്കുന്ന എത്ര കുട്ടികളുണ്ട് ഈ സമൂഹത്തിൽ.
അവരെ കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. അങ്ങനെ വച്ച് നോക്കുമ്പോൾ നമ്മളുടെത് വളരെ ചെറിയ പ്രശ്നമാണെന്ന് മനസിലാക്കാൻ പറ്റും. ഇങ്ങനെ ചിന്തിച്ചാൽ പോസ്റ്റീവായിരിക്കാൻ സാധിക്കും. ഒരു പ്രശ്നം വന്നാൽ തളർന്ന് പോകാതെ ധെെര്യത്തോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. ഒരു കാരണവശാലും ഒതുങ്ങി കൂടിയിരിക്കരുത്. പോസിറ്റീവ് ആന്റ് ബോൾഡ് ഈ രണ്ട് വാക്കാണ് മനസിൽ എപ്പോഴും വേണ്ടത്.
വിവാഹത്തെ പറ്റി പറയാനുള്ളത്...
എനിക്ക് ഇപ്പോൾ 32 വയസുണ്ട്. ശരിക്കും വിവാഹത്തെ കുറിച്ച് ഉള്ളിലൊരു പേടിയുണ്ട്. എങ്ങനെയുള്ള ആളായിരിക്കും വരാൻ പോകുന്നതെന്നതിനെ കുറിച്ച് ഓർക്കുമ്പോൾ ചെറിയൊരു പേടിയുണ്ട്. എന്നെ മനസിലാക്കുന്നതും എന്നോടൊപ്പവും നിൽക്കുന്ന ഒരാളെയാണ് വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജോലി നോക്കിയോ പണം നോക്കിയോ, എന്നോട് സിംപതി കാണിച്ചു വരുന്ന ആരെയും ഞാൻ ഒരു കാരണവശാലും സ്വീകരിക്കില്ല.
എന്നെ ഫുൾ സപ്പോർട്ട് ചെയ്യുന്ന ഒരാൾ. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ കുറവ് മനസിലാക്കി വരുന്ന ഒരാൾ. എങ്കിൽ മാത്രമേ വിവാഹത്തിന് താൽപര്യമുള്ളൂ. ഉയരെ സിനിമയിൽ ടോവിനോ പറയുന്നത് പോലെ 2019 ആയില്ലേ സൗന്ദര്യത്തെ കുറിച്ച് ഒക്കെ ആളുകൾ ഇപ്പോ മാറ്റി ചിന്തിച്ചു തുടങ്ങി. ബാഹ്യ സൗന്ദര്യത്തിൽ വിശ്വസിക്കാത്ത ആരെങ്കിലും വരുമെങ്കിൽ ആലോചിക്കാം.
ഹോമിയോ എടുക്കാൻ കാരണം...
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സിവിൽ എൻജിനിയറിങ്ങായിരുന്നു താൽപര്യം. അതിന് വേണ്ടി എൻട്രൻസും എഴുതി. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ഒരു സുഹൃത്ത് മനീഷ ഷാഹിനയ്ക്ക് മെഡിനിന് എഴുതി കൂടെ എന്ന് ചോദിച്ചത്. അങ്ങനെയാണ് മെഡിസിൻ എടുത്താലോ എന്ന് ആലോചിക്കുന്നത്. അതിന് വേണ്ടി എൻട്രൻസും എഴുതി. എൻജിനിയറിങ്ങിന് എൻട്രെൻസ് എഴുതിയെങ്കിലും കിട്ടിയില്ല. മെഡിസിന് ലിസ്റ്റിൽ പേരുണ്ടായിരുന്നു.
പക്ഷേ കിട്ടുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് ഇടയ്ക്ക് ഡ്രിഗ്രിക്ക് കയറുന്നത്. കുറച്ച് നാൾ കഴിഞ്ഞാണ് തിരുവനന്തപുരത്ത് നിന്ന് കൗൺസിലിങ്ങിന് വിളിക്കുന്നത്. ആയുർവേദം, അലോപ്പതി, ഹോമിപ്പതി...ഇതിൽ ഏത് ഓപ്ഷൻ എടുക്കണമെന്ന് സംശയമുണ്ടായിരുന്നു. ആയുവേർദം, അലോപ്പതി കിട്ടാതെ വന്നപ്പോൾ ഹോമിയോപ്പതി എടുക്കുകയായിരുന്നു. ദൈവത്തിന്റെ തീരുമാനം ആയിരിക്കും ഒരു ഡോക്ടർ ആകുക എന്നുള്ളത്... ഈ ജോലിയിൽ ഞാൻ വളരെ അധികം ഹാപ്പിയാണ്.
ബാപ്പച്ചി തന്നെയാണ് റോൾ മോഡൽ...
ബാപ്പച്ചി തന്നെയാണ് എന്റെ റോൾ മോഡലെന്ന് പറയാം. എന്റെ നെടുംതൂൺ എന്ന് പറയുന്നത് തന്നെ ബാപ്പച്ചിയാണ്. എല്ലാ കാര്യത്തിലും എന്നോടൊപ്പം കൂടെ ബാപ്പച്ചിയും ഉമ്മിച്ചിയും ചേച്ചിമാരും എല്ലാത്തിനുമുണ്ട് . എനിക്കും എന്നും ഫുള്ള് സപ്പോർട്ട് തരുന്നത് എന്റെ ബാപ്പച്ചി തന്നെയാണ്. ഒരു പ്രശ്നം വന്നാൽ ഒരു കാരണവശാലും തളരരുതെന്ന് പഠിപ്പിച്ച് തന്നതും ബാപ്പച്ചി തന്നെ.
എനിക്കൊരു ആഗ്രഹമുണ്ട്....
ഉയരെ സിനിമ കണ്ടിറങ്ങിയ അന്ന് മുതൽ എന്റെ മനസിൽ ഒരു ആഗ്രഹമുണ്ട്. ടൊവിനോയെയും പാർവ്വതിയെയും നേരിൽ കാണണം. എന്റെ ആഗ്രഹം ഡയറക്ടർ മനു അശോകുമായി സംസാരിച്ചിരുന്നു. അന്ന് ഇവരെ കാണണമെന്ന ആഗ്രഹവും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എപ്പോഴെങ്കിലും അവസരം വന്നാൽ അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ടൊവിനോയുടെ ആ പിറന്നാൾ വീഡിയോ...
എന്റെ ജന്മ ദിനത്തിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ടൊവിനോ പിറന്നാൾ ആശംസകളുമായി വരുന്ന ആ വീഡിയോ ഞാൻ കാണുന്നത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി. വളരെയധികം സന്തോഷം തോന്നി. എന്റെ ബ്രദർ അർഷാദ് ന്റെ സുഹൃത്ത് ആണ് ടോവിനോ. ടോവിനോയുടെ ഫാൻ ആയ എനിക്ക് അർഷാദ് ആണ് ആ ഒരു സർപ്രൈസ് വീഡിയോ സമ്മാനം ആയി തന്നത്. സസ്പെൻസായി വന്ന വീഡിയോയായിരുന്നു അത്.
മറ്റൊരു ആഗ്രഹം....
യാത്രയോട് പ്രണയം ആണ്. ദുബായിൽ പോകണമെന്നൊരു ആഗ്രഹമുണ്ട്. ബുർജ് ഖലീഫ കാണണം എന്ന് കുറെ നാളായിട്ടുള്ള ഒരു ആഗ്രഹമാണ് . ഒരു ഡ്രീം പ്ലേസ് എന്നൊക്കെ പറയില്ലേ അത് പോലെ. ഒരുപാട് നല്ല സുഹൃത്തുക്കളും ഉണ്ട് ദുബൈയിൽ.
ഉയരെ കണ്ടിറങ്ങിയപ്പോൾ....
ഉയരെ മൂവി കണ്ട ശേഷം ശരിക്കും എനിക്കൊന്നു എഴുതണമെന്നുണ്ടായിരുന്നു. ഞാൻ എത്രത്തോളം വേദന അനുഭവിച്ചു എന്നത് ഈ ലോകത്തോട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്ത് ബെബറ്റോയാണ് എഴുതാനായി എന്നെ കൂടുതൽ പ്രോത്സാഹിപ്പിച്ചത്. നിന്റെ അനുഭവം എഴുതുന്നത് മറ്റുള്ളവർക്ക് കൂടുതൽ ഇൻസ്പെയറേഷനാകുമെന്ന് ബെബറ്റോ പറഞ്ഞു. അങ്ങനെയാണ് ഞാൻ എഴുതണമെന്ന തീരുമാനത്തിലെത്തിയത്.
സോഷ്യൽ മീഡിയയിലെ ചിലർ...
സോഷ്യൽ മീഡിയ ഒരുപാട് സപ്പോർട്ട് തരുന്നുണ്ട് എനിക്ക്. സോഷ്യൽ മീഡിയയിൽ നിരവധി പേർ എനിക്ക് മെസേജ് ചെയ്യുന്നുണ്ട്. സമയം പോലെ റിപ്ലൈ കൊടുക്കാറുണ്ട്. മെസേജ് ചെയ്തില്ലെങ്കിൽ ജാഡയാണെന്ന് പറയുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്. ചിലർ അനാവശ്യമായി മെസേജ് ചെയ്യുന്നുമുണ്ട്. ഡ്യൂട്ടിക്കിടെ കോൾ ഒക്കെ ചെയ്ത് ശല്യപ്പെടുത്തുന്നവരുമുണ്ട്. അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്.
ഡ്രെെവിങ്ങിനോട് താൽപര്യം....
ടൂവീലർ, ഫോർ വീലർ രണ്ടും ഡ്രെെവ് ചെയ്യാറുണ്ട്. 2012ലാണ് ലെെസൻസ് കിട്ടുന്നത്. ലോങ് ഡ്രെെവ് പോകാറായിട്ടില്ല...
ഇഷ്ട ഭക്ഷണം....
ഉമ്മിച്ചിയുടെ നെയ് ചോറും ചിക്കൻ കറിയുമാണ് ഇഷ്ട ഭക്ഷണം. കിട്ടുന്ന സമയങ്ങളിൽ അത്യാവശ്യം കുക്ക് ചെയ്യാറുമുണ്ട്....
നീ ഹാപ്പിയാണല്ലോ, പലരും ചോദിക്കാറുണ്ട്....
ഞാൻ ബോൾഡാണ്. കളിയാക്കലുകൾ പരിഹാസങ്ങൾ അതൊന്നും അങ്ങനെ കേൾക്കാറില്ല. പോസ്റ്റിവായിരിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പലരും പറയാറുണ്ട്. ഷാഹിന നീ ഹാപ്പിയാണല്ലോ എന്നൊക്കെ....അതിന്റെ രഹസ്യം എന്താണെന്നൊക്കെ... ഞാൻ എപ്പോഴും ചിരിച്ച് കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്.
ജിഎൻപിസി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്...
പ്രളയത്തെ തുടർന്ന് ഒരുപാട് നാശനഷ്ടങ്ങളുണ്ടായല്ലോ. അതിനെ തുടർന്ന് ജിഎൻപിസി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വെള്ളപ്പൊക്ക കളക്ഷൻ ക്യാമ്പിൽ ഞാൻ പ്രവർത്തിച്ചിരുന്നു സൗത്ത് കളമശ്ശേരിയിലായിരുന്നു കളക്ഷൻ സെന്റർ. നിരവധി പേർ സഹായവുമായി വന്നു. കുറെ പേരെ സഹായിക്കാൻ സാധിച്ചില്ലേ വളരെയധികം സന്തോഷം തോന്നി. ഇതൊന്നും കൂടാതെ,ഞങ്ങൾ കുറച്ച് സ്ത്രീകൾ ചേർന്ന് കാടിന്റെ മക്കൾക്കായി കളക്ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്.
ആ അവാർഡ് ചടങ്ങിൽ പങ്കെടുത്തപ്പോൾ....
ഒട്ടും പ്രതീക്ഷിച്ചില്ല. 2019 എംപി അവാർഡ് ചടങ്ങിൽ അത്രയും പ്രമുഖരായവരോടൊപ്പം പങ്കെടുക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഹെെബി ഈഡൻ, പൃഥ്വിരാജ് ഇവരോടൊപ്പമെല്ലാം പങ്കെടുക്കാൻ കഴിയുക എന്നത് തന്നെ വലിയൊരു ഭാഗ്യം തന്നെയാണ്. വളരെയധികം സന്തോഷം തോന്നി...കളമശ്ശേരിയിലെ നന്മ എന്നൊരു കൂട്ടായ്മയുടെ പരിപാടിയിൽ എന്നെ ആദരിച്ചിരുന്നു.
P. T Thomas MLA യുടെ പ്രോഗ്രാമിൽ മഹാത്മജി പുരസ്‌കാരം നൽകിയിരുന്നു. മറ്റുള്ളവർക് ഒരു പ്രചോദനം ആകാൻ വേണ്ടിയാണ് എന്റെ ജീവിത കഥ ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിലൂടെ ഒരാൾ എങ്കിലും ഹാപ്പി ആയെങ്കിൽ ആ സന്തോഷം മതി എനിക്ക്. കിട്ടിയ എല്ലാ സപ്പോർട്ടിനും ആദരവിനും ഒക്കെ സർവ്വ ശക്തനോടും പേരെന്റ്സ് നോടും എല്ലാരോടും നന്ദി പറയുന്നു.
ആ വേദിയിലിരുന്നപ്പോൾ....
കഴിഞ്ഞ ദിവസം മുൻപ് പഠിച്ച പയസ് ഗേൾസ് ഹൈ സ്കൂളിൽ ഒരു പ്രോഗ്രാമിന് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു. പഠിച്ചിറങ്ങിയ സ്കൂളിൽ ഗുരുക്കന്മാരുടെ കൂടെ വേദിയിൽ ഇരിക്കാൻ പറ്റുക എന്നതൊക്കെ എന്റെ അഭിമാനവും ഭാഗ്യവും ആയി കാണുന്നു. അതൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്നാണ്..