കോണ്ടം ധരിച്ചിട്ടുണ്ടെന്നു പറഞ്ഞുപറ്റിച്ച് ബന്ധപ്പെട്ട യുവാവിനെതിരെ ബലാത്സംഗ കേസ്; നടക്കുന്നത് അപൂർവ വിചാരണ
കോണ്ടം ധരിച്ചാൽ മാത്രമേ താൻ ബന്ധപ്പെടാൻ തയ്യാറുള്ളൂ എന്നു യുവതി പറഞ്ഞിട്ടേയില്ലാ എന്നാണ് യുവാവ് അന്ന് കോടതിയിൽ വാദിച്ചത്.
കാനഡ: കഴിഞ്ഞ ബുധനാഴ്ച കാനഡയിലെ(canada) സുപ്രീം കോടതിയിൽ നടന്നത് വളരെ അപൂർവമായ ഒരു കേസിന്റെ വിചാരണയാണ്. കേസിൽ ഉയർന്നുവന്നത് ലൈംഗിക ബന്ധത്തിലെ(sex) ഉഭയസമ്മതത്തെക്കുറിച്ചുള്ള ചില മർമപ്രധാനമായ ചോദ്യങ്ങളാണ്. പങ്കാളി സെക്സിൽ ഏർപ്പെടും മുമ്പ് കോണ്ടം(condom) ധരിക്കണം എന്നു നിർബന്ധിച്ചു പറഞ്ഞിട്ടുണ്ട് എങ്കിൽ, ആ പറഞ്ഞതിന് സമ്മതം മൂളിയിട്ടാണ് നിങ്ങൾ ഉഭയസമ്മതത്തോടെ(consent) ഉള്ള സെക്സിലേക്ക് കടന്നത് എങ്കിൽ, അങ്ങനെ നടക്കുന്ന സെക്സിൽ ഏർപ്പെടും മുമ്പ് പുരുഷൻ കോണ്ടം ഉപയോഗിക്കാതെ പങ്കാളിയുമായി ബന്ധപ്പെട്ടാൽ, അത് അയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി(rape) ക്രിമിനൽ കേസ് ചാർജ് ചെയ്ത് വിചാരണ നടത്താൻ പോന്ന ഒരു കാരണമാകുമോ?
കാനഡ സുപ്രീം കോർട്ട് ഇപ്പോൾ വിചാരണയ്‌ക്കെടുത്തിട്ടുള്ള കേസിലെ വാദി, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതിയാണ്. അവർ ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ പ്രതി റോസ് മക്കൻസി കിർക്ക്പാട്രിക്കിനെ പരിചയപ്പെടുന്നത് ഒരു ഓൺലൈൻ ഡേറ്റിംഗ് പോർട്ടൽ വഴി 2017 -ന്റെ തുടക്കത്തിലാണ്. അതിനു ശേഷം അതേ വര്ഷം മാർച്ചിൽ വീണ്ടും കണ്ടുമുട്ടിയ അവർ തമ്മിൽ സെക്സ് പ്രാക്ടീസുകളെ കുറിച്ച് സംസാരിച്ചു എന്നും, താൻ ഒരാളോടും കോണ്ടം ധരിക്കാതെ ബന്ധപ്പെടാറില്ല എന്നു യുവതി പറഞ്ഞു എന്നും അതിനോട് യുവാവ് തൽക്ഷണം സമ്മതം മൂളി എന്നും അവരുടെ മൊഴിയിലുണ്ട്.
അതിനു ശേഷം, അവർ അടുത്തൊരു ദിവസം അയാളുടെ വീട്ടിൽ വെച്ച് കണ്ടുമുട്ടുകയും പരസ്പര സമ്മതത്തോടെ സെക്സിൽ ഏർപ്പെടുകയും ഉണ്ടായി. അന്ന് മുൻകൂർ വാക്കുനൽകിയപോലെ അയാൾ രതിയിൽ ഏർപ്പെടും മുമ്പ് കോണ്ടം ധരിച്ചിരുന്നു എന്നും യുവതി ഓർക്കുന്നു. എന്നാൽ രണ്ടാം തവണ, വീണ്ടും അതേ വീട്ടിൽ വെച്ച് ബന്ധപ്പെടാൻ ഒരുങ്ങവെ, അയാൾ കിടക്കയിലേക്ക് തന്നെ വലിച്ചിട്ട ശേഷം, കോണ്ടം എടുക്കാൻ എന്ന പോലെ ബെഡ് സൈഡ് ടേബിളിന്റെ ദിശയിലേക്ക് തിരിഞ്ഞു എന്ന് യുവതി പറയുന്നു. എന്നാൽ, കോണ്ടം എടുക്കുകയും ധരിക്കുകയുമാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതല്ലാതെ അയാൾ അങ്ങനെ ചെയ്യാതെ തന്നെ കബളിപ്പിക്കുകയായിരുന്നു എന്നും, സെക്സ് സെഷൻ പൂർത്തിയായ ശേഷം മാത്രമാണ് താൻ അതിനെക്കുറിച്ച് തിരിച്ചറിഞ്ഞത് എന്നും യുവതി പറയുന്നു. അങ്ങനെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ തന്നെക്കൊണ്ട് ചതിയിലൂടെ ഏർപ്പെടീക്കുക വഴി പ്രതി ചെയ്തിട്ടുള്ളത് ഗുഹ്യരോഗങ്ങളും, തന്റെ ഇഷ്ടത്തോടുകൂടി അല്ലാത്ത ഗർഭവും ഉണ്ടാകാനുള്ള സാധ്യതയിലേക്കും അതിന്റെ ആശങ്കകളിലേക്കും തന്നെ തള്ളിവിടുകയാണ് എന്നും പരാതിക്കാരി ആക്ഷേപിക്കുന്നു.
എന്നാൽ, റോസ് മക്കൻസി കിർക്ക്പാട്രിക്ക് പറയുന്നത്, രണ്ടാമത്തെ തവണ ബന്ധപ്പെട്ടപ്പോൾ തനിക്കും യുവതിക്കും ഇടയിൽ കോണ്ടം ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് ഇങ്ങനെ ഒരു സാഹചര്യമുണ്ടാവാൻ ഇടയായത്, അതിൽ തനിക്ക് ഖേദമുണ്ട് എന്നാണ്. എന്തായാലും, രണ്ടാമത്തെ ബന്ധത്തിന് ശേഷം, അതിന്റെ പേരിൽ, അയാൾക്കുമേൽ ലൈംഗിക അതിക്രമത്തിന് കേസ് ചാർജ് ചെയ്ത് വിചാരണ നടന്നിരുന്നു. ആ കേസിൽ 2018 -ൽ കീഴ്‌ക്കോടതികൾ അയാളെ വെറുതെ വിടുകയും ചെയ്തിരുന്നു. കേസിനാസ്പദമായ ലൈംഗിക ബന്ധത്തിൽ ഉഭയസമ്മതം ഇല്ലായിരുന്നു എന്നു സംശയാതീതമായി തെളിയിക്കാൻ യുവതിയുടെ അഭിഭാഷകന് സാധിച്ചില്ല എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു അന്ന് കോടതി യുവാവിനെ വെറുതെ വിട്ടത്. കോണ്ടം ധരിച്ചാൽ മാത്രമേ താൻ ബന്ധപ്പെടാൻ തയ്യാറുള്ളൂ എന്നു യുവതി പറഞ്ഞിട്ടേയില്ലാ എന്നാണ് യുവാവ് അന്ന് കോടതിയിൽ വാദിച്ചത്. ഈ കേസ് ആണ് അപ്പീലുകൾക്കു ശേഷം ഇപ്പോൾ കാനഡയിലെ പരമോന്നത നീതിപീഠത്തിന് മുന്നിൽ എത്തിച്ചേർന്നിട്ടുള്ളത്.
"വിഷയം ഉഭയ സമ്മതത്തിന്റേതാണ് - സെക്സിൽ ഏർപ്പെടണമെങ്കിൽ കോണ്ടം ധരിച്ചേ ഒക്കൂ എന്ന് ആവശ്യപ്പെടാനുള്ള ഒരാളുടെ അവകാശത്തിനു, അക്കാര്യത്തിൽ ഒരു തുല്യതയും മാന്യതയും ഒക്കെ നേടിയെടുക്കേണ്ടതിന്റെ ആവശ്യത്തിനു വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം" ഈ വിഷയത്തിൽ യുവതിക്ക് നിയമോപദേശം നൽകുന്ന വിമൻസ് ലീഗൽ എജുക്കേഷൻ ആൻഡ് ആക്ഷൻ ഫണ്ട് അഭിഭാഷക റോസൽ കിം വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു. ഈ കേസിൽ സെക്സ് എന്ന പ്രവൃത്തിക്ക് യുവതിയുടെ സമ്മതം ഉണ്ടായിരുന്നു എങ്കിലും, നേരത്തെ നിഷ്കർഷിച്ച പ്രകാരം കോണ്ടം ധരിക്കാതെ യുവാവ് യുവതിയെ വഞ്ചിച്ചതോടെ ആ സമ്മതം മുൻകാല പ്രാബല്യത്തോടെ റദ്ദായി എന്നും, ഇനി നിയമത്തിനുമുന്നിൽ ആ ബന്ധം ലൈംഗിക അതിക്രമം മാത്രമാണ് എന്നും അവർ പറഞ്ഞു.
കോണ്ടം ഉപയോഗിച്ചു നടക്കുന്ന ഉഭയസമ്മതപ്രകാരം ഉള്ള ലൈംഗിക ബന്ധങ്ങൾക്കിടയിൽ പങ്കാളി അറിയാതെ കോണ്ടം ഊരിമാറ്റി അവരെ വഞ്ചിക്കുന്ന കോണ്ടം സ്റ്റെൽത്തിങ് എന്ന ശീലം കുറ്റകരമാക്കിക്കൊണ്ട് കാലിഫോർണിയ അടുത്തിടെ നിയമ നിർമാണം നടത്തിയത് ചർച്ചയായിരുന്നു. ഈ അവസരത്തിൽ നടക്കുന്ന സമാനമായ ആക്ഷേപങ്ങൾ അടങ്ങിയ ഈ കേസിന്റെ വിചാരണ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വിധി എന്താകുമെന്നറിയാൻ കനേഡിയൻ സമൂഹം സാകൂതം ഉറ്റുനോക്കുകയാണ്.