വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹത്തില്‍ നിന്ന് പിന്മാറി വധു
വിവാഹദിനത്തില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടര്‍ന്ന് സധൈര്യം വിവാഹത്തില്‍ നിന്ന് പിന്മാറിയ വധുവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നിരിക്കുന്നത്.
വിവാഹത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളോ തീരുമാനങ്ങളോ തുറന്നുപറയാൻ ഇപ്പോഴും സാധിക്കാത്ത ഇടങ്ങളുണ്ട്. അത്തരത്തിലുള്ള കുടുംബങ്ങളോ സമുദായങ്ങളോ എല്ലാം നമുക്ക് ചുറ്റുമുണ്ട്. എങ്കില്‍പോലും ഇന്ന് ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് വളരെയധികം മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.
അതായത്, വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് പെണ്‍കുട്ടികള്‍ക്ക് കുറെക്കൂടി അവസരങ്ങള്‍ ലഭിക്കുന്നു. ഒപ്പം തന്നെ നിയമവ്യവസ്ഥയെ ആശ്രയിക്കാനുള്ള അവരുടെ ആതമവിശ്വാസവും ഇന്ന് കൂടുതല്‍ തന്നെയാണ്.
ഇപ്പോഴിതാ വിവാഹദിനത്തില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടര്‍ന്ന് സധൈര്യം വിവാഹത്തില്‍ നിന്ന് പിന്മാറിയ വധുവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നിരിക്കുന്നത്.
വീട്ടുകാര്‍ ചേര്‍ന്ന് നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. എന്നാല്‍ വിവാഹദിവസം താലികെട്ടിന് തൊട്ടുമുമ്പായി മണ്ഡപത്തിലേക്ക് വരുന്ന വരനെ കണ്ടതോടെയാണ് പെണ്‍കുട്ടി തന്‍റെ നിലപാട് ഏവരെയും അറിയിച്ചത്. താലികെട്ടിന് മുമ്പുള്ള ചടങ്ങുകള്‍ക്കായി വധു ഇരിക്കുന്ന മണ്ഡപത്തിലേക്ക് നടക്കുകയായിരുന്നു വരൻ. ഇദ്ദേഹത്തിന്‍റെ നടപ്പിലും പെരുമാറ്റത്തിലും തന്നെ ഏറെ മദ്യപിച്ചിട്ടുണ്ട് എന്നത് വ്യക്തമായിരുന്നുവത്രേ.
ഇതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. വീട്ടുകാരും പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് വിഷയം പറഞ്ഞുതീര്‍ക്കുകയായിരുന്നു.
സ്വന്തം വിവാഹദിനത്തില്‍ പോലും മദ്യം തൊടാതിരിക്കാൻ സാധിച്ചില്ല എങ്കില്‍ എന്തായിരിക്കും ഇദ്ദേഹത്തിന്‍റെ ഭാവിയെന്നാണ് താൻ അപ്പോള്‍ ചിന്തിച്ചതെന്നാണ് വധു മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുകാര്‍ തമ്മില്‍ കൈമാറിയ പണവും മറ്റ് ഇടപാടുകളുമെല്ലാം പറഞ്ഞുപരിഹരിച്ചതായി സഫിപൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ അവനീഷ് സിംഗും അറിയിച്ചു.
ഇക്കഴിഞ്ഞ മെയ് മാസത്തിലും സമാനമായ രീതിയില്‍ മദ്ധ്യപ്രദേശില്‍ വിവാഹദിനത്തില്‍ വരൻ കുടിച്ച് ലക്കുകെട്ട് എത്തിയതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഉന്നാവോയില്‍ തന്നെ അടുത്തിടെ ഇത് രണ്ടാമത്തെ സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read:- അച്ഛൻ ചെറുപ്പത്തിലേ മരിച്ചു; അമ്പതുകാരിയായ അമ്മയുടെ വിവാഹം നടത്തി മകള്‍...