ശിശുക്കളിലെ ജലദോഷം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
കുഞ്ഞുങ്ങളിലെ മൂക്കടപ്പ് കരച്ചിൽ, ഉറക്കമില്ലായ്മ, പാലു കുടിക്കാൻ ബുദ്ധിമുട്ട് ഇങ്ങനെ പല അസൗകര്യങ്ങളിലേക്കും നയിക്കും.
കുഞ്ഞുങ്ങളിലുണ്ടാകുന്ന ജലദോഷം രക്ഷിതാക്കൾ വലിയ അസുഖമായാണ് പലപ്പോഴും കാണാറുള്ളത്. ആദ്യ ഒരു വയസ് വരെ ഭൂരിഭാഗം കുട്ടികള്‍ക്കും ജലദോഷം നിര്‍ത്താതെ പിടിപെടാന്‍ ഇടയുണ്ട്. ചില വെെറസ് രോഗാണുക്കളാണ് ജലദോഷത്തിന് കാരണം.
മറ്റൊരാളിൽ നിന്നും വേഗം പകർന്നുകിട്ടുന്ന ഈ രോഗം അപകടകാരിയല്ലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പ്രത്യേകിച്ചും കൊച്ചുകുഞ്ഞുങ്ങളിൽ. മൂക്കടപ്പ് കാരണം കരച്ചിൽ, ഉറക്കമില്ലായ്മ, പാലു കുടിക്കാൻ ബുദ്ധിമുട്ട് ഇങ്ങനെ പലതും ഉണ്ടാകാറുണ്ട്. കുറച്ച് ഉപ്പുനീര് തിളപ്പിച്ചെടുത്ത്, തിളപ്പിച്ചാറിയ വെള്ളത്തിൽ നേർപ്പിച്ച് ഒന്നു രണ്ടു തുള്ളി ഒാരോ മൂക്കിലും ഒഴിച്ചാൽ മൂക്കടപ്പ് മാറും.
കുഞ്ഞിന് മുല കുടിക്കാനും ഉറങ്ങാനും സാധിക്കും. കുറച്ച് കൂടി വലിയ കുട്ടികളിൽ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം നൽകുക. ചുക്കുവെള്ളം തുടങ്ങിയവ ചെറുചൂടോടെ കുടിക്കുന്നതും ആശ്വാസം നൽകും. ജലദോഷമുള്ളപ്പോൾ ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കുക. ആവശ്യത്തിന് ആഹാരവും നൽകുക.