'ഗര്‍ഭിണികള്‍ ഒട്ടും മദ്യപിക്കരുത്, മദ്യപിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കാവുന്നത്...'
'സയൻസ് അലര്‍ട്ട്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ഒരു സംഘം ഡച്ച് ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തിന് ഒരുപോലെ ഭീഷണിയാകാം. വലിയ രീതിയിലുള്ള അശ്രദ്ധകള്‍ പലപ്പോഴും കുഞ്ഞിന്‍റെയും അമ്മയുടെയും ജീവന് തന്നെ ഭീഷണിയായി വരാം.
ഡയറ്റ്, സ്ട്രെസ്, മറ്റ് ജീവിതരീതികള്‍ എല്ലാം ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുമായെല്ലാം ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവരുന്നത്.
'സയൻസ് അലര്‍ട്ട്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ഒരു സംഘം ഡച്ച് ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
ഗര്‍ഭിണികള്‍ മദ്യപിച്ചാല്‍ അത് കുഞ്ഞിന്‍റെ മുഖത്തിന്‍റെ ഘടനയെ സ്വാധീനിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അമ്മയുടെ മദ്യപാനം ഗര്‍ഭസ്ഥ ശിശുവിന്‍റെ മുഖത്തില്‍ 'അബ്നോര്‍മല്‍' ആയ മാറ്റങ്ങളുണ്ടാക്കുമെന്നും ഇതൊരിക്കലും ചികിത്സയിലൂടെ പരിഹരിക്കാൻ സാധിക്കില്ലെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഒപ്പം തന്നെ അമ്മയുടെ മദ്യപാന കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ അല്‍പം മദ്യപിച്ചാല്‍ പോലും ഈ സാധ്യത നിലനില്‍ക്കുന്നുവെന്നും എന്നാല്‍ എല്ലാ കേസുകളിലും ഇങ്ങനെ സംഭവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പഠനം വ്യക്തത വരുത്തുന്നു.
ആഴ്ചയില്‍ 12 ഗ്രാം ആല്‍ക്കഹോള്‍ പോലും ഗര്‍ഭിണികള്‍ കഴിക്കരുതെന്നും ഒരു സ്റ്റാൻഡേര്‍ഡ് ഡ്രിങ്ക് പോലും കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണിയാകാൻ തയ്യാറെടുക്കുന്ന സ്ത്രീകള്‍ നേരത്തെ കൂട്ടി തന്നെ മദ്യപിക്കുന്ന ശീലമുപേക്ഷിക്കുന്നതാണ് നല്ലതെന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു. മുലയൂട്ടുന്ന അമ്മമാരും മദ്യപാനവും പുകവലിയുമെല്ലാം ഉപേക്ഷിക്കേണ്ടതുണ്ട്. ഇക്കാലയളവില്‍ ഇത്തരം ദുശ്ശീലങ്ങളിലേര്‍പ്പെടുന്നതും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കാം.
ആറായിരത്തോളം പേരുടെ കേസ് സ്റ്റഡി എടുത്ത ശേഷമാണത്രേ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. പുതിയ തരം സാങ്കേതികവിദ്യയിലൂടെയാണ് ഇവര്‍ അമ്മയുടെ മദ്യപാനം കുഞ്ഞുങ്ങളുടെ മുഖത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
Also Read:- ഒരു കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ ശീലങ്ങളെല്ലാം ഉപേക്ഷിക്കൂ...