Womens Day 2022 : 'വനിതാദിനമായിട്ട് കണ്ടുമുട്ടിയതില്‍ സന്തോഷം'; ആശുപത്രിയില്‍ നിന്ന് ഐശ്വര്യ രജനീകാന്ത്

കരിയറില്‍ ഐശ്വര്യ ഒരു വിജയം തന്നെയാണെന്ന് വേണം പറയാന്‍. എന്നാല്‍ വിവാദങ്ങള്‍ വരുമ്പോള്‍ മാത്രമാണ് പലപ്പോഴും ഇവരുടെ വ്യക്തിത്വം ആഘോഷിക്കപ്പെടാറ്. ഏറ്റവും ഒടുവിലായി ജനുവരിയില്‍ ധനുഷുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതായി സൂചനകള്‍ പുറത്തുവന്നതോടെയാണ് ഐശ്വര്യ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്

aishwaryaa rajinikanth hospitalised due to fever and vertigo

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ ( Super star Rajinikanth) എന്ന നിലയിലാണ് നമ്മളില്‍ മിക്കവരും ഐശ്വര്യയെ ആദ്യം ( Aishwaryaa Rajinikanth )മനസിലാക്കുന്നത്. എന്നാല്‍ പിന്നീട് ഗായിക, സംവിധായിക എന്നീ നിലകളില്‍ സിനിമയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വ്യക്തി കൂടിയാണ് ഐശ്വര്യ. 

'ത്രീ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തന്നിലെ സംവിധായികയെ നമുക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഐശ്വര്യയുടെ പങ്കാളിയായിരുന്ന ധനുഷ് തന്നെയായിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രത്തിലെ 'വൈ ദീസ് കൊലവെറി' ഗാനം ഇന്റര്‍നെറ്റില്‍ വലിയ തരംഗമായിരുന്നു അന്ന് സൃഷ്ടിച്ചിരുന്നത് . 

'ത്രീ'ക്ക് ശേഷം 'വയ് രാജ വയ്' എന്നൊരു കോമഡി ക്രൈം ത്രില്ലറും, 'സിനിമ വീരന്‍' എന്ന ഡോക്യുമെന്ററിയും ഐശ്വര്യ സംവിധാനം ചെയ്തു. ഇപ്പോള്‍ 'പയനി' എന്ന പുതിയ ചിത്രത്തിന്റെ ജോലികളിലാണ് ഐശ്വര്യ. സിനിമാമേഖലയില്‍ തന്റേതായ ഇടം പതിപ്പിക്കാന്‍ പലപ്പോഴും സ്ത്രീകള്‍ വിഷമതകള്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പിന്നണിയിലാകുമ്പോള്‍.

ഈ സാഹചര്യത്തില്‍ കരിയറില്‍ ഐശ്വര്യ ഒരു വിജയം തന്നെയാണെന്ന് വേണം പറയാന്‍. എന്നാല്‍ വിവാദങ്ങള്‍ വരുമ്പോള്‍ മാത്രമാണ് പലപ്പോഴും ഇവരുടെ വ്യക്തിത്വം ആഘോഷിക്കപ്പെടാറ്. ഏറ്റവും ഒടുവിലായി ജനുവരിയില്‍ ധനുഷുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതായി സൂചനകള്‍ പുറത്തുവന്നതോടെയാണ് ഐശ്വര്യ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിട്ടുണ്ടോയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. 

നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലാണ് ഐശ്വര്യ. ഇത് സംബന്ധിച്ചും പല അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പരന്നിരുന്നു. എന്നാല്‍ പനിയും തലകറക്കവും വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെന്ന് ഐശ്വര്യ തന്നെ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. 

കൊവിഡിന് മുമ്പും ശേഷവും എന്ന രീതിയില്‍ ജീവിതത്തെ രണ്ടായി തിരിക്കാമെന്നും പനിയും തലകറക്കവും ഇനിയില്ലാത്ത ഒന്നുമില്ലെന്നും ഇപ്പോള്‍ ആശുപത്രിയിലാണെന്നും ഐശ്വര്യ കുറിച്ചിരിക്കുന്നു. എന്നാല്‍ ഏറ്റവും ഭംഗിയായി ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന, നമുക്ക് ഒരുപാട് പ്രചോദനം നല്‍കാന്‍ കഴിവുള്ള മിടുക്കരായ ഡോക്ടര്‍മാരുള്ളപ്പോള്‍ നമുക്ക് തളര്‍ച്ച തോന്നുകയില്ലെന്നും ഐശ്വര്യ പറയുന്നു.

 

 

തുടര്‍ന്ന് തന്നെ ചികിത്സിക്കുന്ന ഡോക്ടറെ പരിചയപ്പെടുത്തുകയാണ് ഐശ്വര്യ. ഡോ. പൃതിക ചാരി എന്ന സീനിയര്‍ ഡോക്ടറാണ് ഐശ്വര്യക്കൊപ്പമുള്ളത്. തുറന്ന ചിരിയോടെയാണ് ഇരുവരെയും ചിത്രത്തില്‍ കാണുന്നത്. വനിതാദിനമായിട്ട് ഇങ്ങനെയൊരാളെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഐശ്വര്യ കുറിച്ചിരിക്കുന്നു. 

ആശുപത്രിയിലായിരിക്കുമ്പോള്‍ പോലും വളരെ 'പോസിറ്റീവ്' ആയ രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കുന്നതും വനിതാദിനത്തെ ഇത്രമാത്രം ആദരവോടെ എടുത്ത് പ്രതിപാദിക്കുന്നത് സ്ത്രീ എന്ന നിലയ്ക്കുള്ള ഐശ്വര്യയുടെ അഭിമാനമാണ് വെളിപ്പെടുത്തുന്നതെന്നുമെല്ലാം ഫോട്ടോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഐശ്വര്യയ്ക്ക് സൗഖ്യം നേര്‍ന്നുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read:- വനിതാദിനം; പുതിയ കാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം...

Latest Videos
Follow Us:
Download App:
  • android
  • ios