വിശ്വസിച്ചാലും ഇല്ലെങ്കിലും! ഇത് ഒരു 15കാരിയുടെ കൈപ്പട, വടിവൊത്ത കയ്യക്ഷരത്തിൽ ഖുര്‍ആൻ പകർത്തിയ മിടുക്കി
കാലിഗ്രഫിയിലെ ഇഷ്ടം കണ്ട് കൊറോണക്കാലത്തിന്റെ അവസാനത്തിലാണ് ഖുർആൻ പകർത്തിയെഴുതാമോയെന്ന് ആയിഷ ഫാദിനോട് ഉമ്മ ചോദിച്ചത്.
കോഴിക്കോട്: പഠനം കഴിഞ്ഞ് ഒഴിവ് സമയങ്ങളിലെഴുതി ഖുറാന്‍റെ കയ്യെഴുത്ത് പതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഒരു പത്താം ക്ലാസുകാരി. കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ ഹയർസെക്കന്‍റി സ്കൂൾ വിദ്യാർത്ഥിയായ ആയിഷ ഫാദിനാണ് വടിവൊത്ത കയ്യക്ഷരത്തിൽ ഖുര്‍ആൻ മുഴുവനായും പകർത്തി എഴുതിയത്. ഖുർആൻ മുഴുവൻ സ്വന്തം കൈകൊണ്ടെഴുതിയുണ്ടാക്കിയെന്ന് മാത്രമല്ല അച്ചടി തോൽക്കുന്ന ഭംഗിയുള്ള കയ്യക്ഷരത്തിലത് പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നത്.
കാലിഗ്രഫിയിലെ ഇഷ്ടം കണ്ട് കൊറോണക്കാലത്തിന്റെ അവസാനത്തിലാണ് ഖുർആൻ പകർത്തിയെഴുതാമോയെന്ന് ആയിഷ ഫാദിനോട് ഉമ്മ ചോദിച്ചത്. ആദ്യം സാധാരണ എ ഫോർ പേപ്പറിൽ. അക്ഷരങ്ങളുടെ ഭംഗി കണ്ട് പിന്നീട് ഉമ്മ തന്നെ ഗുണമേന്മ കൂടിയ പേപ്പർ വാങ്ങി നൽകി. ഓരോ വരിയും സമയമെടുത്ത് തെറ്റാതെ എഴുതി. 620 പേജും പൂർത്തിയായത് ഒന്നരക്കൊല്ലം കൊണ്ടാണ്. ഉപ്പ വിദേശത്ത് നിന്ന് അവധിക്കെത്തിയ എട്ട് മാസം എഴുത്തിന് അവധി കൊടുത്തു ഫാദിൻ.
പഠന സമയത്തിനിടയിൽ നിർത്തിയും തുടർന്നും എഴുത്ത് പൂർത്തിയാക്കിയ ശേഷമാണ് സ്കൂളിലെ ടീച്ചർമാരോടടക്കം വിവരം പറഞ്ഞത്. അഭിനന്ദിക്കാനെത്തുന്നവരുടെ തിരക്കാണിപ്പോൾ വീട്ടിൽ. പ്രിന്‍റിംഗ് സംവിധാനങ്ങൾ വന്ന ശേഷം ഖുർആന്‍റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കൽ അപൂർവ്വമാണ്. തുടങ്ങുമ്പോള്‍ പൂർത്തിയാക്കാനാകുമോയെന്ന് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും ലക്ഷ്യം നടപ്പായതിന്റെ സന്തോഷത്തിലാണ് ആയിഷ ഫാദിൻ.
അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ..! 40 പവൻ തനി തങ്കം, പ്രിയപ്പെട്ട കണ്ണനുള്ള പ്രവാസിയുടെ വഴിപാട്