യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ഒരുങ്ങുന്നു
ടെക് ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, സോമാറ്റോ പ്രാദേശിക ഭക്ഷ്യ വിതരണ ബിസിനസ്സ് വാങ്ങുന്നതിനായി യൂബറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
മുംബൈ: യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യൂബറിന്‍റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്‍റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യ വാങ്ങുന്നതിനായി ഉബെറുമായി സൊമാറ്റോ ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
ടെക് ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, സോമാറ്റോ പ്രാദേശിക ഭക്ഷ്യ വിതരണ ബിസിനസ്സ് വാങ്ങുന്നതിനായി യൂബറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ ഇടപാടിന്‍റെ ഭാഗമായി, ആഭ്യന്തര ഭക്ഷ്യ വിതരണ സേവനത്തില്‍ ഗണ്യമായ പങ്ക് ലഭിക്കുന്നതിന് യൂബര്‍ സൊമാറ്റോയില്‍ 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1064 കോടി രൂപ) മുതല്‍ ഏകദേശം 200 മില്യണ്‍ ഡോളര്‍ (1418.7 കോടി രൂപ) വരെ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ തുക രണ്ട് കമ്പനികളും സംയുക്തമായുള്ള കമ്പനിയിലാണ് നിക്ഷേപിക്കുക.
എന്നാല്‍, ഇക്കാര്യത്തില്‍ യൂബര്‍ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ചു പ്രതികരിക്കുന്നില്ലെന്ന് സോമാറ്റോ ഐഎഎന്‍എസിന് നല്‍കിയ പ്രസ്താവനയിലും വ്യക്തമാക്കി. ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്‍ക്കാന്‍ യൂബര്‍ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍, ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്ത വന്നതോടെയാണ് സൊമാറ്റോ കച്ചവടത്തില്‍ മുന്നിലെത്തിയത്.
യൂബര്‍ ഈറ്റ്‌സിനു ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണുള്ളത്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ്സ് ഗ്രാബിന് വിറ്റു. ഇടപാടിന്‍റെ ഭാഗമായി യൂബറിന് ഗ്രാബില്‍ 27.5 ശതമാനം ഓഹരി ലഭിച്ചു. ഇപ്പോള്‍, സോമാറ്റോയും സ്വിഗ്ഗിയുമായും മത്സരിക്കുന്ന ഇന്ത്യന്‍ ഭക്ഷ്യ വിതരണ സേവനത്തില്‍ നിന്നും പിന്മാറാനുള്ള ശ്രമത്തിലാണ് യൂബര്‍ എന്ന് വീണ്ടും വാര്‍ത്തകള്‍ പരക്കുകയാണ്.
യൂബര്‍ സോമാറ്റോ എന്നിവര്‍ ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും. അടുത്തവര്‍ഷം 15 ശതകോടി ഡോളറിന്‍റെ കച്ചവടം എങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കും എന്നാണ് യൂബറിന്‍റെ പ്രതീക്ഷ. ഇത് മുതലെടുക്കാന്‍ സംയുക്തമായ നീക്കം എന്ന ലക്ഷ്യത്തിലാണ് യൂബറിന്‍റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.