Zomato Swiggy : 'സ്വന്തം നിലയില്‍ കച്ചവടം': സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരെ അന്വേഷണം
സ്വിഗ്ഗിയും സൊമാറ്റോയും ചില വ്യാപര സാമ്പത്തിക താല്‍പ്പര്യങ്ങളുടെ പേരില്‍ ചില ബ്രാന്‍റുകള്‍ക്ക് അനുകൂലമായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് ആരോപണം.
ദില്ലി: മാന്യതയില്ലാത്ത ബിസിനസ് രീതികള്‍ ആരോപിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോ (Zomato), സ്വിഗ്ഗി ( Swiggy) എന്നിവര്‍ക്കെതിരെ അന്വേഷണം. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) യാണ് ഇത്തരം ഒരു അന്വേഷണത്തിന് ഉത്തരവിട്ടത് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വിഗ്ഗിയും സൊമാറ്റോയും ചില വ്യാപാര സാമ്പത്തിക താല്‍പ്പര്യങ്ങളുടെ പേരില്‍ ചില ബ്രാന്‍റുകള്‍ക്ക് അനുകൂലമായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് ആരോപണം. ഇതിലൂടെ ചെറിയ ഭക്ഷണശാലകള്‍ക്കും മറ്റും ഫുഡ് ഡെലിവറി രംഗത്ത് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്.
“പ്രഥമ ദൃഷ്ടിയിൽ ആരോപണത്തില്‍ കഴമ്പുണ്ടെന്നും, ഈ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ അനുകൂലമായി നിലപാട് എടുക്കുന്നുവെന്ന് പറയുന്ന ബ്രാന്‍റുകളുടെ താല്‍പ്പര്യങ്ങളും, ഇത് ആരോപണമായി ഉന്നയിച്ച കക്ഷികളുടെ വാദങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്,” കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
60 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അവരുടെ അന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകി. നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ജൂലൈയിൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ് വന്നിരിക്കുന്നത്.
സൊമാറ്റോ സ്വന്തം ക്ലൗഡ് കിച്ചണുകൾ നിർമ്മിക്കാൻ ഉപഭോക്തൃ ഡാറ്റ ഉപയോഗിച്ചുവെന്ന് ബിസിനസ് അസോസിയേഷൻ പരാതിയിൽ ആരോപിച്ചിരുന്നു. ഒരു ക്ലൗഡ് കിച്ചൻ എന്നത് ഒരു വെർച്വൽ അടുക്കളയാണ്, അത് ഡെലിവറി അല്ലെങ്കിൽ ടേക്ക്ഔട്ടിനായി മാത്രം ഭക്ഷണം തയ്യാറാക്കുന്നതിന് ഒരു മാര്‍ഗ്ഗമായി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.
സ്വിഗ്ഗിയും അതിന്റെ സ്വന്തം താല്‍പ്പര്യത്തിലുള്ള ബ്രാന്‍റുകള്‍ക്ക് വിൽപ്പനയിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും. ആപ്പില്‍ എത്തുന്ന ഉപയോക്താവിനെ അതിന്റെ ബ്രാൻഡുകളിലേക്ക് തിരിച്ചുവിടുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.