ഓർഡർ ചെയ്ത സാധനവുമായെത്തിയ ഡെലിവറി ജീവനക്കാരന്റെ മോശം പെരുമാറ്റം; സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് ഫ്ലിപ്‍കാർട്ട്

യുവതി എക്സില്‍ ഉന്നയിച്ച പരാതി പ്രകാരം അവരുടെ പിതാവ് ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ചില സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ഇതുമായി വീട്ടിലെത്തിയ ഡെലിവറി ജീവനക്കാരന്‍ ഒടിപി ചോദിച്ചപ്പോള്‍ അച്ഛന് അത് യഥാസമയം തന്റെ ഫോണില്‍ കണ്ടെത്താനും പറഞ്ഞുകൊടുക്കാനും സാധിച്ചില്ല. 

Woman complains of bad behaviour from a flipkart delivery executive when her father ordered something afe

ബംഗളുരു: ഫ്ലിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനം വീട്ടിലേക്ക് കൊണ്ടുവന്ന ഡെലിവറി ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ഉപഭോക്താവിന്റെ പരാതിയോട് പ്രതികരിച്ച് കമ്പനി. വ്യാഴാഴ്ചയാണ് ഫ്ലിപ്‍കാര്‍ട്ടിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അനുഭവം @gharkakabutar എന്ന എക്സ് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടത്. ഓര്‍ഡര്‍ ഡെലിവറിക്കായി എത്തിയപ്പോള്‍ തന്റെ പിതാവ് ഒടിപി നല്‍കാന്‍ വൈകിയതാണ് ജീവനക്കാരനെ ചൊടിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ഫ്ലിപ്‍കാര്‍ട്ടില്‍ വില കൂടിയ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവ ശരിയായ വ്യക്തിയില്‍ തന്നെ എത്തുന്നു എന്ന് ഉറപ്പാക്കാനാണ് ഒടിപി ചോദിക്കുന്നത്. യുവതി എക്സില്‍ ഉന്നയിച്ച പരാതി പ്രകാരം അവരുടെ പിതാവ് ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ചില സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ഇതുമായി വീട്ടിലെത്തിയ ഡെലിവറി ജീവനക്കാരന്‍ ഒടിപി ചോദിച്ചപ്പോള്‍ അച്ഛന് അത് യഥാസമയം തന്റെ ഫോണില്‍ കണ്ടെത്താനും പറഞ്ഞുകൊടുക്കാനും സാധിച്ചില്ല. ഇതില്‍ ക്ഷുഭിതനായ ഡെലിവറി എക്സിക്യൂട്ടീവ് മോശമായി സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍ ഇതൊക്കെ ഓര്‍ഡര്‍ ചെയ്യുന്നത് എന്തിനാണെന്ന് ഉള്‍പ്പെടെ ഇയാള്‍ ചോദിച്ചുവെന്നും യുവതി പറഞ്ഞു. ഫ്ലിപ്‍കാര്‍ട്ടില്‍ നിന്ന് ഇനി സാധനങ്ങളൊന്നും വാങ്ങരുതെന്നും അവര്‍ക്ക് ആളുകളോട് സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും യുവതി ആരോപിച്ചിരുന്നു.

എക്സില്‍ നിരവധിപ്പേര്‍ ഈ പോസ്റ്റിന് ചുവടെ പ്രതികരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തു. ഫ്ലിപ്കാര്‍ട്ടിന്റെ ശ്രദ്ധയില്‍പെട്ട പോസ്റ്റിനോട് കമ്പനി ഔദ്യോഗികമായിത്തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ ഗൗരവമയിട്ടാണ് എടുക്കുന്നതെന്നും ഡെലിവറി ജീവനക്കാരന്റെ മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനായി കൂടുതല്‍ വിവരങ്ങളും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം കമ്പനിയുടെ പ്രതികരണം വന്നിട്ടും ഫ്ലിപ്കാര്‍ട്ടിനെതിരെയുള്ള പോസ്റ്റില്‍ നിരവധിപ്പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇ-കൊമേഴ്സ് കമ്പനികളുടെ നിലപാട് പലപ്പോഴും മോശമാണെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. പ്രായമായവരോട് മോശമായി പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios