വീഡിയോ കോളിംഗിന് ഫില്‍ട്ടറുകളും ഇഫക്ടുകളും എഡിറ്റിംഗും; വിപ്ലവകരമായ അപ്‌ഡേറ്റിന് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ

WhatsApp is working on an AR feature for call effects and filters

അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ ഒരു മടിയുമില്ലാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് മെറ്റയുടെ വാട്‌സ്ആപ്പ്. 2015ല്‍ ആരംഭിച്ചതിന് ശേഷം വാട്‌സ്‌ആപ്പിലെ മെസേജ്, കോളിംഗ്, വീഡിയോ കോളിംഗ്, ഫയല്‍ അയക്കല്‍ രീതികളിലൊക്കെ ഏറെ മാറ്റങ്ങളും പുതുമയുമുണ്ടായി. സമീപകാലത്ത് അനേകം പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന വാട്‌സ്ആപ്പ് എആര്‍ (ഓഗ്‌മെന്‍റഡ് റിയാലിറ്റി) ഫീച്ചറുകള്‍ കൊണ്ട് ഓഡിയോ, വീഡിയോ കോളുകള്‍ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

വാട്‌സ്ആപ്പിനെ കൂടുതല്‍ മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്‌ഡേറ്റുകള്‍ വരിക. ഇതോടെ വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്‌സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfoയുടെ റിപ്പോര്‍ട്ട്. ഇതുവഴി വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാം എന്ന് വാട്‌സ്‌ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാനുള്ള സംവിധാനവും ഉടനെത്തും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്നയാളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറാവും. 

Read more: വോയ്‌സ് ട്രാൻസ്ക്രൈബ് ഫീച്ചറുമായി വാട്‌സ്ആപ്പ്; സംഭവം തകര്‍ക്കും!    

സ്‌കിന്‍ മനോഹരമാക്കാന്‍ ടച്ച്-അപ് ടൂളും പ്രകാശവും കാഴ്‌ചയും കൂട്ടാന്‍ ലോ-ലൈറ്റ് മോഡും എആര്‍ സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ വരികയാണ്. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ പശ്ചാത്തലം (ബാക്ക്‌ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്‌സ്ആപ്പിന്‍റെ ഡെസ്ക്‌ടോപ് വേര്‍ഷനിലും ബാക്ക്‌ഗ്രൗണ്ട് എഡിറ്റിംഗ് സംവിധാനമെത്തും. അതേസമയം ഓഗ്‌മെന്‍റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ പൂര്‍ണമായും അറിവായിട്ടില്ല. വാട്‌സ്ആപ്പിന്‍റെ ഭാവി അപ്‌ഡേറ്റുകളിലാവും ഓഡിയോ, വീഡിയോ കോളുകളിലെ എആര്‍ മാറ്റം വരിക. 

Read more: വാട്‌സ്ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റം വന്നുകഴിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios