ആഗോള തലത്തിൽ പണിമുടക്കി വാട്സ്ആപ്, മെസേജുകൾ അയക്കാനാവുന്നില്ല; ഇൻസ്റ്റഗ്രാമിലും പ്രശ്നം

ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് പല‍ർക്കും സേവനങ്ങൾ മുടങ്ങിയത്.

Whatsapp down for many users globally unable to send messages issues in instagram also

ടെക്ഭീമൻ മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് പല‍ർക്കും സേവനങ്ങൾ മുടങ്ങിയത്. വാട്സ്ആപിൽ മെസേജുകൾ അയക്കാനാവുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. മൊബൈൽ ആപ്ലിക്കേഷനിലും ബ്രൗസർ വഴി കംപ്യൂട്ടറുകളിൽ പ്രവ‍ർത്തിക്കുന്ന വാട്സ്ആപ് വെബ് സേവനത്തിലും ഒരുപോലെ തടസം നേരിട്ടു.

ചില ഉപയോക്താക്കൾക്ക് വാട്സ്ആപിൽ പ്രശ്നങ്ങൾ നേരിട്ടതായി മനസിലാക്കുന്നുവെന്നും വളരെ വേഗം തന്നെ എല്ലാവ‍ർക്കും പൂർണതോതിൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും വാട്സ്ആപ് അധികൃതർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. അതേസമയം ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങളുണ്ടായെന്ന് ഉപയോക്താക്കൾ പറഞ്ഞു.  ഇൻസ്റ്റഗ്രാമിൽ ഫീഡും സ്റ്റോറുകളും അപ്‍ഡേറ്റ് ആവുന്നതുമില്ല. ഈ വ‍ർഷം ഇത് രണ്ടാം തവണയാണ് മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരത്തിലുള്ള തടസങ്ങൾ നേരിടുന്നത്. മാർച്ചിൽ നിരവധി ഉപയോക്താക്കൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവ പണിമുടക്കിയിരുന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ തിന്നെ പെട്ടെന്ന് ലോഗൗട്ട് ആയെന്നതായിരുന്നു പ്രധാന പ്രശ്നം. മൊബൈൽ ആപ്പിലും വെബ്‍സൈറ്റിലും ഒരുപോലെ ഇത് അനുഭവപ്പെടുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios