Visa and Mastercard : വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു

അതേ സമയം വിദേശത്ത് നിന്നും എടുത്ത വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയിലെ എടിഎം, പേമെന്‍റ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അത് പോലെ തന്നെ റഷ്യയില്‍ നിന്നും എടുത്ത വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനും സാധിക്കില്ല. 

Visa and Mastercard suspend Russian operations

മോസ്കോ: റഷ്യയിലെ എല്ലാതരം പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് വിസയും (Visa), മാസ്റ്റര്‍കാര്‍ഡും (MasterCard). യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് ലോകത്തിലെ ഒന്നാംകിട കാര്‍ഡ് കമ്പനികളുടെ നീക്കം. റഷ്യന്‍ ദേശീയ ബാങ്കായ സെബര്‍ബാങ്ക് (Sberbank) അടക്കം റഷ്യയിലെ പ്രധാന ബാങ്കുകള്‍ ഈ നീക്കം മുന്നില്‍ കണ്ട് ഇത് ഉപയോക്താക്കളില്‍ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം നിലവില്‍ വിസ, മാസ്റ്റര്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കയ്യിലുള്ള കാര്‍ഡിന്‍റെ കാലവധി തീരുംവരെ സേവനം ലഭ്യമാകും എന്നാണ് വിവരം. 

അതേ സമയം വിദേശത്ത് നിന്നും എടുത്ത വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയിലെ എടിഎം, പേമെന്‍റ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അത് പോലെ തന്നെ റഷ്യയില്‍ നിന്നും എടുത്ത വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനും സാധിക്കില്ല. ലോകത്തില്‍ ചൈനയില്‍ അല്ലാതെ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ബിസിനസിന്‍റെ 90 ശതമാനവും വിസ, മാസ്റ്റര്‍കാര്‍ഡ് കമ്പനികളാണ് കൈയ്യാളുന്നത്. 

അതേ സമയം ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്ന റഷ്യയിലെ ബാങ്കുകള്‍ തല്‍ക്കാലം മുന്‍ അവസ്ഥയില്‍ തന്നെ റഷ്യന്‍ മേഖലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരും എന്നാണ് റിപ്പോര്‍ട്ട്. എല്ലാ ഇടപാടുകളും കാര്‍ഡ് ഉപയോഗിച്ച് നടത്താം എന്നാണ് റഷ്യയുടെ ആസ്ഥാന ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശം. റഷ്യയിലെ എല്ലാ പേമെന്‍റ് സംവിധാനവും ദേശീയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരുതരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നടപടിയല്ലെന്ന് റഷ്യന്‍ കേന്ദ്രബാങ്ക് പ്രതികരിച്ചു.

അതേ സമയം ചൈനീസ് യൂണിയന്‍ പേ സിസ്റ്റവും റഷ്യയുടെ സ്വന്തം മിര്‍ പേമെന്‍റ് നെറ്റ്വര്‍ക്കും ഉപയോഗിച്ച് ഇത്തരം വെല്ലുവിളികളെ നേരിടാം എന്നാണ് റഷ്യയിലെ ബാങ്കുകള്‍ പറയുന്നത്. 2015 ല്‍ തന്നെ റഷ്യത്തെ എല്ലാ പേമെന്‍റുകളുടെയും സംവിധാനം റഷ്യ രാജ്യത്തിനുള്ളില്‍ തന്നെ സ്ഥാപിച്ചുവെന്നാണ് അവകാശവാദം. 

യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് പുടിന്‍

 

മോസ്കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ (Ukraine) പോരാട്ടം  നിര്‍ത്തണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദമിര്‍ പുടിന്‍ (Vladimir Putin). റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈന്‍ അംഗീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായള്ള സംഭാഷണത്തില്‍ പുടിന്‍ ആവശ്യപ്പെട്ടു. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന്‍ നടക്കുന്നത്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന്‍ പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.

മരിയുപോളില്‍ 11 മണിക്കൂര്‍ വെടിനിര്‍ത്തല്‍

കീവ്: യുദ്ധത്തിന്‍റെ പതിനൊന്നാം നാളിൽ മരിയുപോള്‍ (Mariupol) നഗരപരിധിയില്‍ ഒഴിപ്പിക്കലിനായി വീണ്ടും വെടിനിർത്തിൽ പ്രഖ്യാപിച്ച് റഷ്യ (Russia). ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായിട്ടുള്ളത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യൻ സമയം 3.30 മുതൽ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങും. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമം. കാറിൽ പോകുന്നവർ കയറ്റാവുന്ന അത്രയും പേരെ കൂടെ കൊണ്ടുപോകണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിയുപോളിൽ നിന്ന് ബിൽമാക് വഴി സപ്രോഷ്യയിലേക്കുള്ള പാതയിലൂടെയാണ് ഒഴിപ്പിക്കൽ. ഒരു വശത്ത് ഒഴിപ്പിക്കൽ തുടരുമ്പോഴും തന്ത്രപ്രധാന മേഖലകൾ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് റഷ്യ. 

പടിഞ്ഞാറൻ യുക്രൈനിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് മിലിട്ടറി എയർ ബേസ് മിസൈലാക്രമണത്തിലൂടെ തകർത്തുവെന്നാണ് റഷ്യൻ അവകാശവാദം. കീവിനോട് ചേര്‍ന്നുള്ള ഇര്‍പ്പിന്‍ പട്ടണത്തില്‍ ശക്തമായ വ്യോമാക്രമണമുണ്ടായി. ചെര്‍ണിവിഹിലെ ജനവാസ കേന്ദ്രങ്ങളിലും ബോംബാക്രമണമുണ്ടായി. ഇർപ്പിന്‍ പട്ടണത്തിൽ സാധാരണക്കാർക്ക് നേരെ റഷ്യൻ പട്ടാളം വെടിയുതിർത്തുവെന്ന് യുക്രൈന്‍ ആരോപിക്കുന്നു. ഈ വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നത്. തുറമുഖ നഗരമായ ഒഡേസയാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും ഇവിടെ ഉടൻ ബോംബാക്രമണം നടക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് പറയുന്നത്. കീവ് നഗരത്തിന്‍റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ഇപ്പോഴും കനത്ത ഷെല്ലിംഗ് നടക്കുന്നുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios