Ukraine foreign legion : വിദേശികള്‍ക്ക് യുക്രൈനില്‍ വിസയില്ലാതെ വന്ന് റഷ്യയ്ക്കെതിരെ പോരാടാം ; ചെയ്യേണ്ടത് ഇത്
റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ അറിയിച്ചു.
കീവ്: റഷ്യയ്ക്ക് (Russia) എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ (Ukraine) പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി (volodymyr zelensky) അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
എന്നാല്‍ ഇത്തരം ഒരു അഭ്യര്‍ത്ഥനയില്‍ യുക്രൈനെ സഹായിക്കാന്‍ വേണ്ടി മുന്നോട്ടുവരുന്ന വിദേശികള്‍ എന്ത് ചെയ്യണം എന്ന കാര്യമാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈന്‍ ഫോറിന്‍ ലീജിയന്‍ എന്നാണ് യുക്രൈന്‍ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവര്‍ത്തകരെ റഷ്യയ്ക്കെതിരെ പോരാടാന്‍ എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്. ഗൂഗിള്‍ ട്രെന്‍റില്‍ തന്നെ നോക്കിയാല്‍ ഫെബ്രുവരി 27 ഇത് സംബന്ധിച്ച് സൂചനകള്‍ വന്നശേഷം Ukraine foreign legion എന്ന് സെര്‍ച്ച് ചെയ്യുന്നവര്‍ വളരെ കൂടുതലാണ് എന്ന് കാണാം. കഴിഞ്ഞ ദിവസം ഇത് കുത്തനെ കൂടിയതായും കാണാം.
എങ്ങനെ യുക്രൈന്‍ ഫോറിന്‍ ലീജിയനില്‍ ചേരാം
യുക്രൈനെ സൈനികമായി സഹായിക്കാന്‍ തയ്യാറുള്ള വിദേശികള്‍ ആദ്യം സ്വന്തം രാജ്യത്തെ യുക്രൈന്‍ എംബസിയെയാണ് ബന്ധപ്പെടേണ്ടത്. ഇത് ഇ-മെയില്‍ വഴിയോ, അല്ലെങ്കില്‍ നേരിട്ട് എംബസിയില്‍ ചെന്നോ ബന്ധപ്പെടാം. അവിടെ നിന്ന് ഏതൊക്കെ രേഖകളാണ് യുക്രൈന്‍ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ നല്‍കേണ്ടത് എന്ന വിശദമായ നിര്‍ദേശം ലഭിക്കും.
ഇതില്‍ നിങ്ങളുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍, നിങ്ങളുടെ വിദേശ യാത്രയ്ക്കുള്ള ശേഷി, നിങ്ങളുടെ സൈനിക സേവന ചരിത്രം, ഒപ്പം കേസുകള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം പരിശോധിക്കുന്ന രേഖകള്‍ വേണ്ടിവരും. ഇതെല്ലാം സമര്‍പ്പിച്ചാല്‍ രേഖകള്‍ പരിശോധിച്ച് അഭിമുഖത്തിന് ശേഷം നിങ്ങള്‍ക്ക് യാത്ര അനുമതി നല്‍കും. അടുത്തതായി നിങ്ങളുടെ അപേക്ഷ എംബസി യുക്രൈന്‍ സൈന്യത്തിന് കൈമറും അവിടെ അപ്ലിക്കേഷന്‍ സ്വീകരിക്കപ്പെട്ടാല്‍ അപേക്ഷിക്കുന്നയാള്‍ക്ക് എങ്ങനെ യുക്രൈനില്‍ എത്താം, എന്തൊക്കെ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങള്‍ യുക്രൈനില്‍ നിന്നും ലഭിക്കും.
ഇത്തരത്തില്‍ യുക്രൈനില്‍ എത്തിയാല്‍ അവിടുത്തെ സര്‍ക്കാറുമായി സേവനം സംബന്ധിച്ച ഒരു കരാറില്‍ ഒപ്പുവയ്ക്കണം. ഇതോടെ അവിടുത്തെ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി സാധിക്കും. നിങ്ങളുടെ പാശ്ചത്തലം പരിഗണിച്ചുള്ള സേവനങ്ങളായിരിക്കും യുക്രൈന്‍ സൈന്യം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. 18 മുതല്‍ 60 വയസുവരെയുള്ളവരെയാണ് യുക്രൈന്‍ ഈ ദൗത്യത്തിന് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ദ മെട്രോ റിപ്പോര്‍ട്ട് പറയുന്നത്.
യുക്രൈനില്‍ സിവിലിയന്‍ സൈന്യം
യുക്രൈനില്‍ ഇപ്പോള്‍ തന്നെ 30,000 സിവിലിയന്മാര്‍ യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ സൈന്യത്തില്‍ ചേര്‍ന്നുവെന്നാണ് വിവരം. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ 18 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാം എന്ന ഉത്തരവ് യുക്രൈന്‍ പ്രസിഡന്‍റ് ഇറക്കിയിരുന്നു. ഇതിന് പുറമേ പൊതുജനത്തിന് ആയുധങ്ങളുടെ വിതരണവും യുക്രൈന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.
പോരാട്ട ഭൂമിയില്‍ ജയില്‍ പുള്ളികള്‍
അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യത്തെ നേരിടാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാന്‍ യുക്രൈന്‍ ഉത്തരവ് ഇറക്കിയതായി റിപ്പോര്‍ട്ട്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ളതുമായ കുറ്റവാളികളെ (Jail Convicts) റഷ്യയ്ക്കെതിരായ പ്രതിരോധത്തിന് ഉപയോഗിക്കാനാണ് യുക്രൈന്‍ സര്‍ക്കാര്‍ നീക്കം.യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വളരെ സങ്കീര്‍ണ്ണമായ വിഷയം ആണെങ്കിലും അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ എല്ലാ തടവുകാരെയും സൈന്യത്തിലേക്ക് പരിഗണിക്കില്ലെന്നും. പ്രവര്‍ത്തിപരിചയം, ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത പരിചയം, അച്ചടക്കം ഇങ്ങനെ വിവിധ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒപ്പം ഇവര്‍ ശിക്ഷിക്കപ്പെടാന്‍ ഇടയായ കേസും പരിഗണിക്കുമെന്ന് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിച്ചു. ഇത്തരം കാര്യങ്ങളുടെ പരിശോധന അതിവേഗത്തില്‍ നടത്താന്‍ സര്‍ക്കാര്‍ യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് യുക്രൈന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.