ട്വിറ്റര്‍ കിട്ടിയില്ലെങ്കില്‍ മസ്ക് എന്ത് ചെയ്യും?; മസ്കിനെ തടയാന്‍ ട്വിറ്ററിന്‍റെ 'വിഷഗുളിക' മതിയാകുമോ.!

മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം നടപ്പാക്കാനാണ് ട്വിറ്ററിന്റെ തീരുമാനം.
 

Twitter V Elon Musk : Plan B ready for Musk What Happens Next

ന്യൂയോര്‍ക്ക്: ജനപ്രിയ സാമൂഹ്യമാധ്യമം ട്വിറ്ററിന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്ക് വിലയിട്ടതും, അതിന്‍റെ തുടര്‍ സംഭവ പരന്പരകളുമാണ് ടെക് ലോകത്തെ ചൂടേറിയ വിഷയം. കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു മസ്കിന്‍റെ നാടകീയമായ തീരുമാനം.

ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി ഇലോൺ മസ്ക് (Elon Musk). ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോള‍‌ർ എന്ന നിലയിൽ 43 ബില്യൺ ഡോള‌‍ർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്. 

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് കമ്മീഷൻ ഫയലിംഗിലാണ് മസ്ക് തന്റെ നീക്കം വെളിപ്പെടുത്തിയത്. നിലവിലെ രീതിയിൽ ട്വിറ്റ‍ർ വളരുകയോ അതിന്റെ അഭിപ്രായ സ്വാതന്ത്ര്യ നയം മെച്ചപ്പെടുകയോ ചെയ്യില്ലെന്നും മസ്ക് ട്വിറ്റർ ബോ‍ർഡിനയച്ച കത്തിൽ പറയുന്നു. 

കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്കിന്റെ വിശദീകരണം. നിലവിലെ ഓഫ‌ർ സ്വീകാര്യമല്ലെങ്കിൽ മാനേജ്മെന്‍റില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നും നിലവിൽ കയ്യിലുള്ള ഓഹരികൾ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന ഭീഷണിയും മസ്ക് നടത്തുന്നുണ്ട്.

എന്നാല്‍ മസ്കിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ട്വിറ്റര്‍ ഓഹരി ഉടമകളുടെ നിലപാട്. ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല ഉടമയുമായ ഇലോൺ മസ്ക് ബലമായി ഏറ്റെടുക്കുന്നത് തടയാനായി ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ് പുതിയ ശ്രമങ്ങള്‍ ആരംഭിച്ചു. മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം നടപ്പാക്കാനാണ് ട്വിറ്ററിന്റെ തീരുമാനം.

നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം.  ഒരു കമ്പനിക്ക് താൽപര്യമില്ലാത്തപ്പോൾ അതിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന ‘ഹോസ്റ്റൈൽ ടേക്ക്ഓവർ’ രീതി തടയാൻ സ്വീകരിക്കുന്ന അവസാനമാർഗമാണ് ‘ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ’. 

ശത്രുരാജ്യത്തിന്റെ പിടിയിൽ അകപ്പെടുമെന്ന് ഉറപ്പാകുമ്പോൾ പല രാജ്യങ്ങളിലും ചാരന്മാരും സൈനികരും ആത്മഹത്യ ചെയ്യാൻ കയ്യിൽ വിഷഗുളിക കരുതുന്ന രീതിയുണ്ടായിരുന്നു. തമിഴ് പുലികള്‍ അടക്കം പയറ്റിയ 'സൈനേഡ്' തന്ത്രം ഇതിന്‍റെ മറ്റൊരു പതിപ്പാണ്. 

ഒരു വ്യക്തിയുടെ ഓഹരിവിഹിതം നിശ്ചിത തോത് കടക്കുകയും അയാൾ കമ്പനിയെ ബലമായി വാങ്ങാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അധികഓഹരികൾ വിപണിയിൽ ഇറക്കുന്നതാണ് ‘പോയിസൺ പിൽ’ രീതി. ഈ ഓഹരികൾക്ക് വിലകുറവായിരിക്കും. അതുവഴി ആളുകൾ കൂടുതൽ ഓഹരി വാങ്ങുകയും അയാൾക്ക് കമ്പനിയിലുള്ള മൊത്തം ഓഹരി ശതമാനം കുറയുകയും ചെയ്യും.

എന്നാല്‍ ടൈറ്റാനിക്ക് ദുരന്തം പോലെ, സ്വയം നഷ്ടമാകുന്ന പരിപാടിയാണ് ഇതെന്നാണ് ഇലോണ്‍ മസ്ക് ഇത്തരം ഒരു ശ്രമത്തെ വിശേഷിപ്പിച്ചത്. അതിനിടെയാണ് പ്രധാന ചോദ്യം ഉയരുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി പൊളിഞ്ഞാല്‍ മസ്ക് എന്ത് ചെയ്യും. 

പ്ലാന്‍ ബി എന്താണ്?

ടെഡ് ക്യുറേറ്ററായ ക്രിസ് ആന്‍ഡേഴ്‌സണുമായി നടത്തിയ സംഭാഷണത്തിലാണ് മസ്‌ക് തന്‍റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പദ്ധതിയിലെ പ്രശ്നങ്ങളും, സാധ്യതകളും അടുത്തിടെ മസ്ക് തുറന്ന് പറഞ്ഞത്. താന്‍ ട്വിറ്റര്‍ വാങ്ങുന്നത് സംഭാഷണ സ്വാതന്ത്ര്യമുള്ള ഒരു സമൂഹ മാധ്യമം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് എന്ന് മസ്ക് പറയുന്നു. ആളുകള്‍ക്ക് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് മസ്‌ക് ട്വിറ്ററിനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ട്വിറ്റര്‍ സ്വന്തമാക്കുക എന്നത് ഒരിക്കലും ലാഭം പ്രതീക്ഷിച്ച് നടത്തുന്ന ഇടപാട് അല്ലെന്ന് ഇദ്ദേഹം പറയുന്നു. ട്വിറ്ററിന്റെ കാര്യത്തില്‍ തന്റെ അന്തിമ ഓഫറാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് എന്നും മസ്‌ക് പറഞ്ഞു.

എന്നാല്‍ ഈ സംഭാഷണത്തില്‍ ആന്‍ഡേഴ്‌സണ്‍ ട്വിറ്റര്‍ വാങ്ങാല്‍ ദൗത്യം പരാജയപ്പെട്ടാല്‍ എന്താണ് പദ്ധതിയെന്ന് ചോദിക്കുന്നു. ഇതിന് മസ്ക് നല്‍കിയ ഉത്തരത്തിന് ഏറെ വ്യാഖ്യാനങ്ങളുണ്ട്. തന്‍റെ മനസില്‍ മറ്റൊരു പദ്ധതിയുണ്ടെന്ന ഉത്തരമാണ് മസ്‌ക് നല്‍കിയത്. അതിലൂടെ വന്ന പുതിയ വ്യാഖ്യാനങ്ങളാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്. മസ്ക് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം റെഡിയാക്കും എന്ന തരത്തിലാണ് വ്യാഖ്യാനങ്ങള്‍. എന്തായാലും കുറച്ച് കാത്തുനില്‍ക്കണം ട്വിറ്റര്‍ മസ്കിന്‍റെ കൈയ്യില്‍ എത്തുമോ എന്ന് അറിയാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios