മസ്കിനെ ഇനി കോടതിയില്‍ കാണാം എന്ന് ട്വിറ്റര്‍; ട്വിറ്ററും മസ്കും ഇനി നിയമ പോരാട്ടത്തിലേക്ക്
ഏറ്റെടുക്കല്‍ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു.
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഏറ്റെടുക്കില്ലെന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്ക് (Elon Musk). ട്വിറ്റര്‍ (Twitter) വാങ്ങുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ല യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.
ഏറ്റെടുക്കല്‍ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു.
"മസ്കുമായി സമ്മതിച്ച വിലയിലും വ്യവസ്ഥകളിലും ഇടപാട് അവസാനിപ്പിക്കാൻ ട്വിറ്റർ ബോർഡ് പ്രതിജ്ഞാബദ്ധമാണ്, ലയന കരാർ നടപ്പിലാക്കാൻ നിയമനടപടി സ്വീകരിക്കാൻ പദ്ധതിയിടുന്നു," ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു. "ഞങ്ങൾ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." - ട്വീറ്റില്‍ പറയുന്നു.
നേരത്തെ തന്നെ കരാറില്‍ നിന്നും പിന്‍മാറുമെന്ന് പരാമർശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോൾ കരാറിൽ നിന്നും പിന്മാറാനും മസ്ക് ഇപ്പോഴും എടുത്ത് പറയുന്നത്. പുതിയ സംഭവ വികാസത്തോടെ ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തിൽ പ്രമുഖരായ ടെക് കമ്പനിയും തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിനും തുടക്കമാവും.
പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്.
ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി മസ്ക് എടുത്ത് കാണിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ സമൂലമായ ഉടച്ചുവാര്‍ക്കൽ നടത്തുമെന്ന് പിന്നീട് മസ്ക് പറഞ്ഞിരുന്നു. ട്വിറ്ററിൽ ഫണ്ടിംഗ് നടത്താനുള്ള നീക്കങ്ങൾ മസ്ക് മരവിപ്പിച്ചതായി കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതിരുന്നു.
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും കമ്പനിയും തമ്മിൽ ധാരണയായിരുന്നുവെങ്കിലും ആയെങ്കിലും ഇടപാട് ഗുരുതരമായ പ്രശ്‌നത്തിലാണെന്ന് ബിസിനസ് സ്റ്റാൻഡേർഡ് പിന്നീട് റിപ്പോർട്ട് ചെയ്തു.
ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 44 ബില്ല്യണ്‍ ഡോളറിനാണ് കരാറായത്. ഏറ്റെടുക്കൽ തടയാൻ അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു.
ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാൻ്റിൽ ഉപയോഗിച്ചിരുന്നു.
ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോണ്‍ മസ്ക്, നിയമനടപടിക്കൊരുങ്ങി കമ്പനി