വിവാദങ്ങള്‍ക്കിടെ ട്വിറ്റര്‍ ഇന്ത്യ പബ്ലിക്ക് പോളിസി മേധാവി രാജിവച്ചു
കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമല്ല കൗളിന്റെ രാജിക്ക് പിന്നിലെന്ന് പേരു വെളിപ്പെടുത്താത്ത മറ്റൊരു ട്വിറ്റർ വക്താവും പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ട അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ ട്വിറ്റർ വിസമ്മതിച്ചിരുന്നു.
ദില്ലി: ട്വിറ്റര്‍ ഇന്ത്യ പബ്ലിക്ക് പോളിസി മേധാവി മഹിമ കൌള്‍ രാജിവച്ചു. ഒരുവര്‍ഷത്തിനിടെ ഇത്തരത്തിലുണ്ടായ രണ്ടാമത്തെ രാജിയാണ് ഇത്. നേരത്തെ വിവാദങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ 2020യില്‍ ഫേസ്ബുക്ക് പബ്ലിക്ക് പോളിസി മേധാവി അങ്കി ദാസ് രാജിവച്ചിരുന്നു. ഇതിനാല്‍ തന്നെ മഹിമ കൌളിന്‍റെ രാജി സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പരക്കാനും ഇടയായി.
എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിച്ച് ട്വിറ്റര്‍ മഹിമ കൌളിന്‍റെ രാജി വ്യക്തിപരമായ കാരണങ്ങളാലാണ് എന്നാണ് പ്രതികരിച്ചത്. ട്വിറ്റര്‍ മഹിമയുടെ പദവിയിലേക്ക് പുതിയ ആളെ തേടി പരസ്യം ചെയ്തിട്ടുമുണ്ട്. സർക്കാരുമായുള്ള ഇടപാടുകള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ട പദവിയിലായിരുന്നു മഹിമയുടേത്. എന്നാൽ, സർക്കാരിന്റെ ഭീഷണിയല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നുമാണ് കൗൾ അനൗദ്യോഗികമായി പ്രതികരിച്ചത്.
കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമല്ല കൗളിന്റെ രാജിക്ക് പിന്നിലെന്ന് പേരു വെളിപ്പെടുത്താത്ത മറ്റൊരു ട്വിറ്റർ വക്താവും പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ട അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ ട്വിറ്റർ വിസമ്മതിച്ചിരുന്നു. ഇതിനിടെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. ഈ വർഷം തുടക്കത്തിൽ തന്നെ ട്വിറ്ററിന്റെ പബ്ലിക് പോളിസി ഡയറക്ടർ പദവിയിൽ നിന്ന് വിരമിക്കാൻ മഹിമ കൗൾ തീരുമാനിച്ചതാണെന്ന് ട്വിറ്റർ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മേച്ചെ പറഞ്ഞു.
ട്വിറ്ററിൽ നമുക്കെല്ലാവർക്കും ഇതൊരു വലിയ നഷ്ടമാണ്, പക്ഷേ അഞ്ച് വർഷത്തിലേറെയായി അവർ ഇതേ പദവിയില്‍ പ്രവർത്തിക്കുന്നു, അവരുടെ വ്യക്തിപരമായ ജീവിതത്തിലെ ആഗ്രഹങ്ങളെ ഞങ്ങൾ മാനിക്കുന്നു. മാർച്ച് അവസാനം വരെ മഹിമ തന്റെ റോളിൽ തുടരുമെന്നും അവർ പറഞ്ഞു.