ഇന്ത്യയ്ക്കും, യുഎസിനും എതിരെ പാകിസ്ഥാന്‍റെ രഹസ്യ സൈബര്‍ ആര്‍മി; ചെല്ലും ചെലവും കൊടുത്ത് തുര്‍ക്കി
2018 ഡിസംബർ 17-ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലുവും അന്നത്തെ പാക് ആഭ്യന്തര സഹമന്ത്രി ഷെഹ്‌രിയാർ ഖാൻ അഫ്രീദിയും തമ്മിലുള്ള സ്വകാര്യ ചർച്ചയിലാണ് ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് വെളിപ്പെടുത്തല്‍.
ഇസ്താബൂള്‍: അമേരിക്കയെയും ഇന്ത്യയെയും സൈബറിടങ്ങളില്‍ ആക്രമിക്കാനും പാകിസ്ഥാനെതിരായ സൈബര്‍ ലോകത്തെ വിമർശനങ്ങളെ ഇല്ലാതാക്കാനും രഹസ്യ സൈബർ ആർമി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ സഹായത്തോടെയാണ് ഇത് നിലവില്‍ വന്നത് എന്നാണ് നോർഡിക് മോണിറ്റർ റിപ്പോര്‍ട്ട് പറയുന്നത്. യുഎസ്, ഇന്ത്യ എന്നിവര്‍ക്കെതിരെ സൈബര്‍ ക്യാംപെയിനുകള്‍ രൂപപ്പെടുത്താനും തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്ലീങ്ങളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും ഈ രഹസ്യ ആര്‍മി ശ്രമിക്കുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
2018 ഡിസംബർ 17-ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലുവും അന്നത്തെ പാക് ആഭ്യന്തര സഹമന്ത്രി ഷെഹ്‌രിയാർ ഖാൻ അഫ്രീദിയും തമ്മിലുള്ള സ്വകാര്യ ചർച്ചയിലാണ് ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് വെളിപ്പെടുത്തല്‍. ഇസ്‌ലാമാബാദിന്‍റെ ആഭ്യന്തര മന്ത്രാലയത്തിലെ ഒട്ടുമിക്ക ജീവനക്കാരും അറിയാതെ സീനിയർ തല ഉദ്യോഗസ്ഥര്‍ക്ക് മാത്രം വിവരം ഉള്ള നടപടിയാണ് ഇതെന്നാണ് വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
അതേ ദിവസം സോയ്‌ലുവുമായുള്ള കൂടിക്കാഴ്ചയിൽ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതില്‍ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പച്ചക്കൊടി കാട്ടിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2022 ഒക്‌ടോബർ 13-ന് കഹ്‌റാമൻമാരാസിലെ ഒരു പ്രാദേശിക ടിവി ചാനലുമായി സോയ്‌ലു നടത്തിയ അഭിമുഖത്തിലാണ് ഈ രഹസ്യ ഓപ്പറേഷന്‍റെ കാര്യം വെളിപ്പെടുത്തിയത്. തുർക്കിയിൽ നിന്ന് അഞ്ചോ ആറോ മണിക്കൂർ നേരിട്ടുള്ള വിമാനത്തിൽ പറന്ന ഒരു രാജ്യത്ത് എത്തി ഇത്തരം ഒരു ഓപ്പറേഷന്‍ നടത്തിയെന്നാണ് തുര്‍ക്കി അഭ്യന്തരമന്ത്രി പറഞ്ഞത്. നേരിട്ട് പാകിസ്ഥാന്‍റെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല.
തുർക്കിയിലെ സര്‍ക്കാറിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങൾ ക്രിമിനൽ കുറ്റമാക്കുകയും, അത് ചെയ്യുന്നവര്‍ക്ക് ജയിൽ ശിക്ഷ അടക്കം നല്‍കുന്ന അടുത്തിടെ അംഗീകരിച്ച വിവാദ സോഷ്യൽ മീഡിയ നിയമത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു തുര്‍ക്കി അഭ്യന്തരമന്ത്രി സോയ്‌ലു. അതേ സമയമാണ് ഇസ്ലാമാബാദ് സന്ദർശന വേളയിൽ തന്‍റെ സംഭാഷണങ്ങൾ പാകിസ്ഥാന്‍റെ പേര് നേരിട്ട് പറയാതെ തുര്‍ക്കി അഭ്യന്തരമന്ത്രി അനുസ്മരിച്ചത്. പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഒരു പാകിസ്ഥാൻ അഭ്യന്തര മന്ത്രി തന്നെ ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോയെന്നും സൈബർ സംവിധാനം സ്ഥാപിക്കുന്നതിന് തന്നോട് സഹായം അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോഗിച്ച് പാക്കിസ്ഥാനെ കുറിച്ച് മോശമായ കാര്യങ്ങള്‍ സൈബര്‍ ലോകത്ത് സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും. യുഎസിന്‍റെയും മറ്റ് രാജ്യങ്ങളുടെയും ശ്രമങ്ങള്‍ ചെറുക്കാൻ സൈബർ ആർമി രൂപീകരിക്കാൻ കഴിവുള്ള പ്രൊഫഷണലുകൾ ആവശ്യമാണെന്നും പാക് അഭ്യന്തര മന്ത്രി പറഞ്ഞതായി തുർക്കി മന്ത്രി പറഞ്ഞു.
എന്നാല്‍ ഈ കാര്യം രഹസ്യമായാണ് പറഞ്ഞതെന്നും. പാകിസ്ഥാൻ പ്രതിനിധികൾക്കൊപ്പം നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെ ഈ അഭ്യർത്ഥന ഉന്നയിക്കുന്നതിൽ നിന്ന് പാകിസ്ഥാൻ മന്ത്രി മനഃപൂർവം ഒഴിഞ്ഞുമാറിയതായി ശ്രദ്ധയിൽപ്പെട്ടതായി തുര്‍ക്കി മന്ത്രി സൂചിപ്പിച്ചു. പകരം ഈ അഭ്യര്‍ത്ഥനയ്ക്കായി രഹസ്യമായി ഒരു കൂടികാഴ്ചയാണ് നടത്തിയത്.
എങ്കിലും പാക് ആവശ്യത്തോട് തുര്‍ക്കി അനുകൂലമായി പ്രതികരിച്ചു. സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ (എംനിയറ്റ്) വിവിധ വകുപ്പുകളിൽ നിന്നുള്ള അഞ്ച് പോലീസ് മേധാവികളെ പാക് സഹായത്തിന് നല്‍കിയതായി സോയ്‌ലു വെളിപ്പെടുത്തി. ഈ പദ്ധതി നടപ്പിലാക്കാന്‍ ഈ തുര്‍ക്കി ടീം പാകിസ്ഥാനിൽ മാസങ്ങളോളം പരിശ്രമിക്കുകയും ഒടുവിൽ അത് പൂർത്തിയാക്കുകയും ചെയ്തുവെന്നും തുര്‍ക്കി മന്ത്രി വെളിപ്പെടുത്തുന്നു. തുടർന്ന് പാകിസ്ഥാനില്‍ ഭരണ മാറിയപ്പോഴും, ആ സർക്കാരുകളുടെ കീഴിലും സഹകരണം തുടരുന്നു. തുർക്കി പരിശീലിപ്പിച്ച ഏകദേശം 6,000 പാകിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നും തുര്‍ക്കി മന്ത്രി വെളിപ്പെടുത്തി.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ സഹകരണം സംബന്ധിച്ച ഉഭയകക്ഷി കരാറിന് പുറത്ത് രഹസ്യമായാണ് ഈ പദ്ധതി എന്നതും ശ്രദ്ധേയമാണ്. വാസ്തവത്തിൽ ഇത് യുഎസും ഇന്ത്യയും പൊലുള്ള വിദേശ ശക്തികള്‍ക്കെതിരെ നടത്തുന്ന സൈബര്‍ ഒളിസേനയാണ് എന്നാണ് നോർഡിക് മോണിറ്റർ വെളിപ്പെടുത്തുന്നത്.
തുര്‍ക്കിയുടെ ആഭ്യന്തര മന്ത്രി വെറുതെ ഇത്തരം ഒരു കാര്യം പറയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം സൈബര്‍ സേനകളുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ഇത് പറയുന്ന സോയ്‌ലു എന്ന തുർക്കി ആഭ്യന്തര മന്ത്രി. 2016 സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രിയാകുന്നതിന് മുമ്പ് തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന് വേണ്ടി സമാനമായ രഹസ്യ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ കുപ്രസിദ്ധനാണ് ഇദ്ദേഹം.
2014-ൽ എർദോഗന്‍റെ പാര്‍ട്ടിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിയുടെ (എകെപി) ഡെപ്യൂട്ടി ചെയർമാനായിരുന്നപ്പോൾ സോയ്‌ലു ഒരു വലിയ ട്വിറ്റർ ടീമിനെ രഹസ്യമായി ഏര്‍പ്പാടാക്കിയിരുന്നു., എകെപിയെ അംഗീകരിക്കാത്ത പ്രമുഖ സാമൂഹിക-രാഷ്ട്രീയ വ്യക്തിത്വങ്ങളെ അവഹേളിക്കുന്നതിനും മറ്റും ഈ സംഘത്തെ ഉപയോഗിച്ചതായി ആരോപണമുണ്ട്. ആ സമയത്ത് സോയ്‌ലു 6,000 ട്രോളന്മാര്‍ അടങ്ങിയ സൈബര്‍ ആർമിയെ നിയന്ത്രിച്ചിരുന്നുവെന്നാണ് തുര്‍ക്കി മാധ്യമങ്ങളിലെ തന്നെ റിപ്പോര്‍ട്ട്.
ഈ ട്രോൾ ആർമിയെ ഉപയോഗിച്ച് തുര്‍ക്കിയിലെ ട്വിറ്റര്‍ ഇടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാൻ എർദോഗന് സാധിച്ചു. സോയ്‌ലുവിന്റെ ട്വിറ്റർ സൈന്യം എർദോഗന്‍റെ വിമർശകരെയും എർദോഗനുമായി പൊരുത്തപ്പെടാത്ത എതിരാളികളെയും നിരന്തരം ആക്രമിച്ചു. എർദോഗന്‍റെ പാർട്ടി ഭരിക്കുന്ന പ്രാദേശിക സർക്കാരുകളാണ് ഈ സൈബര്‍ ആര്‍മ്മിക്ക് പ്രവർത്തനത്തിന്‍റെ ധനസഹായം പലവഴിക്ക് നൽകിയത് എന്നാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര മന്ത്രിയായപ്പോൾ സോയ്‌ലു തന്‍റെ സൈബർ സൈന്യം വിപുലീകരിക്കുകയും നിയമപാലന പശ്ചാത്തലമോ സൈബർ സംബന്ധമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള പരിശീലനമോ ഇല്ലാതിരുന്നിട്ടും തന്‍റെ പഴയ സൈബര്‍ സൈന്യത്തിലെ പല പ്രവർത്തകരെയും പോലീസ് ഡിപ്പാർട്ട്‌മെന്റിന്‍റെയും സൈബർ ക്രൈം യൂണിറ്റിലെയും തലപ്പത്ത് എത്തിച്ചു. എതിരാളികളെയും വിമർശകരെയും അടിച്ചമര്‍ത്തുന്ന ഒരു രാഷ്ട്രീയ ഉപകരണമായി സര്‍ക്കാറിന്‍റെ ഔദ്യോഗിക സൈബർ യൂണിറ്റിനെ മാറ്റാൻ സോയ്‌ലുവിന് കഴിഞ്ഞെന്നാണ് തുര്‍ക്കിയിലെ ഭരണകൂട വിമര്‍ശകര്‍ തെളിവ് സഹിതം വാദിക്കുന്നത്.
തുര്‍ക്കിയിലെ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന്‍റെ കീഴിലും, സൈബർ ക്രൈം ഡയറക്ടറേറ്റിന്‍റെ കീഴിലും പ്രോഗ്രാമർമാരും സോഫ്റ്റ്‌വെയർ ഡെവലപ്പർമാരും പോലുള്ള സിവിലിയൻ ഉദ്യോഗസ്ഥർ എല്ലായ്‌പ്പോഴും ജോലി ചെയ്തിരുന്നു. എന്നാൽ അവരുടെ എണ്ണം കുറവായിരുന്നു. മിക്ക ഉദ്യോഗസ്ഥരും സര്‍ക്കാര്‍ തലത്തില്‍ ഉള്ളവരായിരുന്നു. ഇവരായിരുന്നു സിവിലിയൻ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത്. അന്വേഷണത്തിന്‍റെ രഹസ്യാത്മകത കാരണം ഐടിയുമായി ബന്ധപ്പെട്ട അസൈൻമെന്റുകൾ കൈകാര്യം ചെയ്യാൻ സ്വന്തം പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനും ബോധവൽക്കരിക്കാനും മുന്‍പ് തുര്‍ക്കിയിലെ സൈബർ ക്രൈം ഡയറക്ടറേറ്റ് താല്‍പ്പര്യപ്പെട്ടു.
എന്നാല്‍ അഭ്യന്തര മന്ത്രിയായി സോയ്‌ലു എത്തിയതോടെ ഈ പാരമ്പര്യം അട്ടിമറിച്ചു. സൈബർ യൂണിറ്റിൽ നിന്ന് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി. ഇപ്പോൾ സൈബർ കുറ്റകൃത്യങ്ങൾക്കായി 350 പുതിയ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചു. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്, പോലീസ് ഇന്റലിജൻസ് ശേഖരിച്ച സെൻസിറ്റീവ് ഇന്റലിജൻസിലേക്ക് സൈബർ യൂണിറ്റിന് പ്രവേശനം നൽകി. ഇത് തീര്‍ത്തും പുതിയ നീക്കമായിരുന്നു. പ്രമുഖ വ്യക്തികൾ, പത്രപ്രവർത്തകർ, കലാകാരന്മാർ, നിയമനിർമ്മാതാക്കൾ എന്നിവരുൾപ്പെടെ പതിനായിരക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുന്ന ഇന്റലിജൻസ് പരിശോധിക്കാനുള്ള അവകാശം 350 സിവിലിയൻമാർക്ക്, അഥവ അഭ്യന്തരമന്ത്രിയുടെ മുൻ ട്രോള്‍ ആര്‍മി അംഗങ്ങള്‍ക്ക് ലഭിച്ചു.
പുതുതായി നവീകരിച്ച സൈബർ പോലീസ് ഡിപ്പാർട്ട്‌മെന്‍റ് പ്രതിപക്ഷത്തെ പൊതു വീക്ഷണത്തിൽ തുരങ്കം വയ്ക്കാനും ഭരണകക്ഷിയിലെ വിമർശകരെയും വിമതരെയും അപകീർത്തിപ്പെടുത്താനുമുള്ള ഭരണകൂട മാര്‍ഗ്ഗമായി മാറി. ഇന്റർനെറ്റിലെ യഥാർത്ഥ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുപകരം, സൈബർ യൂണിറ്റിലെ സംഘങ്ങൾ എതിരാളികളുടെ ഇമെയിലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്ന തിരക്കിലായി എന്നതാണ് തുര്‍ക്കിയിലെ യാഥാര്‍ത്ഥ്യം.
സർക്കാരിനെതിരെ ന്യായമായ വിമർശനം പ്രകടിപ്പിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും, ഇത്തരം വിമര്‍ശനങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നിസ്സാരമായ ക്രിമിനൽ കേസുകൾ ആരംഭിക്കാൻ സോയ്‌ലു യൂണിറ്റിനെ നഗ്നമായി ദുരുപയോഗം ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നവർക്കെതിരെ വ്യാജ കേസുകൾ ഉണ്ടാക്കുന്നതിന് സൈബർ ക്രൈം യൂണിറ്റുകൾ തയ്യാറാക്കിയ നിരവധി റിപ്പോർട്ടുകൾ പ്രോസിക്യൂട്ടർമാർക്ക് സമർപ്പിച്ചുവെന്നാണ് വിവരം.
ഇപ്പോൾ അതേ സജ്ജീകരണം പാകിസ്ഥാന് കൈമാറിയെന്നാണ് തുര്‍ക്കി വെളിപ്പെടുത്തുന്നത്. ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അല്ല ഇതിന് എന്നതും ശ്രദ്ധേയമാണ്. പാശ്ചാത്യരാജ്യങ്ങളിലെ വിദേശ രാജ്യങ്ങളെയും പാകിസ്ഥാന്റെ ബദ്ധശത്രുവായ ഇന്ത്യയെയും ആക്രമിക്കാൻ കൂടി ലക്ഷ്യമിട്ടാണ് വിനാശകരമായ ഈ നീക്കം എന്നാണ് നോർഡിക് മോണിറ്റർ റിപ്പോര്‍ട്ട് പറയുന്നത്.
ഹിമാചലില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍, ആറര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടികൂടി
190 വര്‍ഷം ഇന്ത്യ ഭരിച്ച ബ്രിട്ടനെ, ഇനി ഇന്ത്യന്‍ വംശജന്‍ നയിക്കും; ആരാണ് റിഷി സനുക് ?