ഇന്ത്യയിലും മറ്റും നിരോധനം; എന്നിട്ടും ടിക്ടോക്ക് കുതിപ്പ് നില്‍ക്കുന്നില്ല, ഫേസ്ബുക്കിനെ പിന്നിലാക്കി.!

ഗൂഗിള്‍പ്ലേ സ്റ്റോറിന്‍റെ വിവിധ രാജ്യങ്ങളിലെ കണക്കില്‍ ടിക്ടോക് ഡൗൺലോഡിങ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. 

TikTok races past Facebook to become most downloaded app in the world

ന്യൂയോര്‍ക്ക്: ഇന്ത്യ അടക്കം പല രാജ്യങ്ങളിലും നിരോധനം നേരിട്ട ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ടിക്ടോക്ക് വന്‍ കുതിപ്പ് നടത്തുന്നു.  ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ടിക്ടോക് ഫേസ്ബുക്കിനെ രണ്ടാം സ്ഥാനത്താക്കി ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക്ടോക്കിന് പിന്നില്‍.  2017 ലാണ് ഈ ആപ്പ് രംഗത്ത് വന്നത്. 

ഗൂഗിള്‍പ്ലേ സ്റ്റോറിന്‍റെ വിവിധ രാജ്യങ്ങളിലെ കണക്കില്‍ ടിക്ടോക് ഡൗൺലോഡിങ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ തദ്ദേശീയ സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക് മെസഞ്ചർ എന്നിവയെ എല്ലാം ഡൗണ്‍ലോഡിംഗില്‍ ടിക്ടോക്കിന് പിന്നിലായി എന്നതാണ് വാര്‍ത്ത.

നിക്കി ഏഷ്യയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആദ്യമായി സമൂഹ മാധ്യമ ആപ്പുകളുടെ ഡൗൺലോഡിങ് പട്ടികയിൽ ടിക്ടോക്ക് ഒന്നാമതെത്തി. മഹാമാരിക്കാലത്തെ അടച്ചിടലുകള്‍ ഈ വീഡിയോ ആപ്പിന്‍റെ ആവശ്യക്കാരെ വര്‍ദ്ധിപ്പിച്ചു. യൂറോപ്പിലും അമേരിക്കയിലും ടിക്ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുൻപന്തിയിലാണെന്നും നിക്കി ഏഷ്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

അതേ സമയം ആഗോളതലത്തില്‍ സന്ദേശ കൈമാറ്റ ആപ്പുകളിലും വലിയ ട്രെന്‍റ് വ്യത്യാസം ഉണ്ടെന്നാണ് നിക്കി ഏഷ്യ പഠനം പറയുന്നത്. 2021ന്റെ തുടക്കത്തിൽ പുതിയ സ്വകാര്യത നയം വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ ഡാറ്റ ഫെയ്സ്ബുക്കുമായി പങ്കിടുമെന്ന് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് മറ്റ് സന്ദേശ കൈമാറ്റ ആപ്പുകളിലേക്ക് ആളുകള്‍ ഒഴുകി. 

ഇതിന്‍റെ ലാഭം കൂടുതല്‍ ലഭിച്ചത് ടെലഗ്രാമിനാണ്. ജർമനിയിൽ നിന്നും പ്രവർത്തിക്കുന്ന  സന്ദേശ കൈമാറ്റ ആപ്പായ ടെലിഗ്രാം ഡൗണ്‍ലോഡിംഗ് എണ്ണത്തില്‍ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ടെലിഗ്രാമിനെയും അതിവേഗം ഉയരാൻ കോവിഡ് -19 പാശ്ചത്തലവും സഹായിച്ചുവെന്നാണ് നിരീക്ഷണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona. 

Latest Videos
Follow Us:
Download App:
  • android
  • ios