ടെസ്ലയുടെ രഹസ്യങ്ങള്‍ ജോലിക്ക് കയറി മൂന്നാംനാള്‍ എഞ്ചിനീയര്‍ ചോര്‍ത്തി

രഹസ്യ ഫയലുകൾ ചോര്‍ത്തി എന്ന കമ്പനി വാദിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും, തനിക്ക് ഒരു രഹസ്യ ഫയലും നോക്കാനുള്ള അനുമതിയില്ലായിരുന്നുവെന്നും അലക്‌സ് പറയുന്നു. 

Tesla claims engineer stole secrets just three days into the job

ന്യൂയോര്‍ക്ക്: ജോലിക്ക് കയറി മൂന്നാംനാള്‍ തങ്ങളുടെ രഹസ്യഫയലുകള്‍ ഒരു എഞ്ചിനീയര്‍ മോഷ്ടിച്ചതായി ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. ഈ വര്‍ഷം ജനുവരി 6 വരെ കേവലം രണ്ടാഴ്ച മാത്രം ടെസ്ലയില്‍ ജോലി ചെയ്ത അലക്‌സ് കട്ടിലോവാണ് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് ടെസ്ല ആരോപിക്കുന്നു. ടെസ്ലയുടെ അതിവ രഹസ്യമായ 6000ത്തിലേറെ സ്‌ക്രിപ്റ്റുകള്‍ ഇയാള്‍ കടത്തിയെന്നാണ് റിപ്പോര്‍ട്ട്. 

ഈ സ്‌ക്രിപ്റ്റുകള്‍ നിരവിധി കാര്യങ്ങള്‍ ഓട്ടോമേറ്റു ചെയ്യാന്‍ ഉപയോഗിക്കുന്നവയാണെന്നാണ് ടെസ്ല നല്‍കിയ ഔദ്യോഗിക പരാതിയില്‍ പറയുന്നു. കമ്പനിയുടെ അതിവ രഹസ്യമായ വ്യാപര രഹസ്യങ്ങളും ചോര്‍ന്നവയിലുണ്ട്. ഇത് സംബന്ധിച്ച് സന്‍‍ഫ്രാന്‍സിസ്കോ ഡിസ്ട്രിക്ട് ജഡ്ജിയായ യോവ്‌നെ ഗോണ്‍സാലെസ് റോജേഴ്‌സിന്‍റെ മുന്നിലാണ് ടെസ്ല പരാതി നല്‍കിയിരിക്കുന്നത്. 

അതേസമയം, അലക്‌സ് പറയുന്നത് കമ്പനി തനിക്കെതിരെ നല്‍കിയിരിക്കുന്ന കേസ് തന്നെ ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നാണ്. തന്നെ ഡിസംബര്‍ 28നാണ് ടെസ്‌ല ജോലിക്കെടുക്കുന്നത്. പുതിയതായി ജോലിക്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫയല്‍ തനിക്ക് അയച്ചു തന്നുവെന്നും അത് തന്റെ ഡ്രോപ്ബാക്‌സിലുള്ള ക്ലൗഡ് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ്. തനിക്ക് തന്റെ കംപ്യൂട്ടറില്‍ വച്ച് പരിശോധിക്കാനായിരുന്നു അങ്ങനെ ചെയ്തത്. ഒരാളും ഡ്രോപ്‌ബോക്‌സ് ഉപയോഗമൊന്നും അനുവദിച്ചിട്ടില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ലെന്നുമാണ് അലക്‌സിന്റെ വാദം.

രഹസ്യ ഫയലുകൾ ചോര്‍ത്തി എന്ന കമ്പനി വാദിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും, തനിക്ക് ഒരു രഹസ്യ ഫയലും നോക്കാനുള്ള അനുമതിയില്ലായിരുന്നുവെന്നും അലക്‌സ് പറയുന്നു. ഏതാനും ദിവസം കഴിഞ്ഞ് തന്നോട് തന്റെ ഡ്രോപ്‌ബോക്‌സിലുള്ള വിവരങ്ങള്‍ കാണിച്ചു തരണമെന്ന് കമ്പനി ആവശ്യപ്പെട്ടുവെന്നും അങ്ങോട്ടു മാറ്റിയ ഡേറ്റ ഡിലീറ്റു ചെയ്യണമെന്ന് പറഞ്ഞുവെന്നും താന്‍ അതു ചെയ്തുവെന്നും, ഏതാനും മണിക്കൂര്‍ കഴിഞ്ഞ് തന്നെ പിരിച്ചുവിട്ടതായി കമ്പനി അറിയിക്കുകയാണ് ഉണ്ടായതെന്നുമാണ് അലക്‌സ് വാദിക്കുന്നത്. 

എന്നാല്‍ ടെസ്‌ല പറയുന്നത് തങ്ങള്‍ അലക്‌സിന്റെ ക്ലൗഡ് അക്കൗണ്ടില്‍ ആയിരക്കണക്കിനു രഹസ്യ ഫയലുകള്‍ കണ്ടെത്തിയെന്നും ഇതേപ്പറ്റി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അത് ഡിലീറ്റു ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ്. അതു കൂടാതെ അലക്‌സ് മറ്റു ഫയലുകള്‍ കോപ്പി ചെയ്ത് വേറെ എങ്ങോട്ടെങ്കിലും അയച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും കമ്പനി പറയുന്നു. 

ആരോപണ വിധേയന്‍ തനിക്കു മുൻപില്‍ ഫെബ്രുവരി 4ന് ഹാജരാകുന്നതിനു മുൻപ് മോഷ്ടിച്ച എല്ലാ ഫയലുകളും റെക്കോഡുകളും ഇമെയിലുകളും കമ്പനിക്ക് തിരിച്ചു നല്‍കണമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ജില്ല കോടതി. ടെസ്ലയുടെ 'തിരഞ്ഞെടുക്കപ്പെട്ട ഏതാനും ജോലിക്കാര്‍' എന്ന വകുപ്പിലാണ് അലക്‌സിനെ ജോലിക്ക് എടുത്തത്. 

തന്റെ ജോലിയുമായി ബന്ധപ്പെടാത്ത ഫയലുകള്‍ പോലും അദ്ദേഹത്തിന് പരിശോധിക്കാവുന്ന രീതിയിലായിരുന്നു നിയമനം. തങ്ങള്‍ ഇയാളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ ശ്രമിക്കുന്നത് ഇയാള്‍ നുണ പറഞ്ഞതിനാലും, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാലുമാണെന്നാണ് കമ്പനി പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios