അംബാനിയും സക്കര്‍ബര്‍ഗും ഒന്നായി; ഇനി വാട്ട്സ്ആപ്പ് വഴിയാണ് സംഭവം.!
ഇന്ത്യയിലെ ഉപയോക്താക്കളെ പ്രത്യേകിച്ച് മുമ്പ് ഓൺലൈനിൽ ഷോപ്പിംഗ് നടത്തിയിട്ടില്ലാത്തവർ ഉൾപ്പെടെയുള്ളവർക്ക് ജിയോമാർട്ടിന്റെ മുഴുവൻ ഗ്രോസറി കാറ്റലോഗും തടസ്സമില്ലാതെ ഇനി മുതൽ ബ്രൗസ് ചെയ്യാനാകും.
മുംബൈ: ജിയോമാർട്ടും വാട്ട്സാപ്പും കൈകോർത്തു. റിലയൻസ് ജിയോയുടെ ആനുവൽ ജനറൽ മീറ്റിങ് തുടങ്ങിയതിനു പിന്നാലെ ജിയോമാർട്ടുമായുള്ള വാട്ട്‌സ്ആപ്പിന്‍റെ ആദ്യ ആഗോള ഷോപ്പിംഗ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് . തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സക്കർബർഗ് ഇക്കാര്യം പങ്കുവെച്ചത്. ഉപയോക്താക്കൾക്ക് ഒരൊറ്റ ചാറ്റിലൂടെ തന്നെ ജിയോമാർട്ടിൽ നിന്ന് ആവശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ കഴിയും. ഇത്തരം മാറ്റങ്ങൾ ബിസിനസിന് ഗുണം ചെയ്യുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്കും ബിസിനസുകൾക്കും ആശയവിനിമയം നടത്താൻ ഇത് സഹായകമാകുമെന്നും സക്കർബർഗ് പറഞ്ഞു.
ഇന്ത്യയിലെ ഉപയോക്താക്കളെ പ്രത്യേകിച്ച് മുമ്പ് ഓൺലൈനിൽ ഷോപ്പിംഗ് നടത്തിയിട്ടില്ലാത്തവർ ഉൾപ്പെടെയുള്ളവർക്ക് ജിയോമാർട്ടിന്റെ മുഴുവൻ ഗ്രോസറി കാറ്റലോഗും തടസ്സമില്ലാതെ ഇനി മുതൽ ബ്രൗസ് ചെയ്യാനാകും. കൂടാതെ കാർട്ടിലേക്ക് സാധനങ്ങൾ ആഡ് ചെയ്യാനും പണമടയ്ക്കാനും സാധിക്കുമെന്ന് ജിയോ അറിയിച്ചു. വാട്ട്‌സ്ആപ്പ് ചാറ്റിൽ നിന്ന് പുറത്തുപോകാതെ തന്നെ ഇതൊക്കെ ചെയ്യാൻ കഴിയുമെന്നതാണ് ഗുണം.
" ജിയോയുടെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കാണ് പുതിയ അപ്ഡേറ്റിന് ആവശ്യമായ ചാറ്റ്ബോട്ട് നിർമ്മിച്ചിരിക്കുന്നത്.റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം മീറ്റിങിൽ പങ്കുവെച്ചത്. ലോകത്തെ മുൻനിര ഡിജിറ്റൽ സമൂഹമായി ഇന്ത്യയെ മാറ്റുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020-ൽ ജിയോ പ്ലാറ്റ്‌ഫോമുകളും മെറ്റയും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതിനു പിന്നിൽ കൂടുതൽ ആളുകളെയും ബിസിനസുകളെയും ഓൺലൈനിൽ കൊണ്ടുവരുന്നതിനും ഓരോ ഇന്ത്യക്കാരന്‍റെയും ദൈനംദിന ജീവിതത്തിനാവശ്യമായവ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന കാഴ്ചപ്പാടായിരുന്നു ഉള്ളത്.
തങ്ങൾ വികസിപ്പിച്ചെടുത്ത നൂതനമായ ഉപഭോക്തൃ അനുഭവത്തിനുളള ഉദാഹരണമാണ് വാട്ട്സാപ്പിൽ ജിയോമാർട്ടിനൊപ്പം ലഭ്യമാകുന്ന ആദ്യത്തെ എൻഡ്-ടു-എൻഡ് ഷോപ്പിംഗ് അനുഭവം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഓൺലൈൻ ഷോപ്പിംഗ് ലളിതവും സൗകര്യപ്രദവുമായ രീതിയിൽ വിനിയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-മത് എജിഎമ്മിൽ വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിനുള്ള പ്രോസിജിയറുകളെ കുറിച്ച് മുകേഷ് അംബാനിയുടെ മകളും റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ മേധാവിയുമായ ഇഷ വിശദീകരിച്ചു. വാട്ട്സാപ്പ് വഴി പർച്ചേസ് ചെയ്യാൻ ആദ്യം വാട്ട്‌സാപ്പിലെ ജിയോമാർട്ട് സ്‌മാർട്ട് ബോട്ടിന് 'ഹായ്' അയയ്ക്കുക.
അപ്പോൾ തന്നെ ജിയോമാർട്ട് നിങ്ങൾക്ക് ഒരു ലിങ്ക് അയയ്‌ക്കും. അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വാട്ട്‌സാപ്പിന്റെ സാധാരണ ചാറ്റ് ഇന്റർഫേസിൽ നിന്ന് കൂടുതൽ ആകർഷകവും ദൃശ്യ സമ്പന്നവുമായ ഷോപ്പിംഗ് അനുഭവത്തിലേക്കുള്ള വിൻഡോ ഓപ്പൺ ചെയ്യും. ഇപ്പോൾ നിങ്ങൾക്ക് മുഴുവൻ ജിയോമാർട്ട് കാറ്റലോഗും ബ്രൗസ് ചെയ്യാൻ കഴിയും. അതിൽ ഇഷ്ടമുള്ള ത് തെരഞ്ഞെടുത്ത് പേയ്മെന്റ് ചെയ്യുക.
ഓൺലൈൻ പേയ്മെന്റും കാഷ് ഓൺ ഡെലിവറി സേവനങ്ങളും ലഭ്യമാണ് ഇതിൽ.
റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി
റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിനെ ഇനി ഇഷ നയിക്കും, ഒപ്പം വമ്പൻ പ്രഖ്യാപനങ്ങളും...