റെഡ്മി 6 എയുടെ ബാറ്ററി പൊട്ടിത്തെറിച്ച് സ്ത്രീയുടെ മരണം ; പ്രതികരണവുമായി ഷവോമി
ബാറ്ററി പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ച് യൂട്യൂബർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും വിശദീകരണത്തിനായി കമ്പനിയെ ടാഗ് ചെയ്യുകയും ചെയ്തു.
മുംബൈ: ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച സംഭവം ഇതാദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത്തവണത്തെത് കുറച്ച് പേടിപ്പിക്കുന്നതാണ്. റെഡ്മീ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ മരിച്ചതായാണ് റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഒരു ടെക് യൂട്യൂബർ പറയുന്നതനുസരിച്ച് രാത്രിയിൽ റെഡ്മി 6 എ സ്മാർട്ട്‌ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് തന്‍റെ ബന്ധു മരിച്ചു. ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുന്നത് ഇതാദ്യമായാണ്.
ഈ വിഷയത്തിൽ പ്രതികരണവുമായി ഷവോമി രംഗത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഉറങ്ങുന്ന സമയത്ത് യുവതി ഫോൺ തലയിണയ്ക്ക് സമീപം വച്ചിരുന്നതായി യൂട്യൂബർ പറയുന്നു പിന്നീട് അത് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നിരുന്നാലും, ആരോപിക്കപ്പെടുന്ന റെഡ്മി 6 എ നേരത്തെ കേടായതാണോ അതോ സംഭവ സമയത്ത് ചാർജ്ജ് ചെയ്യാൻ ഇട്ടിരുന്നതാണോ എന്ന് യൂട്യൂബർ വെളിപ്പെടുത്തിയിട്ടില്ല.
ബാറ്ററി പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ച് യൂട്യൂബർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും വിശദീകരണത്തിനായി കമ്പനിയെ ടാഗ് ചെയ്യുകയും ചെയ്തു. "ഹായ് @RedmiIndia, @manukumarjain, @s_anuj ഇന്നലെ രാത്രിയിൽ എന്റെ ബന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തി, അവർ റെഡ്മി 6എ ഉപയോഗിക്കുന്നുണ്ട്. ഉറങ്ങുകയായിരുന്നു,. ഫോൺ തലയിണയുടെ വശത്തായി അവരുടെ മുഖത്തോട് ചേർത്ത് വെച്ചാണ് കിടന്നിരുന്നത്.
കുറച്ച് സമയത്തിന് ശേഷം ഫോൺ പൊട്ടിത്തെറിച്ചു. ഈ സമയത്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യുക എന്നത് ഒരു ബ്രാൻഡ് എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തമാണ്," അദ്ദേഹം ട്വീറ്റ് ചെയ്തു.കട്ടിലിൽ രക്തത്തിൽ കുളിച്ച് മരിച്ച സ്ത്രീയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. അദ്ദേഹം ഷെയർ ചെയ്ത മൂന്ന് ഫോട്ടോകളിൽ ഒന്നിൽ റെഡ്മി 6എ പൂർണ്ണമായും കേടായതും കത്തിനശിച്ചതായും കാണാം. ഷവോമി സപ്പോർട്ട് പേജും പ്രതികരണവുമായി രംഗത്തെത്തി.
"ഷവോമി ഇന്ത്യയിൽ, ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഞങ്ങൾ അത്തരം കാര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ഘട്ടത്തിൽ, ഞങ്ങളുടെ ടീം നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. ഞങ്ങൾ കുടുംബത്തോടൊപ്പം നിൽക്കുന്നു, സാധ്യമായ വിധത്തിൽ നിങ്ങളെ പിന്തുണയ്ക്കുമെന്നും കമ്പനി പറഞ്ഞു. ബാറ്ററി പൊട്ടിത്തെറിച്ചതിന്റെ കാരണം കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ മൊബൈൽ ഉപകരണങ്ങൾക്കായി കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യൂട്യൂബർ ഇന്ത്യൻ സർക്കാരിനോടും സ്മാർട്ട്ഫോൺ നിർമ്മാതാക്കളോടും അഭ്യർത്ഥിച്ചു.