സ്വാതന്ത്ര്യദിനത്തില്‍ 5ജി വരുമോ രാജ്യത്ത്; അഭ്യൂഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇങ്ങനെ
അതേ സമയം ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിൽ ആഗസ്റ്റ് അവസാനത്തോടെ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് ഭാരതി എയർടെൽ അറിയിച്ചു.
ദില്ലി: 5ജി സേവനങ്ങൾ രാജ്യത്ത് എന്ന് എത്തും എന്നതിലാണ് ഇപ്പോള്‍ രാജ്യത്തെ ചൂടേറിയ ചര്‍ച്ച. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ജിയോ 5ജി പ്രഖ്യാപിക്കും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്വതന്ത്ര്യത്തിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' സമയത്ത് ജിയോ 5ജി ആരംഭിക്കും എന്ന് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി ഈ ആഴ്ച ആദ്യം പറഞ്ഞതാണ് ഇത്തരം ഒരു അനുമാനത്തിലേക്ക് എത്തിച്ചത്.
എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന വാദവും ഉണ്ട്. ചിലപ്പോള്‍ ആഗസ്റ്റ് 15ന് ജിയോ 5ജി സോഫ്റ്റ് ലോഞ്ച് ഉണ്ടായേക്കാം എന്നാണ് വിവരം. എന്നാല്‍ പൂര്‍ണ്ണമായും 5ജി ലോഞ്ച് ജിയോ നടത്താനുള്ള സാധ്യത ടെലികോം രംഗത്തെ വിദഗ്ധര്‍ തള്ളിക്കളയുന്നു.
അതേ സമയം ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിൽ ആഗസ്റ്റ് അവസാനത്തോടെ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് ഭാരതി എയർടെൽ അറിയിച്ചു. നെറ്റ്‌വർക്കിംഗിനും സെല്ലുലാർ ഹാർഡ്‌വെയറിനുമായി എറിക്‌സൺ, നോക്കിയ, സാംസംഗ് എന്നിവയുമായി തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ കരാറുകൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചത്
എയര്‍ടെല്ലിന് മുന്‍പോ ശേഷമോ റിലയന്‍സ് 5ജി നടപ്പിലാക്കുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ഇൻഫോകോമും 5ജി മെഗാ ലേലത്തിന് ശേഷം ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു, ജിയോ 4ജി അവതരിച്ചപ്പോള്‍ അതിന്‍റെ വേഗതയും വ്യാപ്തിയും സാമൂഹിക സ്വാധീനവും സമാനകളില്ലാത്ത ലോകമാണ് തുറന്നിട്ടത്. ഇപ്പോൾ, ജിയോ ഇന്ത്യയുടെ മുന്നേറ്റത്തിനായി രാജ്യത്തെ 5ജി യുഗത്തിലേക്ക് നയിച്ചു. ലോകോത്തരവും കുറഞ്ഞ നിരക്കിലുള്ളതുമായ 5ജി പ്രാപ്തമാക്കാന്‍ ജിയോ പ്രതിജ്ഞാബദ്ധമാണ്, ആകാശ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ സര്‍ക്കിളിലും മുന്നിൽ; രാജ്യത്ത് 5ജി ലഭ്യമാക്കാൻ തയ്യാറെന്ന് ജിയോ
എന്നാല്‍ ബിസിനസ് ലൈന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം, സെപ്റ്റംബർ 29 ന് ആയിരിക്കും രാജ്യത്തെ 5ജി പ്രഖ്യാപനം എന്നാണ് വിവരം. നേരത്തെ പറഞ്ഞിരുന്നതുപോലെ സ്വാതന്ത്ര്യ ദിനത്തിലല്ല ഇതെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2022 ന്‍റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചായിരിക്കും ലോഞ്ചിങ് നടക്കുക എന്നാണ് റിപ്പോർട്ട്.
ജിയോ 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കമിടുന്നത്. ടെലികോം സേവന ദാതാക്കളും (ടിഎസ്പി) അവരുടെ വെണ്ടർമാരും 5ജി നെറ്റ്വര്‍ക്ക് നടപ്പിലാക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനെ തുടർന്നാണ് സ്വാതന്ത്ര്യദിനത്തിന് നടത്താനിരുന്ന ലോഞ്ചിങ് മാറ്റിവെച്ചത് എന്നാണ് ബിസിനസ് ലൈന്‍ പറയുന്നത്.
സെപ്റ്റംബർ 29 നും ഒക്ടോബർ ഒന്നിനും ഇടയിൽ പ്രഗതി മൈതാനിയിൽ നടക്കുന്ന ത്രിദിന പരിപാടിയിൽ നിരവധി പേർ പങ്കെടുക്കും. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ വെച്ച് നടക്കുന്ന പ്രസംഗത്തിൽ 5ജി സാങ്കേതികവിദ്യയുടെയും സർക്കാരിന്റെ വിജയകരമായ ടെലികോം സ്പെക്ട്രം ലേലത്തിന്റെയും നേട്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിക്കും എന്നാണ് സൂചന.
മെയ് 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യത്തെ 5ജി ടെസ്റ്റ്ബെഡ് ഉദ്ഘാടനം ചെയ്തിരുന്നു. സ്റ്റാർട്ടപ്പുകളെയും മറ്റ് വ്യവസായികളെയും അവരുടെ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട വിദേശ സൗകര്യങ്ങൾ തേടി പോകുന്നത് കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഐഐടി മദ്രാസിന്റെ നേതൃത്വത്തിൽ എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നാണ് 5ജി ടെസ്റ്റ്ബെഡിനെ ഒരു മൾട്ടിഇൻസ്റ്റിറ്റ്യൂട്ട് സഹകരണ പദ്ധതിയായി വികസിപ്പിച്ചെടുത്തത്.
ഡാറ്റാ നിരക്ക് ആഗോള ശരാശരിയേക്കാൾ വളരെ കുറവുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ പുതിയ 5ജി സേവനങ്ങൾ പുറത്തിറക്കുന്നതോടെ നിരക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് തുടരാനാണ് സാധ്യത.രാജ്യവ്യാപകമായി ഫൈബർ, ഓൾ-ഐപി നെറ്റ്വർക്ക്, വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയ സമയത്തിനുള്ളിൽ 5ജി സേവനങ്ങൾ രാജ്യത്താകമാനം എത്തിക്കാന് ജിയോ തയ്യാറാണ്.
ഇന്ത്യയെ 5ജി യുഗത്തിലേക്ക് ആത്മവിശ്വാസത്തോടെ കൈപിടിച്ച് നടത്താൻ ജിയോ ഒരുങ്ങി കഴിഞ്ഞു. 700 മെഗാഹെർട്‌സ് ബാൻഡിൽ തന്നെ ഗുണമേന്മയുള്ള നെറ്റ് വർക്ക് നൽകാൻ ജിയോയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കെട്ടിടങ്ങൾക്കുള്ളിൽ തടസമില്ലാത്ത സേവനം നൽകുന്ന കാര്യത്തിൽ ജിയോയ്ക്ക് പ്രാധാന്യം ലഭിക്കുമെന്നാണ് സൂചന.