5ജി കൊറോണയ്ക്ക് കാരണമാകുമെന്ന് പ്രചരണം; ബ്രിട്ടനില്‍ 5ജി ടവറുകള്‍ക്ക് തീ ഇടുന്നു
ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്. ഇത്തരം വ്യാജ സന്ദേങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് ടെലികോം വകുപ്പ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ലണ്ടന്‍: കൊറോണ വൈറസ് വ്യാപിക്കുന്നതിന് കാരണം 5ജി ടെലികോം സിഗ്നലുകളും ടവറുകളും കാരണമാണെന്ന വ്യാജ സന്ദേശം ബ്രിട്ടനില്‍ പ്രശ്നം സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ഈ സന്ദേശം വ്യാപകമായതോടെ 5ജി ടവറുകള്‍ അഗ്നിക്കിരയാക്കുന്ന സ്ഥിരം സംഭവമാകുകയാണ് ബ്രിട്ടനില്‍. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ലിവര്‍പൂള്‍, ബെര്‍മിങ്ഹാം, മെല്ലിങ് എന്നിവിടങ്ങളിളിലെ ടവറുകള്‍ക്കാണ് തീയിട്ടിട്ടുണ്ട്.
ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്. ഇത്തരം വ്യാജ സന്ദേങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് ടെലികോം വകുപ്പ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 5ജി ടവറുകള്‍ അഗ്നിക്കിരയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
5ജി കൊറോണയ്ക്ക് കാരണമാകുമെന്ന് പ്രചരണം പ്രചാരണം വ്യാജമാണെന്നും, അപകടകരമായ വിഡ്ഢിത്തമാണെന്നും ബ്രിട്ടീഷ് മന്ത്രി മിഷേല്‍ ഗോവ് പ്രസ്താവിച്ചു. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നീങ്ങുന്ന രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന തരത്തിലാണ് ഈ വ്യാജപ്രചരണം നടക്കുന്നതെന്ന് ബിബിസിയോട് ബ്രിട്ടീഷ് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീവന്‍ പോവിസ് പ്രതികരിച്ചു.
മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ വിരുദ്ധ പ്രവൃത്തി ശരിക്കും സാമൂഹ്യദ്രോഹം തന്നെയാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ പ്രതികരിച്ചു.