Facebook Russia : റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ
ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്ത് ഇറങ്ങിയെന്നാണ് വാര്‍ത്ത.
മോസ്കോ: ഫേസ്ബുക്കിന് (Facebook) ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. ഫെബ്രുവരി 26നാണ് ഫേസ്ബുക്കിന് റഷ്യ (Russia) നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി റഷ്യ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം രാജ്യത്തിനകത്ത് പ്രതിഷേധം ഉണ്ടാക്കുന്നത് തടയാനാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
അതേ സമയം ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് മാതൃകമ്പനിയായ മെറ്റ (Meta) രംഗത്ത് ഇറങ്ങിയെന്നാണ് വാര്‍ത്ത. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സികള്‍ക്കും ചില നിയന്ത്രണങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ മെറ്റ ഏര്‍പ്പെടുത്തിയെന്നാണ് വിവരം.
സര്‍ക്കാരുമായി ബന്ധമുള്ള ടെലിവിഷന്‍ ചാനല്‍ സ്വെസ്ദ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്തി, ഓണ്‍ലൈന്‍ മാധ്യമങ്ങളായ മീഡിയാ ലെന്‍റെ, ഗസറ്റെ, ആര്‍ടി ടിവി എന്നിവയുടെ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് റഷ്യ തന്നെ ആരോപിക്കുന്നത്. ഈ പേജുകളുടെ മോണിറ്റയ്സേഷന്‍ പിന്‍വലിച്ചതായും വിവരമുണ്ട്. അതേ സമയം റഷ്യന്‍ പരസ്യങ്ങള്‍ക്കും മെറ്റ പ്ലാറ്റ്ഫോമില്‍ വിലക്ക് വന്നിട്ടുണ്ടെന്നാണ് വിവരം.
ഫേസ്ബുക്കിന്‍റെ വസ്തുത പരിശോധനയുടേയും ലേബലിങ് പോളിസിയുടെയും ഭാഗമായാണ് ഫേസ്ബുക്ക് റഷ്യന്‍ മാധ്യമ പേജുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത് എന്നാണ് മെറ്റ പറയുന്നത്. ഒപ്പം ചില റഷ്യന്‍ വ്ലോഗേര്‍സിന്‍റെ മോണിറ്റയ്സേഷന്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ അനുകൂലികളാണ് ഇവര്‍ എന്നാണ് വിവരം. കഴിഞ്ഞ ദിവസം സെന്‍റ് പീറ്റേര്‍സ് ബര്‍ഗില്‍ നടന്ന യുദ്ധ വിരുദ്ധ റാലിയുടെ സംഘാടനം മെറ്റ് പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റ എന്നിവ വഴിയാണ് നടന്നത് എന്നാണ് റഷ്യ സംശയിക്കുന്നത്.
റഷ്യയ്ക്കെതിരെ സൈബര്‍ ആക്രമണം
റഷ്യ യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ സൈബര്‍ ആക്രമണങ്ങളും ഒരു ഭാഗത്ത് ശക്തിപ്പെടുകയാണ്. റഷ്യന്‍ ഭാഗത്ത് നാശം സൃഷ്ടിച്ച സൈബര്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയോടെ സംഭവിച്ചത്. പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം.
വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനഹരിതമായി എന്നാണ് യുക്രൈന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. . പ്രസിഡന്റ് ഓഫീസ് വെബ്‌സൈറ്റിന് പുറമേ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമളുടേയുംവെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തതായും മാധ്യമസ്ഥാപനമായ 'ദി കീവ് ഇന്‍ഡിപെന്‍ഡന്റ്' ട്വീറ്റ് ചെയ്തു.
നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിർത്തികളിൽ സായുധ സേനയുടെ ആക്രമണത്തിനൊപ്പം യുക്രൈനെതിരെ റഷ്യയുടെ (Russia) സൈബർ ആക്രമണവും നടത്തിയിരുന്നു (Cyber Attack). പല സർക്കാർ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് മേഖലയ്ക്കെതിരെയും സൈബർ ആക്രമമണം നടക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ തന്നെ യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്സൈറ്റുകൾ പ്രവർത്തനരഹിതമായിരുന്നു. ചില സർക്കാർ വെബ്സൈറ്റുകളും സമാന പ്രശ്നം നേരിട്ടു. റഷ്യൻ ഹാക്കർമാർ നടത്തിയ ഡിഡോസ് ( distributed denial-of-service / DDoS ) അറ്റാക്കാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറാക്കിയതെന്നാണ് അനുമാനം.
ഒരു വെബ്സൈറ്റിന് താങ്ങാനാവുന്നതിലധികം സർവ്വീസ് റിക്വസ്റ്റുകൾ അയച്ച് അതിനെ പ്രവർത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി.