ആപ്പിളിന്റെ അപേക്ഷ തള്ളി; വിലക്ക് തുടരും
പേറ്റന്റ് അവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോ നേരത്തെ പരാതി നല്‍കിയിരുന്നു.
ആപ്പിള്‍ വാച്ച് മോഡലുകളുടെ ഇറക്കുമതിയ്ക്കും വില്‍പ്പനയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്യണമെന്ന അപേക്ഷ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി) തള്ളി. ബുധനാഴ്ചയാണ് വിലക്ക് സ്റ്റേ ചെയ്യാനുള്ള അപേക്ഷ ഐടിസി തള്ളിക്കളഞ്ഞത്. ഇതോടെ ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തുക. പേറ്റന്റ് അവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടിസി ആപ്പിള്‍ വാച്ച് മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ആപ്പിള്‍ വാച്ച് മോഡലുകളുടെ വില്‍പ്പന നിര്‍ത്തി വയ്ക്കാനുള്ള മാസിമോ കോര്‍പ്പിന്റെ ആവശ്യം നേരത്തെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്‍ അംഗീകരിച്ചിരുന്നു. വര്‍ഷങ്ങളായി എസ്പിഒ2 സെന്‍സറും ആപ്പിളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പള്‍സ് ഓക്‌സിമീറ്ററുകളിലൂടെ ശ്രദ്ധേയരായ മാസിമോ ഐടിസിയിലും സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയിലുമായാണ് കേസുകള്‍ നടക്കുന്നത്. ആപ്പിളിനെതിരെയുള്ള രണ്ട് കേസുകളാണ് ഇവിടെയുള്ളത്. പള്‍സ് ഓക്‌സിമീറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലുള്ള പേറ്റന്റ് അവകാശം ആപ്പിള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി പരാതി നല്‍കിയത്.
ബൈഡന്‍ ഭരണകൂടമോ മറ്റെതെങ്കിലും കക്ഷികളെ ആപ്പിളിനായി രംഗത്ത് വന്നില്ലെങ്കില്‍ വാച്ചുകളുടെ വില്‍പനയ്ക്കുള്ള വിലക്ക് നിലവില്‍ വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. 26 മുതലാണ് വിലക്ക് നിലവില്‍ വരുന്നത്. യുഎസ് വിപണിയില്‍ മാത്രമാണ് വിലക്കുള്ളത്. മറ്റ് രാജ്യങ്ങളില്‍ വില്‍പന തുടരും. ഫ്‌ളാഗ്ഷിപ്പ് മോഡലായ സീരീസ് 9, അള്‍ട്ര 2 മോഡലുകളെയാണ് പ്രധാനമായും വിലക്ക് ബാധിക്കുക. ആപ്പിള്‍ വാച്ച് എസ്ഇയില്‍ എസ്പിഒ2 സെന്‍സര്‍ ഇല്ലാത്തതിനാല്‍ അതിനെയോ എസ്പിഒ2 സെന്‍സറുള്ള മുന്‍ ആപ്പിള്‍ വാച്ച് മോഡലുകളെയോ വിലക്ക് ബാധിക്കില്ല.
മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം; ബാധിക്കുക വിന്‍ഡോസുള്ള 24 കോടി പിസികളെ