വരുമാനം ഇടിയുന്നു; ഫേസ്ബുക്ക് ജീവനക്കാരെ പിരിച്ചുവിടും?; സൂചന നല്‍കി സക്കര്‍ബര്‍ഗ്

വരും പാദങ്ങളില്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ്. 
 

Mark Zuckerberg gave hint Meta to cut down on headcount growth first revenue loss

സന്‍ഫ്രാന്‍സിസ്കോ: കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി വരുമാനത്തില്‍ ഇടിവ് നേരിട്ട ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി വിവരം.  വരും പാദങ്ങളില്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ്. 

"ഇത് കൂടുതൽ തീവ്രമായ നടപടികള്‍ ആവശ്യപ്പെടുന്ന കാലഘട്ടമാണ് വന്നിരിക്കുന്നത്. കുറഞ്ഞ വിഭവശേഷി ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്" കമ്പനിയുടെ വരുമാനം സംബന്ധിച്ച് മെറ്റ ജീവനക്കാരുമായി നടത്തിയ കോൺഫറൻസ് കോളിൽ സക്കർബർഗ് പറഞ്ഞുവെന്നാണ് ഇതിലേക്ക് നയിക്കുന്ന സൂചന.

നിലവില്‍ ജീവനക്കാരെ പിരിച്ചുവിടും എന്ന കാര്യം സക്കര്‍ബര്‍ഗ് നേരിട്ട് പറയുന്നില്ല. എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും തുറന്നിടുന്നതായിരുന്നു വാക്കുകള്‍. 'മെറ്റയിലെ പല ടീമുകളയും ചെറുതാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനാല്‍ വിഭവശേഷി ചില ടീമില്‍ ഇരട്ടിപ്പിക്കാം, ചിലതില്‍ നിന്നും മാറ്റാം. ഇതെല്ലാം എങ്ങനെ, എവിടെ നിന്ന് എന്നതിന്‍റെ ഉത്തരവാദിത്വം കമ്പനി നേതൃത്വത്തിനായിരിക്കും, ദീര്‍ഘകാല പദ്ധതി എന്ന നിലയില്‍ ഇത് നടപ്പിലാക്കും' - മെറ്റ സിഇഒ പറഞ്ഞു. 

ഈ വർഷം ഇതിനകം മെറ്റ വലിയ തോതില്‍ റിക്രൂട്ട്മെന്‍റ് നടത്തി.  അതിനാല്‍ വരും പാദങ്ങളില്‍ മെറ്റയിലെ ജീവനക്കാരുടെ എണ്ണം കൂടുതലായിരിക്കും എന്നും സക്കർബർഗ് അഭിപ്രായപ്പെട്ടു, എന്നാൽ ഇത് കാലക്രമേണ കുറയുന്ന അവസ്ഥയുണ്ടാകും  - മെറ്റ സിഇഒ പറഞ്ഞു. 

സക്കര്‍ബര്‍ഗ് വില്‍ക്കുമോ വാട്ട്സ്ആപ്പിനെ?; കണക്കുകൂട്ടലുകള്‍ പിഴച്ചതെവിടെ..!

ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ, 2022 രണ്ടാം പാദത്തില്‍ 5,700-ലധികം പുതിയ ജോലിക്കാരെ എടുത്തിരുന്നു. അവരിൽ ഭൂരിഭാഗവും സാങ്കേതിക വിഭാഗങ്ങളിലാണ് എത്തിയത്. ഈ പാദം അവസാനിച്ചപ്പോള്‍ മെറ്റയില്‍ 83,500 മുഴുവൻ സമയ ജീവനക്കാരുണ്ട്. 2021ലെ ഇതേ സമയത്തെ കണക്കുകള്‍ വച്ച് നോക്കിയാല്‍ ജോലിക്കാരുടെ എണ്ണം മെറ്റയില്‍  അപേക്ഷിച്ച് 32 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

അതേ സമയം കണക്കുകളില്‍ ചരിത്രത്തിലെ വലിയ ഇടിവാണ് മെറ്റ നേരിട്ടത്. മെറ്റായുടെ കീഴിലുള്ള ഫേസ്ബുക്കിന്റെ വരുമാനത്തിൽ ചരിത്രത്തില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. ഒരു ദശാബ്ദക്കാലത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് ഇതോടെ അവസാനമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ വളർച്ച ഇനിയും കുറഞ്ഞേക്കുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ മൊത്തത്തിലുള്ള ലാഭം 36 ശതമാനം ഇടിഞ്ഞ് 6.7 ബില്യൺ ഡോളറിലെത്തി. 

വരുമാന വളർച്ചയിൽ ആദ്യത്തെ ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും മെറ്റയുടെ ബിസിനസ്സ് എല്ലാ മേഖലകളിലും എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് ഉറപ്പിക്കുന്നു. കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ മാത്രം 10 ബില്യൺ ഡോളറാണ് മെറ്റായ്ക്ക് ലഭിച്ചത്. ഇപ്പോൾ സമ്പദ്‌വ്യവസ്ഥ പരുങ്ങലിലാകുകയും മാന്ദ്യം പടിവാതിലിൽ വരെ എത്തി നീക്കുകയും ചെയ്തതോടെ പല പരസ്യദാതാക്കളും പരസ്യങ്ങൾ പിൻവലിച്ചു.  

അതേസമയം, ടിക് ടോക്കുമായി മത്സരിക്കാനുള്ള ശ്രമത്തിൽ, മെറ്റാ  ഹ്രസ്വ വീഡിയോകൾക്കും പോസ്റ്റുകൾക്കും ഊന്നൽ നൽകുന്നതിനായി ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പല പരിഷ്കാരങ്ങളും കൊണ്ടുവരികയാണ്. മെറ്റയുടെ വരുമാനം കുറയുന്നുണ്ടെങ്കിലും, ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 3 ശതമാനം വർദ്ധിച്ച് 1.97 ബില്യണിലെത്തിക്കാൻ (Mark Zuckerberg) സക്കർബർഗിന് കഴിഞ്ഞു. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ ആപ്ലിക്കേഷനുകളുടെ സ്യൂട്ട് ഇപ്പോൾ 2.88 ബില്യൺ ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റാ റിപ്പോർട്ട് ചെയ്തു, ഒരു വർഷം മുമ്പുള്ളതിനേക്കാൾ 4 ശതമാനം വർദ്ധനവുണ്ടായി. 

ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ആദ്യ ഇടിവ്; ഒരു ദശാബ്ദക്കാലത്തെ തേരോട്ടത്തിന് അവസാനം.

Latest Videos
Follow Us:
Download App:
  • android
  • ios