'ഒറ്റ വര, എന്തും സെര്‍ച്ച് ചെയ്യാം..' ഗൂഗിൾ എഐ സഹായം ഈ ഫോണുകളിൽ
പിക്സല്‍ 8, പിക്സല്‍ 8 പ്രോ, പുതിയ സാംസങ് ഗാലക്സി എസ്എസ് 24 സീരീസ് തുടങ്ങി തെരഞ്ഞെടുത്ത പ്രീമിയം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നതെന്നും ഗൂഗിള്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇനി ഗൂഗിള്‍ സെര്‍ച്ചും. ബുധനാഴ്ചയാണ് രണ്ടു പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആഗോള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. എഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കിള്‍ ടു സെര്‍ച്ചാണ് അതിലൊന്ന്. ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണിത്. ആന്‍ഡ്രോയ്ഡ് സ്‌ക്രീനില്‍ കാണുന്ന എന്തും സെര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് അതിനായി പോകേണ്ടതില്ല.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്‌ക്രീനില്‍ കാണുന്ന വസ്തുവിനെ കുറിച്ചറിയാന്‍ അതിന് മേല്‍ വിരല്‍ കൊണ്ട് ഒരു വൃത്തം വരയ്ക്കുകയോ, ഹൈലൈറ്റ് ചെയ്യുകയോ, ടാപ്പ് ചെയ്യുകയോ ചെയ്താല്‍ മതിയാകും. അവയുടെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് തന്നെ തിരയാനാവും. എഐ പിന്തുണയോടെയുള്ള അപ്ഗ്രേഡുകളിലൂടെയും ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ചുള്ള മള്‍ട്ടി സെര്‍ച്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വെബില്‍ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ അറിയാനാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പിക്സല്‍ 8, പിക്സല്‍ 8 പ്രോ, പുതിയ സാംസങ് ഗാലക്സി എസ്എസ് 24 സീരീസ് തുടങ്ങി തെരഞ്ഞെടുത്ത പ്രീമിയം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നതെന്നും ഗൂഗിള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇനി എഐ പ്രയോജനപ്പെടുത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഉപയോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് ഇണങ്ങുന്ന ഉള്ളടക്കങ്ങള്‍ നിര്‍ദേശിക്കുന്നതിനും ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും പ്രാധാന്യമുള്ള വിഷയങ്ങള്‍ വ്യക്തികളിലേക്ക് എത്തിക്കുന്നതിനുമെല്ലാം എഐ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വൈകാതെ ഇവ തിരക്കഥ തയ്യാറാക്കുന്നതിനും ഡബ് ചെയ്യുന്നതിനുമായി ഉപയോഗപ്പെടുത്തുമെന്നാണ് വിദഗ്ധരും അഭിപ്രായം. ബഹുഭാഷാ ചിത്രങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പുതിയ അപ്‌ഡേഷന്‍ സഹായിക്കും. കൂടാതെ ഭാവിയില്‍ സ്ട്രീം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കാനുമാകും. കണ്ടന്റ് റെക്കമെന്റേഷന്‍, പേഴ്‌സണലൈസേഷന്‍, ക്രോസ്-ഡിവൈസ് കൊമ്പാറ്റബിലിറ്റി, ഓഡിയന്‍സ് അനലറ്റിക്സ് തുടങ്ങി നിരവധി മേഖലകളില്‍ എഐ ടൂളുകള്‍ സജീവമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്രിയാത്മകമായ സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ് രീതികളിലും എഐ സ്വാധീനമുണ്ടാക്കുന്നതായും സീ ഫൈവ് ചീഫ് ബിസിനസ് ഓഫീസര്‍ മനീഷ് കല്‍റ ചൂണ്ടിക്കാണിച്ചിരുന്നു.