മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യുന്നവര്‍ അറിയാന്‍ പുതിയ കാര്യങ്ങള്‍
കോർപറേറ്റ് കണക്ഷനുകൾക്ക് പോർട്ടിങ് പൂർത്തിയാക്കാൻ 5 ദിവസം വേണം. നിലവിൽ കോർപറേറ്റ് കണക്ഷനുകൾക്ക് പോർട്ടിങ് ചെയ്യാന്‍ 7 ദിവസം വരെയെടുത്തിരുന്നു.
ദില്ലി: രാജ്യത്തെ ടെലികോം രംഗത്ത് ചാര്‍ജ് വര്‍ധനയും മറ്റും വലിയ വിഷയം ആകുമ്പോള്‍ തന്നെ നമ്പര്‍മാറ്റാതെ ടെലികോം ഓപ്പറേറ്ററെ മാറ്റുന്ന നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഡിസംബര്‍ 16 മുതല്‍ രാജ്യത്തെ ടെലികോം രംഗത്തെ നിയന്ത്രണ അധികാരികളായ ട്രായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവ എന്താണെന്ന് അറിയാം.
നമ്പർ മാറാതെ മൊബൈൽ നെറ്റ്‌വർക്ക് മാറാൻ ഉപയോക്താവിന് അവസരമൊരുക്കുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) നടപ്പാക്കാനുള്ള സമയം 3 മുതൽ 5 ദിവസം വരെയായിരിക്കും ഇനി. മൊബൈൽ നമ്പർ പോർട്ടബിലിറ്റി വേഗത്തിലാക്കുവാനാണ് ഈ നടപടി. ഒരു സർവീസ് മേഖലയ്ക്കുള്ളിൽ തന്നെ സേവനദാതാക്കളെ മാറ്റാനുള്ള വ്യക്തിഗത പോർട്ടിങ് അപേക്ഷകൾക്കു 3 ദിവസവും മറ്റൊരു സർക്കിളിലേക്കുള്ള മാറ്റത്തിന് 5 ദിവസവുമാണ് എടുക്കുക.
കോർപറേറ്റ് കണക്ഷനുകൾക്ക് പോർട്ടിങ് പൂർത്തിയാക്കാൻ 5 ദിവസം വേണം. നിലവിൽ കോർപറേറ്റ് കണക്ഷനുകൾക്ക് പോർട്ടിങ് ചെയ്യാന്‍ 7 ദിവസം വരെയെടുത്തിരുന്നു. കശ്മീരിലും മറ്റു ചില സംസ്ഥാനങ്ങളിലും 15 ദിവസവും. പലർക്കും ഇതിലേറെ ദിവസങ്ങളെടുക്കുന്നതായി പരാതി ഉയർന്നതോടെയാണു ട്രായിയുടെ ഇടപെടൽ.
പോർട്ടബിലിറ്റി പൂർത്തിയാക്കാനുള്ള യുണിക് പോർട്ടിങ് കോഡ് (യുപിസി) ലഭിക്കാനുള്ള മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. ഒരു മൊബൈൽ കണക്‌ഷൻ 90 ദിവസമെങ്കിലും ഉപയോഗിച്ചവർക്കു മാത്രമെ പോർട്ടിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കൂ. നിലവിലുള്ള കണക്ഷന്‍റെ ബിൽ പൂർണമായി നൽകിയിരിക്കണം.
ജമ്മു–കശ്മീർ, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 30 ദിവസവും മറ്റു സർക്കിളുകളിൽ 4 ദിവസവുമാണു യുപിസിയുടെ കാലാവധി. കഴിഞ്ഞ ഡിസംബറിൽ ട്രായ് നൽകിയ ശുപാർശകൾ നടപ്പാക്കാൻ ആദ്യം 6 മാസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാലും ഇതു നീളുകയായിരുന്നു.
പോർട്ടബിലിറ്റിയെക്കുറിച്ച് ഉപയോക്താവിനു തെറ്റായ വിവരങ്ങൾ നൽകുകയോ ആവശ്യം നിരസിക്കുകയോ ചെയ്താൽ 10,000 രൂപ വരെ പിഴ ചുമത്താം. കോർപറേറ്റ് കമ്പനികളുടെ പോർട്ടിങ്, നിലവിലുള്ള 50 എണ്ണത്തിൽ നിന്നു 100 ആയി ഉയർത്തി.