ഒറിജിനലിനെ വെല്ലും, വില പത്തിലൊന്ന്; ലാബില്‍ വിരിയിക്കുന്ന വജ്രവുമായി മലയാളി സ്റ്റാര്‍ട്ടപ് 'എലിക്‌സര്‍'
ഖനനമില്ലാതെ ലാബില്‍ വികസിപ്പിക്കുന്ന വജ്രവുമായി മലയാളി സ്റ്റാര്‍ട്ടപ് എലിക്‌സര്‍, പ്രകൃതിദത്ത ഡയമണ്ടിന്‍റെ പത്തിലൊന്ന് മാത്രം വിലയ്ക്ക് വാങ്ങാം
തിരുവനന്തപുരം: മലയാളികള്‍ക്ക് അഭിമാനിക്കാം, ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രത്തെ കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും വെല്ലുന്ന ഡയമണ്ട് ലാബില്‍ വികസിപ്പിച്ചിരിക്കുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് 'എലിക്‌സര്‍'. പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വിലയേ 'ലാബ് ഗ്രോണ്‍ ഡയമണ്ട്' (ഗ്രീന്‍ ഡയമണ്ട്, കള്‍ച്ചര്‍ഡ് ഡയമണ്ട്) എന്നറിയപ്പെടുന്ന കൃത്രിമ വജ്രത്തിനുള്ളൂ എന്നതും പ്രത്യേകതയാണ്. ആഭരണ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റം ലാബ് ഗ്രോണ്‍ ഡയമണ്ട് കൊണ്ടുവരും എന്നാണ് എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ പ്രതീക്ഷ. ലാബ് ഗ്രോണ്‍ വജ്രാഭരണങ്ങളുടെ വില്‍പന എലിക്‌സര്‍ കേരളത്തില്‍ ഉടന്‍ തുടങ്ങും.
പത്തിലൊന്ന് വിലയ്ക്ക് 'വജ്രം'
യഥാര്‍ഥ വജ്രത്തിന്‍റെ പരിശുദ്ധിയും ഗുണമേന്മയും നിലനിര്‍ത്തുന്നു എന്ന അവകാശവാദത്തോടെയാണ് എലിക്‌സര്‍ അവരുടെ ലാബില്‍ വജ്രാഭരണങ്ങള്‍ വികസിപ്പിക്കുന്നത്. പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വിലയില്‍ ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ വാങ്ങാം. അഞ്ച് ലക്ഷം രൂപയാണ് ഒരു കാരറ്റ് പ്രകൃതിദത്ത വജ്രത്തിന്‍റെ വിലയെങ്കില്‍ എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ ലാബ് ഗ്രോണ്‍ ഡയമണ്ടിന് 50,000 രൂപ മതിയാകും.
നിര്‍മാണം ഇങ്ങനെ
പ്രകൃതിയില്‍ വജ്രം രൂപംകൊള്ളുന്നതിന്‍റെ ഓരോ ഘട്ടവും ലബോറട്ടറിയിലേക്ക് പകര്‍ത്തിയാണ് എലിക്‌സര്‍ വജ്രം കൃത്രിമമായി നിര്‍മിക്കുന്നത്. ഖനനം ചെയ്ത വജ്രങ്ങളുടെ അതേ ക്രിസ്റ്റല്‍ ഘടനയും രാസഘടനയുമാണ് ഇതിനുളളത്. വജ്രത്തിന്‍റെ വലുപ്പം, ആകൃതി, ഗുണങ്ങള്‍ എന്നിവ ഇഷ്ടാനുസരണം ക്രമീകരിക്കാം. കാര്‍ബണ്‍ വജ്രമാകുന്നതിനുള്ള ഉയര്‍ന്ന ചൂടും മര്‍ദ്ദവും ലാബില്‍ ഒരുക്കും. ലാബില്‍ 1500-1800 ഡിഗ്രി ചൂട് കാര്‍ബണിന് നല്‍കും. 5 മുതല്‍ എട്ട് ആഴ്ച വരെ ഉയര്‍ന്ന മര്‍ദ്ദത്തിലൂടെ കടത്തിവിടും. അങ്ങനെ നീളുന്നു ലാബ് ഗ്രോണ്‍ ഡയമണ്ടിന്‍റെ നിര്‍മാണഘട്ടങ്ങള്‍. ശുദ്ധ വജ്രത്തിന്‍റെ പവിത്രത ലാബ് ഗ്രോണ്‍ ഡയമണ്ടിന് എലിക്‌സര്‍ ജ്വല്‍സ് സ്റ്റാര്‍ട്ടപ്പ് അധികൃതര്‍ അവകാശപ്പെടുന്നു.
വില മാത്രമല്ല ഗുണം...
പ്രകൃതിദത്ത വജ്ര നിര്‍മാണത്തേക്കാള്‍ കുറച്ച് സമയവും വിഭവങ്ങളും മനുഷ്യവിഭവശേഷിയും മതി ലാബ് ഗ്രോണ്‍ ഡയമണ്ട് ഒരുക്കുന്നതിന്. ഖനന വേളയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നതും ആഭരണ നിര്‍മാണത്തില്‍ പരിസ്ഥിതിസൗഹൃദ മാതൃക നിലനിര്‍ത്തുന്നുന്നുവെന്നതും ലാബ് ഗ്രോണ്‍ ഡയമണ്ടിന്‍റെ പ്രത്യേകതയാണ്.
യുവ കരുത്ത്
കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഈയിടെ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍-2024 സ്റ്റാര്‍ട്ടപ് സമ്മേളനത്തിലാണ് എലിക്‌സറിന്‍റെ വജ്രാഭരണങ്ങള്‍ പുറത്തിറക്കിയത്. ഹഡില്‍ ഗ്ലോബല്‍-2024ന് പിന്നാലെ എലിക്സറിന് ഓര്‍ഡര്‍ ലഭിച്ചുതുടങ്ങി.
'എലിക്സറിന്‍റെ വെബ്‌സൈറ്റ് വഴിയാണ് നിലവില്‍ ലാബ് ഗ്രോണ്‍ വജ്രാഭരണങ്ങളുടെ വില്‍പന നടക്കുന്നത്. പുത്തന്‍ ഡിസൈനുകള്‍ ഓരോന്നും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. വരും ഭാവിയില്‍ എലിക്സര്‍ വിവിധയിടങ്ങളില്‍ ഷോറൂമുകള്‍ ആരംഭിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ലാബ് ഗ്രോണ്‍ ഡയമണ്ട് ആഭരണങ്ങളുടെ പ്രധാന വിപണിയായി എലിക്സര്‍ ലക്ഷ്യമിടുന്നത്' എന്നും എലിക്‌സര്‍ സ്റ്റാര്‍ട്ടപ് സ്ഥാപകന്‍ സായ്‌രാജ് പി ആര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍-2024 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എലിക്‌സറിന്‍റെ വജ്രാഭരണങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഥുന്‍ അജയ്, മുനീര്‍ മുജീബ് എന്നിവരാണ് എലിക്‌സര്‍ ജ്വല്‍സ് സ്റ്റാര്‍ട്ടപ്പിന്‍റെ സഹസ്ഥാപകര്‍. രാഹുല്‍ പച്ചിഗര്‍ (വിഷനറി ഇന്‍വെസ്റ്റര്‍), ജതിന്‍ കക്കാദിയ (മാനുഫാക്ചറിങ് ലീഡര്‍), അഫ്‌സല്‍ സെയ്ത് (ചീഫ് ടെക്‌നോളജി ഓഫീസര്‍), ഐറിന മറിയ സാജു (ഷെയര്‍ ഹോള്‍ഡര്‍) എന്നിവരാണ് എലിക്‌സറിന്‍റെ നേതൃനിരയിലെ മറ്റംഗങ്ങള്‍.
രാജ്യാന്തര അംഗീകാരം
വജ്രത്തിന്‍റെ ഗുണമേന്മയ്ക്ക് ഇന്‍റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജിഐഎ) തുടങ്ങി ഈ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എലിക്‌സറിന് ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിലാണ് എലിക്‌സറിന്‍റെ ആഭരണ നിര്‍മാണ ലാബ് പ്രവര്‍ത്തിക്കുന്നത്. വജ്രാഭരണങ്ങളുടെ മറ്റ് ജോലികള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കി ആലപ്പുഴയില്‍ എത്തിക്കുന്നു. സാങ്കേതിക പ്രവര്‍ത്തനത്തിനായുള്ള എലിക്‌സറിന്‍റെ ഓഫീസ് കൊല്ലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാര്‍ക്കും വജ്രാഭരണങ്ങള്‍ വാങ്ങാന്‍ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ് എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ അണിയറക്കാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം