Russia Instagram : ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിനെയും നിരോധിച്ച് റഷ്യ
Instagram banned in Russia : റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടര്‍ന്നാണ് ഇപ്പോൾ ഇന്‍സ്റ്റഗ്രാമിനെതിരായ നടപടിയിലേക്ക് നയിച്ചത് എന്നാണ് വിവരം.
ഇന്‍സ്റ്റാഗ്രാമിനെയും നിരോധിച്ച് റഷ്യ. നേരത്തെ മെറ്റയുടെ കീഴില്‍ ഉള്ള ഫേസ്ബുക്കിന് റഷ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യയുടെ ഐടി റെഗുലേറ്റിംഗ് ഏജന്‍സിയായ റോസ്‌കോംനാഡ്‌സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യന്‍ അനുകൂല വിവരങ്ങള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും നടപടി കനത്തപ്പോഴാണ് വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിനെതിരെ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ (Meta) അനുവാദം നൽകിയതിനെത്തുടര്‍ന്നാണ് ഇപ്പോൾ ഇന്‍സ്റ്റഗ്രാമിനെതിരായ നടപടിയിലേക്ക് നയിച്ചത് എന്നാണ് വിവരം. റഷ്യ സ്വീകരിച്ച ഈ നടപടി തീര്‍ത്തും മോശമെന്നാണ് ഇന്‍സ്റ്റാഗ്രാം (Instagram) മേധാവി ആദം മൊസേരി പ്രതികരിച്ചത്. നിരോധനം പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച മുതലാണ് നിരോധനം പ്രബല്യത്തില്‍ വരുക എന്നാണ് റഷ്യന്‍ അധികാരികള്‍ അറിയിക്കുന്നത്. റഷ്യയിലെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും മറ്റും നിരോധന വിവരം അറിയിക്കാനും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം വേണ്ടി സമയം നല്‍കുന്നതിനാല്‍ നിരോധനം നേരത്തെ അറിയിക്കുന്നു
ഫെബ്രുവരി 26നാണ് ഫേസ്ബുക്കിന് റഷ്യ (Russia) നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ആദ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം രാജ്യത്തിനകത്ത് പ്രതിഷേധം ഉണ്ടാക്കുന്നത് തടയാനാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. അതിന് പിന്നാലെ ഫേസ്ബുക്കിന് പൂര്‍ണ്ണമായ നിരോധനം വന്നു.
അതേ സമയം മെറ്റ ഉത്പന്നങ്ങള്‍ക്കെതായ റഷ്യയുടെ നടപടി കൊണ്ടുള്ള പ്രത്യാഘാതം വളരെ വലുതാണെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നത്. ഈ നടപടി 80 ശതമാനം റഷ്യക്കാരേയും തമ്മിലകറ്റുമെന്നും ലോകവുമായുള്ള ബന്ധമില്ലാതാക്കുമെന്നും അദ്ദേഹം പറയുന്നു.
അതേ സമയം ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്ത് ഇറങ്ങിയെന്നാണ് വാര്‍ത്ത. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സികള്‍ക്കും ചില നിയന്ത്രണങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ മെറ്റ ഏര്‍പ്പെടുത്തിയെന്നാണ് വിവരം. റഷ്യന്‍ പരസ്യങ്ങള്‍ക്ക് വലിയ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.