ആനന്ദിനെ തോല്‍പ്പിച്ച് താരമായി 'യുവ ടെക് കോടീശ്വരന്‍'; പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളി വെളിച്ചത്തായി.!
തെറ്റ് സമ്മതിച്ച് നിഖില്‍ തന്നെ ട്വീറ്റുമായി രംഗത്ത് എത്തി. ആനന്ദിനെതിരെ ഗ്രാന്‍ഡ്മാസ്റ്ററെ പോലെ തനിക്കു കളിക്കാനായത് പുറമേ നിന്നുള്ള സഹായം കിട്ടിയതു കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ബംഗലൂരു: കൊവിഡ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ചെസ്.കോം സംഘടിപ്പിച്ച 'ചെക്‌മെയ്റ്റ് കോവിഡ് സെലിബ്രിറ്റി എഡിഷന്‍' പുതിയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ലോക ചാമ്പ്യനായിരുന്നു വിശ്വനാഥന്‍ ആനന്ദുമായി കളിക്കാന്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍, പാട്ടുകാരായ അർജിത് സിങ്, അനന്യ ബിര്‍ള, ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ, സിനിമാ നിര്‍മാതാവ് സാജിദ് നാദിയദ്വാല, ടെക് സ്റ്റാര്‍ട്ടപ്പായ സെരോദ മേധാവി നിഖില്‍ കമത്ത് എന്നിവരാണ് എത്തിയിരുന്നത്. ഇതില്‍ നിഖില്‍ കമത്ത് ആനന്ദിനെ തോല്‍പ്പിച്ചത് വലിയ വാര്‍ത്തയായി. അക്ഷയപാത്രം ഫൗണ്ടേഷന് വേണ്ടി 12 ലക്ഷം രൂപ സ്വരൂപിച്ച ഈ പരിപാടിയില്‍ ട്വിസ്റ്റ് പിന്നെയാണ് സംഭവിച്ചത്.
മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്ന് കണ്ടെത്തിയ ചെസ്.കോം മണിക്കൂറുകള്‍ക്കുള്ളില്‍ ചെസ്.കോം നിഖില്‍ കമത്തിന്‍റെ അക്കൗണ്ട് പൂട്ടി. തങ്ങളുടെ അനലറ്റിക്സ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് നിഖില്‍ കളിയില്‍ വഞ്ചന കാണിച്ചുവെന്ന മനസിലായതെന്നും ഇതിനാലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്നുമാണ് ചെസ്.കോം നല്‍കുന്ന വിശദീകരണം. അക്കൗണ്ട് ബ്ലോക്കിംഗ് ചെസ്.കോം ഏര്‍പ്പെടുത്തുന്ന ഏറ്റവും കൂടിയ ശിക്ഷയാണ്. അതിനാല്‍ തന്നെ കൃത്രിമം ഗൗരവകരമാണെന്ന് ഉറപ്പ്.
ഇതിന് പിന്നാലെ തെറ്റ് സമ്മതിച്ച് നിഖില്‍ തന്നെ ട്വീറ്റുമായി രംഗത്ത് എത്തി. ആനന്ദിനെതിരെ ഗ്രാന്‍ഡ്മാസ്റ്ററെ പോലെ തനിക്കു കളിക്കാനായത് പുറമേ നിന്നുള്ള സഹായം കിട്ടിയതു കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ വിഷി സാറിനെ പരാജയപ്പെടുത്തിയെന്ന് പലരും കരുതുന്നത് വിഡ്ഢിത്തമാണ്. അത് താന്‍ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ പരാജയപ്പെടുത്തി എന്നു പറയുന്നതിന് സമാനമാണ്. തനിക്ക് കളി വിശകലനം ചെയ്യുന്നവരുടെ സഹായം ലഭിച്ചു. കംപ്യൂട്ടറുകളും ആനന്ദ് സാറും പോലും തന്നെ സഹായിച്ചു എന്നും നിഖില്‍ ട്വീറ്റില്‍ പറഞ്ഞു.
പക്ഷെ ഇതുകൊണ്ട് വിവാദം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങി, ട്വീറ്റിലെ 'ആനന്ദ് സാറും പോലും തന്നെ സഹായിച്ചു' എന്ന ഭാഗത്തിനെതിരെ ആനന്ദിന്റെ മാനേജരും ഭാര്യയുമായ അരുണ രംഗത്ത് എത്തി. അരുണ പറയുന്നത് ഇങ്ങനെ, നിഖിൽ ട്വിറ്ററില്‍ കുറിക്കാന്‍ പോകുന്ന കാര്യം അത് പോസ്റ്റു ചെയ്യുന്നതിനു മുൻപ് ആനന്ദുമായി പങ്കുവച്ചു. ആനന്ദ് പറഞ്ഞത് തന്റെ പേര് ഇതില്‍ ഉള്‍പ്പെടുത്തരുത് എന്നായിരുന്നു. ചെസ്.കോമിലെ ഫെയര്‍ പ്ലേ ടീമിന്റെ തീരുമാനത്തിന് അനുസരിച്ചു നീങ്ങാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. താങ്കള്‍ക്ക് ഇഷ്ടമുള്ളതു പറഞ്ഞ് പ്രശ്‌നം പരിഹരിക്കാം. ഇതിനായി താങ്കള്‍ വ്യക്തിപരമായി നടത്തുന്ന ട്വീറ്റിലേക്ക് എന്റെ പേരു വലിച്ചിഴയ്‌ക്കേണ്ട എന്നായിരുന്നു ആനന്ദിന്റെ നിലപാടെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നു. ഇതോടെ ഈ ട്വീറ്റും വിവാദമായി. എന്തായാലും ആനന്ദിനെ ജയിക്കാന്‍ കുറുക്കുവഴി തെരഞ്ഞെടുത്ത ടെക് കോടീശ്വരന്‍ വെട്ടിലായി.