ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഫോട്ടോയാക്കുന്ന ഉപകരണവുമായി ഇന്ത്യന്‍ വംശജന്‍; അത് പണിയാവില്ലേന്ന് വിമര്‍ശകര്‍
ടെക് ലോകത്ത് വലിയ ചര്‍ച്ചയാവാന്‍ പോകുന്ന വിയറബിള്‍ എഐ ഡിവൈസ് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജന്‍
സാന്‍ ഫ്രാന്‍സിസ്‌കോ: ജീവിതത്തിലെ വിവിധ നിമിഷങ്ങള്‍ ഫോട്ടോകളായി പകര്‍ത്തിയാല്‍ അത് മനോഹരമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ അവയില്‍ ചില ചിത്രങ്ങള്‍ എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ നാം ബുദ്ധിമുട്ടിയാല്‍ പറഞ്ഞുതരാന്‍ ഒരു സഹായിയുണ്ടെങ്കിലോ? അത്തരമൊരു വിയറബിള്‍ എഐ ഡിവൈസ് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ സംരംഭകന്‍. ഐറിസ് എന്നാണ് ഈ ഉപകരണത്തിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഉപകരണത്തെ കുറിച്ച് ഒരു ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു.
ടെക് ലോകത്ത് വലിയ ചര്‍ച്ചയാവാന്‍ പോകുന്ന വിയറബിള്‍ എഐ ഡിവൈസ് കണ്ടെത്തിയിരിക്കുകയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ സംരംഭകന്‍ അദ്വൈദ് പലിവാള്‍. എല്ലാ മിനുറ്റിലും ചിത്രം പകര്‍ത്തുന്ന ഈ ഡിവൈസ് ആ ഡാറ്റ ഉപകരണത്തിനുള്ളില്‍ തന്നെയോ ക്ലൗഡിലോ സൂക്ഷിച്ചുവെക്കും. ജീവിതത്തിലെ ഓരോ നിമിഷവും ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ ഐറിസിലെ ചിത്രങ്ങള്‍ ക്രമീകരിക്കപ്പെടും. ഇങ്ങനെ കാലഘട്ടത്തിനനുസരിച്ച് ക്രമീകരിക്കുക മാത്രമല്ല, ചിത്രങ്ങള്‍ക്ക് എഐ സഹായത്തോടെ ചെറിയ വിവരണം തയ്യാറാക്കാനും ഐറിസിനാകും.
ദിനചര്യകളും ജോലിസ്ഥലത്തെ സുരക്ഷയുമെല്ലാം ഉറപ്പാക്കാനും രോഗികളെയും പ്രായമായവരെയും നിരീക്ഷിക്കാനും ഈ ഉപകരണം സഹായിക്കുമെന്ന് അദ്വൈദ് പരിവാള്‍ പറയുന്നു.
കേംബ്രിഡ്‌ജിലെ ഓഗ്‌മെന്‍റേഷന്‍ ലാബിലാണ് ഈ ഡിവൈസ് ഡിസൈന്‍ ചെയ്തത്. ഇതിന് ശേഷം മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മീഡിയ ലാബിള്‍ അവതരിപ്പിച്ചു. അവിടെ അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് എക്‌സ് അക്കൗണ്ടിലൂടെ അദ്വൈദ് പലിവാള്‍ ഐറിസ് ഉപകരണം അവതരിപ്പിച്ചത്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ഐറിന് എക്‌സില്‍ ലഭിച്ചത്. ആളുകളുടെ സ്വകാര്യതയെ ഈ ഉപകരണം ലംഘിക്കുമോ എന്ന ചോദ്യം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഈ ചോദ്യവുമായി നിരവധി കമന്‍റുകള്‍ ട്വീറ്റിന് താഴെ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം