India to introduce e-passport : ചിപ്പുള്ള പാസ്പോര്‍ട്ട് ഇറക്കാന്‍ ഇന്ത്യ; സവിശേഷതകള്‍ ഇങ്ങനെ
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ പാസ്പോര്‍ട്ട് ഇറക്കുക.
ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇ-പാസ്പോര്‍ട്ടിന്‍റെ (e-passport) പുതിയ ഫീച്ചറുകള്‍ അടക്കം വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
പാസ്പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങുന്ന മൈക്രോചിപ്പാണ് ഇ-പാസ്പോര്‍ട്ടിന്‍റെ മുഖ്യ ആകര്‍ഷണം. രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് ഇത് വഴിവയ്ക്കും എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ (ICAO) മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ പാസ്പോര്‍ട്ട് ഇറക്കുക. നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ ആയിരിക്കും ഇവ പ്രിന്‍റ് ചെയ്യുക. ഇ-പാസ്പോര്‍ട്ടും സാധാരണ പാസ്പോര്‍ട്ടും തമ്മില്‍ എന്താണ് വ്യത്യാസം എന്നത് പ്രധാന ചോദ്യമാണ്. അതിന് പ്രധാന ഉത്തരം അതില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് തന്നെയാണ്. ഇതില്‍ പാസ്പോര്‍ട്ട് ഉടമയെ സംബന്ധിച്ച ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടും.
ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഒരുക്കും. ചിപ്പുള്ള പാസ്‌പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാകും. ചിപ്പിന്റെ സവിശേഷതകളില്‍ മുഖ്യം അതിന്റെ റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) മൈക്രോചിപ്പ് തന്നെയാണ്.
ബയോമെട്രിക് ഡേറ്റ അടക്കം അടങ്ങുന്ന ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡേറ്റ എടുത്തേക്കാനുള്ള സാധ്യത കുറയ്ക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടമായി നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും 20,000 ഇ-പാസ്‌പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഇത് വിജയകരമായാല്‍ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ലഭ്യമാക്കും