ഐഫോണെടുത്ത് ആരേലും പണിയുമെന്ന പേടി വേണ്ട; ഐഒഎസ് 18ല്‍ ആപ്പുകള്‍ ലോക്കും ഹൈഡും ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

ഐഒഎസ് 18 ഉപയോഗിക്കുന്ന ഐഫോണുകളില്‍ എങ്ങനെയാണ് ആപ്പുകള്‍ ലോക്ക് ചെയ്യേണ്ടതും ഹൈഡ് ചെയ്യേണ്ടതും എന്ന് നോക്കാം

How to lock apps on iOS 18 How to hide apps on iOS 18

തിരുവനന്തപുരം: ആപ്പിള്‍ ഐഫോണുകള്‍ക്കുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18 അവതരിപ്പിച്ചിരിക്കുകയാണ്. ഐഒഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌‌ഡേറ്റ് എന്ന് വിശേഷിപ്പിക്കുന്ന ഐഒഎസ് 18ല്‍ ആപ്പുകള്‍ സുരക്ഷയോടെ സംരക്ഷിക്കാനുള്ള ഫീച്ചറുകളുണ്ട്. 

ഐഒഎസ് 18 ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഐഫോണുകളിലെ ആപ്പുകള്‍ ലോക്ക് ചെയ്ത് സൂക്ഷിക്കുകയും ഹൈഡ് ചെയ്യുകയുമാകാം. വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ 'ലോക്ക്‌ഡ് ആന്‍ഡ് ഹിഡന്‍ ആപ്പ്' ഫീച്ചര്‍ സഹായിക്കും. ആപ്പിനുള്ളിലെ ഉള്ളടക്കം മാത്രമല്ല, നോട്ടിഫിക്കേഷനും ഇങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം. ഏതെങ്കിലുമൊരു ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യുകയോ ഹിഡന്‍ ചെയ്യുകയോ ചെയ്‌താല്‍ അതിലെ മെസേജും ഇ-മെയിലും പോലുള്ള ഉള്ളടക്കത്തിനൊപ്പം അവയുടെ നോട്ടഫിക്കേഷനുകളും മറയ്ക്കപ്പെടും. ഇവ സെര്‍ച്ച് ചെയ്‌തോ നോട്ടിഫിക്കേഷനില്‍ നിന്നോ മൊബൈലിലെ ഏതെങ്കിലും ഭാഗത്ത് നിന്നോ കണ്ടെത്താനാവില്ല. ഇങ്ങനെ ലോക്ക് ചെയ്‌ത് വച്ചിരിക്കുന്ന ആപ്പുകള്‍ മറ്റാരെങ്കിലും തുറക്കാന്‍ ശ്രമിക്കുമോ എന്ന ഭയവും വേണ്ട. ലോക്ക് ചെയ്യപ്പെട്ട ആപ്പ് തുറക്കാന്‍ ഫേസ് ഐഡിയോ പാസ്‌വേഡോ നല്‍കേണ്ടതുണ്ട്. 

എങ്ങനെ ഒരു ആപ്പ് ലോക്ക് ചെയ്യാം

ഐഒഎസ് 18 ഉപയോഗിക്കുന്ന ഐഫോണുകളില്‍ എങ്ങനെയാണ് ആപ്പുകള്‍ ലോക്ക് ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിനായി ആപ്പില്‍ ലോംഗ് പ്രസ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിന് ശേഷം റിക്വയര്‍ ഫേസ് ഐഡിയില്‍ ടാപ് ചെയ്യുക. വീണ്ടും ഇതേ ഓപ്ഷനില്‍ ടാപ് ചെയ്യുക. ഇങ്ങനെ ചെയ്‌തുകഴിഞ്ഞാല്‍ പിന്നീട് ഓരോ വട്ടവും ഈ ആപ്പ് തുറക്കണമെങ്കില്‍ ഫേസ്‌ ഐഡിയോ പാസ്‌വേഡോ സമര്‍പ്പിക്കണം. എന്നാല്‍ ഫോണിലെ എല്ലാ ആപ്പുകളും ഇങ്ങനെ ലോക്ക് ചെയ്യാനാവില്ല. മെസേജ് ആപ്പും തേഡ്-പാര്‍ട്ടി ആപ്പുകളും ലോക്ക് ചെയ്‌ത് സൂക്ഷിക്കാന്‍ സാധിക്കും. 

എങ്ങനെ ഒരു ആപ്പ് ഹൈഡ് ചെയ്യാം 

ഐഒഎസ് 18ല്‍ ആപ്പുകള്‍ ഹൈഡ് ചെയ്യാനും ചില സെറ്റിംഗ്സുകള്‍ ചെയ്യേണ്ടതുണ്ട്. ഈ ഓപ്ഷനും എല്ലാ ആപ്ലിക്കേഷനുകളിലും ലഭ്യമല്ല. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ തേഡ്-പാര്‍ട്ടി ആപ്പുകള്‍ ഹൈഡ് ചെയ്യാനാകുന്നുണ്ട്. ഒരു ആപ്പിന്‍റെ ഐക്കണില്‍ ലോംഗ് പ്രസ് ചെയ്ത് റിക്വയര്‍ ഫേസ് ഐഡി എന്ന ഓപ്ഷനില്‍ ടാപ് ചെയ്യുക. തുറന്നുവരുന്ന ഹൈഡ് ആന്‍ഡ് റിക്വയര്‍ ഫേസ് ഐഡി എന്ന ഓപ്ഷനില്‍ ടാപ് ചെയ്ത് ആപ്പ് ഹൈഡ് ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios