ലോക്ക്ഡൌണില്‍ വലവിരിച്ച് 'ഹോട്ട് ആപ്പുകള്‍'; ശ്രദ്ധിച്ചില്ലെങ്കില്‍ ധനവും മാനവും നഷ്ടം; മുന്നറിയിപ്പ്
പലരുടെയും സോഷ്യൽ മീഡിയ പേജുകളിൽ പരസ്യം എന്ന നിലയിലാണ് ഈ സൈബർ കെണി ആപ്പുകൾ ആദ്യം പ്രത്യക്ഷപ്പെടുക. നിങ്ങളുടെ പ്രദേശത്തുള്ള പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താം, 24 മണിക്കൂര്‍ സൗജന്യ ചാറ്റിംഗ്, സംസാരിക്കാൻ താൽപ്പര്യമുള്ള വീട്ടമ്മമാർ... അർദ്ധ നഗ്നമായതോ ഗ്ലാമറസായതോ ആയ ഫോട്ടോയ്ക്കൊപ്പം ഇത്തരം വാചകങ്ങളോടെയാണ് പരസ്യം പ്രത്യക്ഷപ്പെടുക.
തിരുവനന്തപുരം കൊവിഡ് ലോക്ക്ഡൗൺ കാലം വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകൾ വർദ്ധിച്ചെന്നാണ് വിവിധ സൈബർ സുരക്ഷ പഠനങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. വീണ്ടും രാജ്യവും സംസ്ഥാനവും ഇത്തരം ഒരു ലോക്ക്ഡൗണിലൂടെ കടന്നുപോകുമ്പോൾ സൈബർ തട്ടിപ്പിന്റെയും, പണം തട്ടിപ്പിന്റെ പുതിയ രൂപങ്ങളാണ് ഉടലെടുക്കുന്നത്. ഇതിൽ പ്രധാനം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്ന ഹോട്ട് ആപ്പുകളാണ്. ശരിക്കും സൈബർ ഹണി ട്രാപ്പാണ് ഇത്തരം ആപ്പുകൾ എന്നാണ് സൈബർ വിദഗ്ധരും പൊലീസും നൽകുന്ന മുന്നറിയിപ്പ്.
പലരുടെയും സോഷ്യൽ മീഡിയ പേജുകളിൽ പരസ്യം എന്ന നിലയിലാണ് ഈ സൈബർ കെണി ആപ്പുകൾ ആദ്യം പ്രത്യക്ഷപ്പെടുക. നിങ്ങളുടെ പ്രദേശത്തുള്ള പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താം, 24 മണിക്കൂര്‍ സൗജന്യ ചാറ്റിംഗ്, സംസാരിക്കാൻ താൽപ്പര്യമുള്ള വീട്ടമ്മമാർ... അർദ്ധ നഗ്നമായതോ ഗ്ലാമറസായതോ ആയ ഫോട്ടോയ്ക്കൊപ്പം ഇത്തരം വാചകങ്ങളോടെയാണ് പരസ്യം പ്രത്യക്ഷപ്പെടുക. മുൻപ് ഹിന്ദിയിലും മറ്റും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ കൂടുതൽ പ്രദേശികമായി തന്നെ ഇത്തരം സൈബർ കെണികൾ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇത്.
ആദ്യഘട്ടത്തിൽ ഈ പരസ്യത്തിൽ വീഡിയോ കോളും,ചാറ്റും പ്രതീക്ഷിച്ച് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ചെയ്ത വ്യക്തിയുടെ ഫോണിലുള്ള സകല വിവരങ്ങളും ചോർന്നേക്കും. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്ലിക്കേഷനിലൂടെ പണം തട്ടിയെടുക്കൽ, നമ്മുടെ വ്യക്തിപരമായി ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടൽ തുടങ്ങിയ സംഭവങ്ങളിലേക്ക് ഇത് നയിക്കുന്നു.
ചാറ്റിംഗ് നടത്തി നഗ്നചിത്രങ്ങള്‍ വാങ്ങി ബ്ലാക്ക് ചെയ്യലുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഫോൺ സുരക്ഷയെക്കുറിച്ച് നിരക്ഷരരായ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രദേശിക ഭാഷയില്‍ പരസ്യം ചെയ്യുന്നത് എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona