ക്രിപ്റ്റോ വാലറ്റിന്റെ പാസ്വേഡ് ഉടമ മറന്നു, 11 വർഷത്തിന് ശേഷം ഹാക്കറുടെ കനിവില്‍ തുറന്ന് കിട്ടിയത് കോടികൾ
അക്കാലത്ത് വലിയ മൂല്യം ബിറ്റ് കോയിന് ഇല്ലാത്തതിനാൽ ഉടമ അതിന് പിന്നാലെ പോകാനും ശ്രമിച്ചില്ല. എന്നാൽ അടുത്തിടെ ബിറ്റ്കോയിന്റെ മൂല്യം 20000 ശതമാനത്തിലേറെ വർധിച്ചതോടെയാണ് വാലറ്റ് വീണ്ടെടുക്കണമെന്ന് ഉടമ തീരുമാനിക്കുന്നത്.
ലണ്ടൻ: ഹാക്കിംഗ് മുഖേന അക്കൌണ്ടിലുണ്ടായിരുന്ന പണം നഷ്ടമായ കഥ നിരവധിപ്പേർക്ക് പറയാനുണ്ടായവും എന്നാൽ ഹാക്കിംഗിലൂടെ 3 ദശലക്ഷം യുഎസ് ഡോളർ വിലവരുന്ന ക്രിപ്റ്റോ കറൻസി വീണ്ടുകിട്ടിയ സമാധാനത്തിലാണ് യൂറോപ്പ് സ്വദേശിയായ ഒരു കോടീശ്വരൻ. കിംഗ്പിൻ എന്ന പേരിൽ ഹാക്കർമാരുടെ ഇടയിൽ അറിയപ്പെടുന്ന ഇലക്ട്രിക്കൽ എൻജിനിയറായ ജോ ഗ്രാൻഡിന്റെ വീഡിയോയാണ് ഹാക്കിംഗിലൂടെ നഷ്ടമായെന്ന് കരുതിയ പണം തിരികെ പിടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 11 വർഷം മുൻപ് സൃഷ്ടിച്ച ക്രിപ്റ്റോ കറൻസി വാലെറ്റിന്റെ പാസ്വേഡാണ് പേര് വിശദമാക്കാത്ത അജ്ഞാതൻ മറന്ന് പോയത്.
43.6 ബിറ്റ്കോയിൻ (ഏകദേശം 245779936 രൂപ) ആയിരുന്നു ഈ വാലെറ്റിലുണ്ടായിരുന്നത്. 2013 മുതൽ പാസ്വേഡ് മറന്ന് പോയത് മൂലം ഇടപാടുകളൊന്നും നടത്താൻ ആവാത്ത നിലയിലായിരുന്നു അക്കൌണ്ടിന്റെ ഉടമയുണ്ടായിരുന്നത്. പാസ്വേഡ് സൂക്ഷിച്ച് വച്ചിരുന്ന ടെക്സ്റ്റ് ഫയൽ കറപ്ട് ആയതോടെയാണ് ഉടമ വിഷമസന്ധിയിലായത്. അക്കാലത്ത് വലിയ മൂല്യം ബിറ്റ് കോയിന് ഇല്ലാത്തതിനാൽ ഉടമ അതിന് പിന്നാലെ പോകാനും ശ്രമിച്ചില്ല. എന്നാൽ അടുത്തിടെ ബിറ്റ്കോയിന്റെ മൂല്യം 20000 ശതമാനത്തിലേറെ വർധിച്ചതോടെയാണ് വാലറ്റ് വീണ്ടെടുക്കണമെന്ന് ഉടമ തീരുമാനിക്കുന്നത്.
ഇതിന് പിന്നാലെയാണ് ഇയാൾ കിംഗ്പിന്നിനെ സമീപിക്കുന്നത്. തുടക്കത്തിൽ വിമുഖത കാണിച്ചെങ്കിലും വാലെറ്റ് ഉടമയെ സഹായിക്കാമെന്ന് ഹാക്കർ തീരുമാനിക്കുകയായിരുന്നു. അമേരിക്കൻ സുരക്ഷാ ഏജൻസിയായ എൻഎസ്എ രൂപീകരിച്ച റിവേഴ്സ് എൻജിനിയറിംഗ് ടൂൾ ഉപയോഗിച്ചാണ് പാസ്വേഡ് വീണ്ടെടുത്തത്. ക്രിപ്റ്റോ കറൻസി വാലെറ്റുകളിലെ ചില മാനദണ്ഡങ്ങൾ പാസ്വേഡ് മറന്ന് പോയാൽ വാലറ്റ് ഉടമയ്ക്ക് പോലും വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്നാണ് കിംഗ്പിൻ വിശദമാക്കുന്നത്. ക്രിപ്റ്റോ കറൻസിയുടെ പാസ്വേഡ് റോബോഫോം ക്രിയേറ്റ് ചെയ്ത ക്രമം കണ്ടെത്തിയതാണ് ജോ ഗ്രാൻഡിന് സഹായകമായത്.
പത്ത് വയസ് മുതൽ ഹാക്കിംഗ് രംഗത്തുള്ള ജോ ഗ്രാൻഡ് 2008ൽ ഡിസ്കവറി ചാനലിന്റെ പ്രോട്ടോടൈപ്പ് എന്ന ഷോയിലും പങ്കെടുത്തിരുന്നു. നേരത്തെ 2022ലും ഒരാൾക്ക് ക്രിപ്റ്റോകറൻസി വാലറ്റ് അക്കൌണ്ടിന്റെ മറന്ന് പോയ പാസ്വേഡ് വീണ്ടെടുത്ത് നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം