5ജി നടപ്പിലാക്കുമ്പോള്‍ ചൈനീസ് കമ്പനികള്‍ വേണോ; 'കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല'
രാജ്യത്തെ ആശയവിനിമയ നെറ്റ്‌വര്‍ക്കുകളില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: രാജ്യത്ത് 5ജി നടപ്പിലാക്കുമ്പോള്‍ ചൈനീസ് കമ്പനികളെ അതിന്‍റെ ഭാഗമാക്കണോ എന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ ടെലികോം രംഗത്ത് ചൈനീസ് സാന്നിധ്യം പരിധിക്കും അപ്പുറമാണ് എന്നാണ് വിലയിരുത്തല്‍ എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തൂ.
രാജ്യത്തെ ആശയവിനിമയ നെറ്റ്‌വര്‍ക്കുകളില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. 5ജിയുടെ കാര്യത്തില്‍ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാണ് അത് അനുവദിക്കുക എന്നതും, ആര്‍ക്കൊക്കെ സമ്മതം നല്‍കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം നാഷണല്‍ ഡിഫന്‍സ് കോളേജ് സംഘടിപ്പിച്ച വെബിനീറില്‍ പറഞ്ഞു.
നിലവിലുള്ള ചൈനമയമായ സംവിധാനങ്ങള്‍ക്ക് പകരംവയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവ പൊടുന്നനെ എടുത്തുമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാരിന് ടെലികോം മേഖലയില്‍ ചില പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതു തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാജ്യത്ത് 5ജി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളുടെ ലിസ്റ്റില്‍ നിന്ന് വാവെയ് അടക്കമുള്ള ചൈനീസ് കമ്പനികളെ അമേരിക്ക നിരോധിച്ചു. നേരത്തെ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദും സുരക്ഷ കാരണങ്ങളാല്‍ ചൈനീസ് കമ്പനികളെ ഒഴിവാക്കി 5ജി രാജ്യത്ത് നടപ്പിലാക്കുന്ന കാര്യം ഗൌരവമായി ആലോചിക്കുന്നതായി സൂചിപ്പിച്ചിരുന്നു.