Indian OS : ആന്‍ഡ്രോയിഡും, ഐഒഎസും അല്ല, മെയ്ഡ്-ഇന്‍-ഇന്ത്യ ഒഎസ് വരുമെന്ന് കേന്ദ്രസര്‍ക്കാര്‍

Indian OS :  ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു നയം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

Government Considering Developing Indian OS for Mobiles: Union Minister

പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഹാന്‍ഡ്സെറ്റുകള്‍ക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (Operating System) ഉണ്ടാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഗൂഗിളിന്റെ (Google) ആന്‍ഡ്രോയിഡിനും ആപ്പിളിന്റെ ഐഒഎസിനും (IOS) ബദലായി തദ്ദേശീയമായാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക. ഇക്കാര്യം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar) പാര്‍ലമെന്‍റിനെയാണ് അറിയിച്ചത്. 

ഇത്തരമൊരു ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു നയം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയുടെ ആധിപത്യവും ഹാര്‍ഡ്വെയറിലെ തുടര്‍ന്നുള്ള നിയന്ത്രണവും ചൂണ്ടിക്കാട്ടി, 'മൂന്നാമതൊന്ന് ഇല്ല' എന്ന് പരാമര്‍ശിച്ച മന്ത്രി, രാജ്യത്തിന്റെ ആവാസവ്യവസ്ഥയില്‍ 'ചില യഥാര്‍ത്ഥ കഴിവുകള്‍' കണ്ടെത്തിയാല്‍, ആ മേഖല വികസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വളരെയധികം താല്‍പ്പര്യമുണ്ടാകും എന്നു വ്യക്തമാക്കി.

ഇത്തരം ഒരു ഒഎസ് ഉണ്ടാക്കിയാല്‍ അത് ഇന്ത്യയില്‍ മാത്രമാണോ ഉപയോഗിക്കുക എന്ന കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്‍റെ ചോദ്യത്തിനും മന്ത്രി ഉത്തരം നല്‍കി. തദ്ദേശീയമായി ഉണ്ടാക്കുന്ന ഒരു സോഫ്റ്റ് വെയറിന്‍റെയും കയറ്റുമതി സാധ്യത രാജ്യം തടയാറില്ലെന്നാണ് മന്ത്രി ഉത്തരം നല്‍കിയത്. 

കഴിഞ്ഞ ജനുവരിയിലും ഇന്ത്യന്‍ ഒഎസ് എന്ന ആശയം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചിരുന്നു, പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ധാരാളമായിരുന്നുവെങ്കിലും ഇന്ത്യന്‍ ലക്ഷ്യം ഇപ്പോഴും വളരെ അകലെയാണ്. ബ്ലാക്ക്ബെറി ഒഎസും സിംബിയനും പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു പുതിയ ഒഎസ് സൃഷ്ടിച്ച് അത് പ്രവര്‍ത്തിപ്പിക്കുന്നതിന്, ഹാര്‍ഡ്വെയറിലേക്കും വ്യാപിക്കുന്ന വിപുലമായ ഒരു പ്ലാന്‍ ആവശ്യമാണ്. 

പ്രധാന ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ ഇത് സ്വീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അത് വിജയകരമാകു. എന്നാല്‍, ഓരോ പ്രമുഖ ഉല്‍പ്പന്ന വിഭാഗത്തിലും ആഭ്യന്തര ചാമ്പ്യന്മാരെ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഹാര്‍ഡ്വെയര്‍ ഭാഗത്ത്, 2026-ഓടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മ്മാണം 300 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 22.5 ലക്ഷം കോടി രൂപ) മൂല്യത്തിലേക്ക് കൊണ്ടുവരാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നു. വ്യവസായ സ്ഥാപനമായ ഐസിഇഎ തയ്യാറാക്കി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിന്റെ രണ്ടാം വാല്യത്തിലാണ് ഈ ലക്ഷ്യം സൂചിപ്പിച്ചിരിക്കുന്നത്. അടുത്തിടെ. നിലവില്‍ 75 ബില്യണ്‍ ഡോളറാണ് (ഏകദേശം 5 ലക്ഷം കോടി രൂപ) ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം.

രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള റോഡ്മാപ്പും രേഖയില്‍ വിശദമാക്കുന്നു. ഇന്ത്യ നിലവില്‍ 15 ബില്യണ്‍ ഡോളറിന്റെ അഥവാ ഒരു ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്‌സ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2026-ഓടെ ഇത് ഒമ്പത് മടങ്ങ് വര്‍ധിപ്പിച്ച് 120 ബില്യണ്‍ ഡോളറായി (ഏകദേശം 9 ലക്ഷം കോടി രൂപ) ഉയര്‍ത്താനാണ് സര്‍ക്കാരും ഐസിഇഎയും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 'ഇതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം,' ചന്ദ്രശേഖര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios