ഇന്ധനം ലാഭിക്കാം, മൈലേജ് കൂട്ടാം; പുതിയ ഫ്യുവൽ സേവ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്, ഇന്ത്യയിലുമെത്തി
അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവൽ ഫീച്ചർ ആരംഭിച്ചത്. ഇപ്പോഴാണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്
വഴി ചോദിച്ച് ചോദിച്ച് പോയിക്കൊണ്ടിരുന്ന രീതിക്ക് ബ്രേക്കിട്ട ടെക് ലോകത്തെ വിപ്ലവമായിരുന്നു ഗൂഗിൾ മാപ്സ്. ഏത് പാതിരാത്രിയിലും മാപ്പിട്ട് എവിടെയും പോകാനാകും. പക്ഷേ ചില സമയത്ത് മാപ്പ് പണി തരാറുമുണ്ട്. നിലവിൽ മാപ്പില്‍ പുതിയൊരു അപ്ഡേറ്റെത്തിയിട്ടുണ്ട്. ‘സേവ് ഫ്യുവൽ’ എന്നാണ് ഫീച്ചറിന്റെ പേര്. പേര് പോലെ കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ.
അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവൽ ഫീച്ചർ ആരംഭിച്ചത്. ഇപ്പോഴാണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സേവ് ഫ്യൂവല്‍ എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ ഉപഭോഗം കണക്കാക്കി കാണിക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടർന്ന് ഏറ്റവും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും.
ഗൂഗിൾമാപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.ശേഷം സെറ്റിങ്സിൽ നാവിഗേഷൻ തിരഞ്ഞെടുക്കണം. “റൂട്ട് ഓപ്ഷനുകൾ” കണ്ടെത്തി ഇന്ധന ക്ഷമതയുള്ള റൂട്ട് തെരഞ്ഞെടുക്കാവുന്നതാണ്. നിർദേശങ്ങൾ മികച്ചതാക്കാൻ വാഹനത്തിന്‍റെ എഞ്ചിൻ ഏത് എന്നതിന് കീഴിൽ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ എന്നത് വ്യക്തമാക്കുക. നമ്മുടെ വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം സംബന്ധിച്ച് ഇൻപുട്ട് നല്കാനും അതിലൂടെ വിവരങ്ങൾ അറിയാനുമുള്ള ഓപ്ഷൻ ഈ ഫീച്ചറിലുണ്ട്. അത് പ്രയോജനപ്പെടുത്താവുന്നതാണ്. പെട്രോളിന്റെ വ്യാപകമായ ഉപയോഗം കാരണം പെട്രോളിനെ ഡിഫോൾട്ട് എഞ്ചിൻ ചോയിസായാണ് ഗൂഗിൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം