Asianet News MalayalamAsianet News Malayalam

മലയാളത്തിലും ചാറ്റ്‌ബോട്ടിന്‍റെ സഹായം തേടാം; ഗൂഗിള്‍ ജെമിനി ആപ്പ് ഇന്ത്യയില്‍

സൂപ്പർചാർജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്‍റിന് സമാനമാണ് ജെമിനി ആപ്ലിക്കേഷന്‍

Google launches Gemini mobile app in India available in Malayalam
Author
First Published Jun 18, 2024, 1:36 PM IST | Last Updated Jun 18, 2024, 1:41 PM IST

ദില്ലി: ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ 'ജെമിനി' മൊബൈല്‍ ആപ്ലിക്കേഷനായി ഇന്ത്യയിലെ സ്‌മാര്‍ട്ട്‌ഫോണുകളിലെത്തി. ഇംഗ്ലീഷും മലയാളവും അടക്കം 10 ഭാഷകളില്‍ ജെമിനി ചാറ്റ്‌ബോട്ടിന്‍റെ സേവനം ലഭ്യമാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ജെമിനി ആപ്പ് ഉടന്‍ എത്തും എന്നും ഗൂഗിള്‍ അറിയിച്ചു. ടൈപ്പ് ചെയ്‌തോ ശബ്‌ദസന്ദേശത്തിലൂടെയോ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ജെമിനി ചാറ്റ്‌ബോട്ടിന്‍റെ സഹായം തേടാം. 

ഗൂഗിളിന്‍റെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടാണ് ജെമിനി. സൂപ്പർചാർജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്‍റിന് സമാനമാണ് ജെമിനി ആപ്ലിക്കേഷന്‍. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാന്‍ ഉറപ്പിച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചത്. ഇപ്പോള്‍ ജെമിനിയുടെ ആന്‍ഡ്രോയ്‌ഡ് ആപ്പും പുറത്തുവന്നിരിക്കുന്നു. ഗൂഗിളിന്‍റെ ഏറ്റവും നവീനമായ എഐ സാങ്കേതികവിദ്യ ജെമിനി ആപ്പും ജെമിനി അഡ്വാന്‍സ്‌ഡും നല്‍കും എന്നാണ് വാഗ്ദാനം. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു, ഉറുദു ഭാഷകളില്‍ ജെമിനി ഉപയോഗിക്കാം. ജെമിനി അഡ്വാന്‍സ്‌ഡ് ആപ്പില്‍ ഡാറ്റ അനാലിസിസും ഫയല്‍ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനി ആപ്പ് ഗൂഗിള്‍ പുറത്തിറക്കി. 

ജെമിനി ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കിയ വിവരം ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) അറിയിച്ചത്. 'ആകാംക്ഷ നിറയ്ക്കുന്ന വാര്‍ത്ത, ഇന്ന് ജെമിനി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ പുറത്തിറക്കുകയാണ്. ഇംഗ്ലീഷിലും മറ്റ് 9 ഇന്ത്യന്‍ ഭാഷകളിലും ഈ ആപ് ലഭ്യമാണ്. ജെമിനി അഡ്വാന്‍സ്‌ഡില്‍ പ്രാദേശിക ഭാഷകള്‍ കൂടി ചേര്‍ക്കുകയാണ്' എന്നും സുന്ദര്‍ പിച്ചൈ ട്വീറ്റില്‍ കുറിച്ചു. ജെമിനിയില്‍ അപ്‌ലോഡ് ചെയ്യുന്ന ഫയലുകള്‍ സുരക്ഷിതമായിരിക്കുമെന്നും അവ ഉപയോഗിച്ച് എഐ മോഡലുകള്‍ക്ക് ട്രെയിനിംഗ് നല്‍കില്ല എന്നും ജെമിനി എക്‌സ്‌പീരിയന്‍സസ് എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് അമര്‍ സുബ്രമണ്യ ബ്ലോഗ് പോസ്റ്റില്‍ അവകാശപ്പെട്ടു. ജെമിനി എത്രത്തോളം പ്രൈവസി ഉറപ്പുവരുത്തും എന്ന ആശങ്കകള്‍ നാളുകളായുണ്ട്. 

Read more: എട്ടിന്‍റെ പണി കിട്ടാതെ നോക്കണേ; ആൻഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ഗൂഗിള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios