ഗൂഗിള്‍ പ്ലസ് അവസാനിപ്പിച്ചു; ആപ്പിനെ ഗൂഗിള്‍ കറന്‍റ്സ് ആക്കി മാറ്റി
ഗൂഗിള്‍ കറന്‍റ്സ് പുതിയ ഇന്റര്‍ഫെയ്‌സും പുതിയ ചില ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. ഹോം സ്‌ക്രീനില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താം.
ഗൂഗിള്‍ പ്ലസ് സേവനം ഗൂഗിള്‍ പൂര്‍ണമായും നിർത്തലാക്കുന്നതായി റിപ്പോർട്ട്. ഫെയ്‌സ്ബുക്കിന്റെ എതിരാളിയായിയാണ് ഗൂഗിള്‍ പ്ലസ് എത്തുന്നത്. എന്നാൽ, ഗൂഗിളിന്റെ ലക്ഷ്യം വിജയംകണ്ടില്ല. സാധാരണ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗിള്‍ പ്ലസ് നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ പ്ലസിന്റെ എന്റര്‍പ്രൈസ് പതിപ്പും പിന്‍വലിക്കുന്നതോടെ ഗൂഗിള്‍ പ്ലസ് സേവനം പൂർണമായി വിടപറയുകയാണ്.
ഇതിന് പകരമായി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന സേവനമാണ് ഗൂഗിള്‍ കറന്‍റ്സ്. ഗൂഗിള്‍ പ്ലസിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ കറന്‍റ്സ് എന്ന് പേരില്‍ അവതരിപ്പിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആണ് നിലവില്‍ ഗൂഗിള്‍ കറന്‍റ്സ് അവതിരിപ്പിച്ചിരിക്കുന്നത്. സ്ഥാപനത്തിനുള്ളിലെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ ആണ് ഇതിന്റെ ഉദ്ദേശം. ഇത് സാധാരണ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
ഗൂഗിള്‍ കറന്‍റ്സ് പുതിയ ഇന്റര്‍ഫെയ്‌സും പുതിയ ചില ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. ഹോം സ്‌ക്രീനില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താം. പ്രാധാന്യം അനുസരിച്ച് പോസ്റ്റുകള്‍ ക്രമീകരിക്കുകയും ദൃശ്യമാക്കുകയും ചെയ്യാവുന്നതാണ്. 2011-ല്‍ ആണ് ഗൂഗിള്‍ പ്ലസ് അവതരിപ്പിച്ചത്. എന്നാൽ, ഒരു സോഷ്യല്‍ മീഡിയ എന്ന രീതിയില്‍ ആരും തന്നെ ഗൂഗിള്‍ പ്ലസ് പ്രയോജനപ്പെടുത്തിയിരുന്നില്ല. 2019 ഏപ്രിലില്‍ ആണ് ഉപയോക്താക്കള്‍ക്കുള്ള ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തലാക്കുന്നത്.
ഗൂഗിള്‍ കറന്റ്‌സിലും ഗൂഗിള്‍ പ്ലസിനെ പോലെതന്നെ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകളില്‍ കമന്റ് ചെയ്യാനും പോസ്റ്റുകളിലൂടെ ചോദ്യങ്ങള്‍ ചോദിക്കാനും അഭിപ്രായം പങ്കുവെക്കാനും കഴിയും. ടാഗുകളും വിഷയങ്ങളും ആളുകള്‍ക്ക് ഫോളോ ചെയ്യാനാവും. ഓരോ പോസ്റ്റുകളുടേയും പ്രചാരം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്.