Asianet News MalayalamAsianet News Malayalam

മണ്ടന്‍ ഉത്തരങ്ങള്‍ക്ക് വിട? 'എഐ ഓവര്‍വ്യൂസ്' ഇന്ത്യയിലും എത്തി

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ചെറിയ വിവരണവും ഹൈപ്പര്‍ ലിങ്കുകളും സെര്‍ച്ച് ഫലങ്ങളില്‍ ഏറ്റവും മുകളിലായി കാണും

Google expands AI Overviews for search queries in 6 new countries including India
Author
First Published Aug 18, 2024, 3:34 PM IST | Last Updated Aug 18, 2024, 3:37 PM IST

ന്യൂയോര്‍ക്ക്: ഒറ്റ ക്ലിക്കില്‍ സെര്‍ച്ച് ഫലങ്ങളുടെ സംഗ്രഹം ലഭ്യമാക്കുന്ന 'എഐ ഓവര്‍വ്യൂസ്' ആറ് രാജ്യങ്ങളില്‍ കൂടി അവതരിപ്പിച്ച് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍. അമേരിക്കയില്‍ അവതരിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ എഐ ഓവര്‍വ്യൂസ് എത്തിയിരിക്കുന്നത്. 

ഇപ്പോള്‍ ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മെക്‌സിക്കോ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് എഐ ഓവര്‍വ്യൂസ് എത്തിയിരിക്കുന്നത്. ഇംഗ്ലീഷിന് പുറമെ പോര്‍ച്ചുഗീസ്, ഹിന്ദി എന്നീ ഭാഷകളിലും എഐ ഓവര്‍വ്യൂസ് ഫലങ്ങള്‍ ലഭ്യമാണ്. എന്തെങ്കിലും വിഷയത്തെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ചെറിയ വിവരണവും ഹൈപ്പര്‍ ലിങ്കുകളും സെര്‍ച്ച് ഫലങ്ങളില്‍ ഏറ്റവും മുകളിലായി കാണിക്കുന്ന സംവിധാനമാണ് എഐ ഓവര്‍വ്യൂസ്. അതായത്, 'സയന്‍സ്' എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യ ഫലമായി തന്നെ ഈ എഐ നിര്‍മിത വിവരണം ലഭ്യമാകും. മുമ്പ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ലഭിച്ചിരുന്ന സെര്‍ച്ച് റിസല്‍റ്റുകള്‍ പുതിയ രീതിയില്‍ ഈ എഐ ഓവര്‍വ്യൂസിന് താഴെയായാണ് വരിക. 

Google expands AI Overviews for search queries in 6 new countries including India

എഐ ഓവര്‍വ്യൂസ് ആയി വരുന്ന സെര്‍ച്ച് ഫലത്തിന്‍റെ കൂടെയായി നിരവധി ഹൈപ്പര്‍ ലിങ്കുകള്‍ കാണാം. ഇവയില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമായ ഫലത്തെ കുറിച്ച് വിശദമായി അറിയാന്‍ കഴിയും. സെര്‍ച്ച് ഫലം ഓഡിയോ രൂപത്തില്‍ കേള്‍ക്കാനുള്ള സംവിധാനവുമുണ്ട്. എഐ ഓവര്‍വ്യൂ ഫലത്തിന്‍റെ വലത് വശത്തായി സെര്‍ച്ച് വിഷയവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ ആഡ് ചെയ്തിരിക്കുന്നതും കാണാം. ഇതോടെ ഏറ്റവും പ്രധാനപ്പെട്ട വെബ്സൈറ്റുകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. ആധികാരികമായ വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുക എന്നാണ് അനുമാനം. 

എഐ ഓവര്‍വ്യൂസ് അമേരിക്കയില്‍ ഗൂഗിള്‍ നേരത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും തെറ്റായ ഫലങ്ങള്‍ എഐ നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെ മുസ്ലീമായി രേഖപ്പെടുത്തി ഫലം നല്‍കിയത് വിവാദമായിരുന്നു. മാത്രമല്ല, പശയെ പിസ്സയുടെ റെസിപ്പിയില്‍ ഉള്‍പ്പെടുത്തി എഐ ഓവര്‍വ്യൂസ് മറുപടി നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ടുകളും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

Read more: സൊമാറ്റോ പഴയ സൊമാറ്റോയല്ല; പാര്‍ട്ടി നടത്തുന്നവര്‍ ഓര്‍ഡര്‍ എടുക്കാന്‍ ഇനി തല പുകയ്‌ക്കേണ്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios