'ഗൂഗിള്‍ പേയുടെ കാര്യത്തില്‍ തീരുമാനം, ജിമെയില്‍ സേവനവും അവസാനിപ്പിക്കുന്നോ?' പ്രതികരിച്ച് ഗൂഗിള്‍
ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേയുടെ സേവനം അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.
ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന പ്രചരണത്തില്‍ പ്രതികരിച്ച് ഗൂഗിള്‍. ജിമെയില്‍ സേവനം അവസാനിപ്പിക്കില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമ്പനി വ്യക്തമാക്കി. ജിമെയില്‍ ഇവിടെ തന്നെ തുടരും എന്നാണ് ഗൂഗിള്‍ കുറിച്ചത്.
'ഗൂഗിളില്‍ നിന്ന് ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച ഇമെയിലില്‍ സേവനം അവസാനിപ്പിക്കുന്നു'വെന്ന് അറിയിച്ചുവെന്നായിരുന്നു പ്രചരണം. ഇതിനൊപ്പം ജിമെയിലിന്റേതെന്ന പേരിലൊരു സ്‌ക്രീന്‍ ഷോട്ടും ഉപയോഗിച്ചാണ് സോഷ്യല്‍മീഡിയകളില്‍ വ്യാജപ്രചരണം നടന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ശേഷം, 'ഇമെയിലുകള്‍ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ശേഖരിക്കുന്നതും ജിമെയില്‍ പിന്തുണയ്ക്കില്ല' എന്ന് ഗൂഗിള്‍ അറിയിച്ചെന്നാണ് സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജിമെയില്‍ നിര്‍ത്തലാക്കുന്നതെന്നും സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു.
ഈ സ്‌ക്രീന്‍ ഷോട്ട് എക്‌സ്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ജിമെയിലിന്റെ എച്ച്ടിഎംഎല്‍ വേര്‍ഷന്‍ കമ്പനി ഈ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു.
അതേസമയം, ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേയുടെ സേവനം അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. അമേരിക്കയില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള ഗൂഗിള്‍ വാലറ്റ് എന്ന ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദ്ദേശം. ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരുമെന്ന് കമ്പനി അറിയിച്ചു.